തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന്റെയൊന്നാകെ ശ്രദ്ധ തന്നിലേക്കാവാഹിക്കാന്‍ മായങ്ക് യാദവ് എന്ന 21കാരന് സാധിച്ചിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മുന്‍ നിര താരമായി മാറാനും ഇനി വരുന്ന മത്സരങ്ങളില്‍ ടീമിന്റെ പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമാകാനും വെറും രണ്ട് മത്സരങ്ങള്‍ മാത്രമായിരുന്നു യാദവിന് വേണ്ടിയിരുന്നത്.
കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിലും മായങ്ക് തന്റെ മാജിക് വ്യക്തമാക്കിയിരുന്നു. മത്സരത്തില്‍ ലഖ്‌നൗവിന്റെ വിജയശില്‍പിയും ഈ ദല്‍ഹിക്കാരന്‍ തന്നെയായിരുന്നു.
മത്സരത്തില്‍ നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ നിക്കോളാസ് പൂരന്റെ കൈകളിലെത്തിച്ച് മടക്കിയ താരം കാമറൂണ്‍ ഗ്രീനിനെ ക്ലീന്‍ ബൗള്‍ഡാക്കിയും പുറത്താക്കി. രജത് പാടിദാറിനെ ദേവ്ദത്ത് പടിക്കലിന്റെ കൈകളിലെത്തിച്ചാണ് മായങ്ക് പുറത്താക്കിയത്.
ഈ മികച്ച പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുത്തതും മായങ്ക് യാദവിനെയായിരുന്നു. പഞ്ചാബിനെതിരായ ആദ്യ മത്സരത്തിലും പ്ലെയര്‍ ഓഫ് ദി മാച്ച് മായങ്ക് തന്നെയായിരുന്നു.
ഇപ്പോള്‍ മത്സരശേഷമുള്ള താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മത്സരത്തിനിടെ വിക്കറ്റ് സെലിബ്രേഷന്റെ ചിത്രം പങ്കുവെച്ച് ‘നോക്കൂ അമ്മേ, എനിക്ക് പറക്കാന്‍ പറ്റും,’ എന്നാണ് താരം കുറിച്ചത്.
ഈ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യയുടെ ഭാവിയെന്നും ലഖ്‌നൗ എക്‌സ്പ്രസ്സുമെന്നെല്ലാമാണ് ആരാധകര്‍ കമന്റുകള്‍ പങ്കുവെക്കുന്നത്.
മായങ്കിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ ബ്രെറ്റ് ലീയും ഡെയ്ല്‍ സ്റ്റെയ്‌നുമടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ താരത്തിന് അഭിനന്ദനവുമായി എത്തിയിരുന്നു.
ഇപ്പോള്‍ മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയത്തോടെ നാല് പോയിന്റുമായി നാലാം സ്ഥാനത്താണ് ലഖ്‌നൗ. ഏപ്രില്‍ ഏഴിനാണ് ടീമിന്റെ അടുത്ത മത്സരം. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.
Content Highlight: IPL 2024: Mayank Yadav’s post goes viral