| Wednesday, 3rd April 2024, 7:34 pm

50 പന്ത് പോലും തികച്ചും എറിയാത്തവനാണ് ഐ.പി.എല്ലിന്റെ 16 വര്‍ഷത്തെ ചരിത്രം തിരുത്തിയത്; പഴയ തീയുണ്ടകളെല്ലാം ഇവന് മുമ്പില്‍ ചാരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ 16 വര്‍ഷത്തെ ചരിത്രം തിരുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ യുവതാരം മായങ്ക് യാദവ്. തന്റെ വേഗവും കൃത്യമായ സൈനും ലെങ്തും കൊണ്ട് ബാറ്റര്‍മാരെ വട്ടം കറക്കിയ ഈ 21കാരന്‍ ഐ.പി.എല്ലിലെ റെക്കോഡും ഇപ്പോള്‍ തകര്‍ത്തിരിക്കുകയാണ്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ 155+ കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനായാണ് മായങ്ക് ചരിത്രം കുറിച്ചിരിക്കുന്നത്.

ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വേള്‍ഡ് ക്ലാസ് താരം ആന്റിക് നോര്‍ക്യ, കശ്മീര്‍ എക്‌സ്പ്രസ് ഉമ്രാന്‍ മാലിക് എന്നിവരെയടക്കം മറികടകന്നാണ് മായങ്ക് ഒന്നാം സ്ഥാനത്തെത്തിയത്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ 155+ കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ താരങ്ങള്‍

മായങ്ക് ഡാഗര്‍ – 3 തവണ* 42 പന്തുകള്‍ / 2 മത്സരം

ഉമ്രാന്‍ മാലിക് – 2 തവണ 493 പന്തുകള്‍ / 26 മത്സരം

ആന്റിക് നോര്‍ക്യ – 2 തവണ 970 പന്തുകള്‍ / 42 മത്സരം

കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിലും മായങ്ക് തന്റെ മാജിക് വ്യക്തമാക്കിയിരുന്നു. മത്സരത്തില്‍ ലഖ്നൗവിന്റെ വിജയശില്‍പിയും ഈ ദല്‍ഹിക്കാരന്‍ തന്നെയായിരുന്നു.

മത്സരത്തില്‍ നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ നിക്കോളാസ് പൂരന്റെ കൈകളിലെത്തിച്ച് മടക്കിയ താരം കാമറൂണ്‍ ഗ്രീനിനെ ക്ലീന്‍ ബൗള്‍ഡാക്കിയും പുറത്താക്കി. രജത് പാടിദാറിനെ ദേവ്ദത്ത് പടിക്കലിന്റെ കൈകളിലെത്തിച്ചാണ് മായങ്ക് പുറത്താക്കിയത്.

ഈ മികച്ച പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുത്തതും മായങ്ക് യാദവിനെയായിരുന്നു. പഞ്ചാബിനെതിരായ ആദ്യ മത്സരത്തിലും പ്ലെയര്‍ ഓഫ് ദി മാച്ച് മായങ്ക് തന്നെയായിരുന്നു.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരത്തെ തേടിയെത്തിയിരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ആദ്യ രണ്ട് മത്സരത്തിലും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് മായങ്ക് നേടിയത്.

അതേസമയം, അടുത്ത മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് സൂപ്പര്‍ ജയന്റ്സും ടീമിന്റെ തുറുപ്പുചീട്ടായ മായങ്ക് യാദവും. ഏപ്രില്‍ ഏഴിനാണ് ടീമിന്റെ അടുത്ത മത്സരം. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയത്തോടെ നാല് പോയിന്റുമായി നാലാം സ്ഥാനത്താണ് ലഖ്‌നൗ.

Content highlight: IPL 2024: Mayank Yadav tops the list of most 155+  km/hr balls in IPL’s history

We use cookies to give you the best possible experience. Learn more