ഐ.പി.എല്‍ 2024ല്‍ എല്ലാ ടീമുകളും ഇതിനോടകം പത്ത് മത്സരം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ടൂര്‍ണമെന്റ് നോക്ക് ഔട്ട് ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോള്‍ ഒരു ടീമിന് പോലും ഇതുവരെ പ്ലേ ഓഫിന് യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല.
സീസണില്‍ പ്ലേ ഓഫിന് യോഗ്യത നേടാന്‍ സാധ്യത കല്‍പിക്കുന്ന ടീമുകളില്‍ പ്രധാനികളാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. പത്ത് മത്സരത്തില്‍ നിന്നും ആറ് ജയവുമായി പോയിന്റ് പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ലഖ്‌നൗ.
പ്ലേ ഓഫ് ലക്ഷ്യമിട്ട് കുതിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഒട്ടും ശുഭകരമല്ലാത്ത വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പരിക്കേറ്റ യുവതാരം മായങ്ക് യാദവിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ണമായും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നേരത്തെ പരിക്കേറ്റ അതേ സ്ഥലത്ത് തന്നെ മായങ്ക് യാദവിന് വീണ്ടും പരിക്കേറ്റിരിക്കുകയാണെന്നാണ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞത്. ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരത്തില്‍ തിരിച്ചെത്തുന്നത് താരത്തിന് ബുദ്ധിമുട്ടാകുമെന്ന് ലാംഗര്‍ പറഞ്ഞതായി ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലഖ്‌നൗവിനായി സീസണില്‍ നാല് മത്സരത്തിലാണ് താരം പന്തെറിഞ്ഞത്. തുടര്‍ച്ചയായി 150+ കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ് മായങ്ക് യാദവ് വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
12.4 എന്ന ശരാശരിയിലും 6.98 എന്ന മികച്ച എക്കോണമിയിലും പന്തെറിഞ്ഞ താരം 10.42 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ഏഴ് വിക്കറ്റും നേടിയിട്ടുണ്ട്.
അതേസമയം, ഞായറാഴ്ചയാണ് ലഖ്‌നൗ സീസണിലെ 11ാം മത്സരത്തനിറങ്ങുന്നത്. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.
Content Highlight: IPL 2024: Mayank Yadav ruled out from the tournament