സ്വന്തം ആരാധകര്‍ പോലും നിന്നെ കൂവിപ്പൊളിക്കും, ഒരാള്‍ പോലും ആഗ്രഹിക്കാത്തത്; ഹോം ഗ്രൗണ്ടിലിറങ്ങുന്നതിന് മുമ്പ് ഹര്‍ദിക്കിന് മുന്നറിയിപ്പ്
IPL
സ്വന്തം ആരാധകര്‍ പോലും നിന്നെ കൂവിപ്പൊളിക്കും, ഒരാള്‍ പോലും ആഗ്രഹിക്കാത്തത്; ഹോം ഗ്രൗണ്ടിലിറങ്ങുന്നതിന് മുമ്പ് ഹര്‍ദിക്കിന് മുന്നറിയിപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th March 2024, 6:01 pm

 

ഐ.പി.എല്ലില്‍ ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ കളത്തിലിറങ്ങിയ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സായിരുന്നു ദില്‍ സേ മുംബൈയെ തോല്‍പിച്ചത്.

സ്വന്തം ടീമിന്റെ ആരാധകരില്‍ നിന്നും എതിര്‍ ടീമിന്റെ ആരാധകരില്‍ നിന്നും മോശം പ്രതികരണമാണ് മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യക്ക് ലഭിച്ചത്. താരം ബൗളിങ്ങിനിറങ്ങിയപ്പോഴും ബാറ്റിങ്ങിനിറങ്ങിയപ്പോഴും നിര്‍ത്താതെയുള്ള കൂവലുകളാണ് ഗ്രൗണ്ടില്‍ ഉയര്‍ന്നുകേട്ടത്.

 

മത്സരത്തിനിടെ പാണ്ഡ്യയെ അപമാനിക്കുന്ന തലത്തിലേക്ക് വരെ കാര്യങ്ങളെത്തിയിരുന്നു. കളിക്കിടെ ഗ്രൗണ്ടിലൂടെ ഒരു നായ ഓടിയപ്പോള്‍ ഹര്‍ദിക്കിന്റെ പേരാണ് ആരാധകര്‍ വിളിച്ചുപറഞ്ഞത്.

ഇപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടിലെത്തിയാല്‍ ഇതിലും മോശം അനുഭവമായിരിക്കും കാത്തിരിക്കുന്നതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയതില്‍ ആരാധര്‍ക്ക് എതിര്‍പ്പുണ്ടെന്നും അത് അവര്‍ പ്രകടിപ്പിക്കുമെന്നുമാണ് തിവാരി പറയുന്നത്.

പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് തിവാരി ഇക്കാര്യം പറഞ്ഞത്.

 

‘മുംബൈയിലെത്തുന്ന ഹര്‍ദിക്കിനെ ആരാധകര്‍ എങ്ങനെയാകും സ്വീകരിക്കുന്നതെന്ന് കണ്ടുതന്നെ അറിയണം. എനിക്ക് തോന്നുന്നത് ഇവിടെ കൂടുതല്‍ ഉച്ചത്തിലുള്ള കൂവലുകളാകും ഹര്‍ദിക്കിന് നേരിടേണ്ടി വരിക.

കാരണം ഒരു ആരാധകനെന്ന നിലയില്‍, അത് മുംബൈ ആരാധകനോ രോഹിത് ശര്‍മയുടെ ആരാധകനോ ആകട്ടെ, ടീമിന്റെ ക്യാപ്റ്റന്‍സി ഹര്‍ദിക് പാണ്ഡ്യയെ ഏല്‍പിക്കുമെന്ന് ഒരാള്‍ പോലും കരുതിയിരുന്നില്ല.

മുംബൈ ഇന്ത്യന്‍സിനെ അഞ്ച് കിരീടമണിയിച്ചിട്ടും രോഹിത് ശര്‍മക്ക് ക്യാപ്റ്റന്‍സി നഷ്ടപ്പെട്ടിരിക്കുകയാണ്. അതിന്റെ കാരണമെന്താണ് എന്ന് എനിക്ക് അറിയില്ല. ആരാധകര്‍ക്ക് അതൊട്ടും തന്നെ ഇഷ്ടപ്പെട്ടിട്ടുമില്ല എന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെ പ്രതിഫലനമാണ് ഗ്രൗണ്ടില്‍ കാണാന്‍ സാധിക്കുന്നത്,’ തിവാരി പറഞ്ഞു.

 

ഏപ്രില്‍ ഒന്നിനാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ആദ്യ ഹോം മത്സരത്തിനിറങ്ങുന്നത്. വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.

അതേസമയം, ബുധനാഴ്ച നടക്കുന്ന മത്സരതത്തില്‍ മുംബൈ ഹൈദരാബാദിനെ നേരിടും. സണ്‍റൈസേഴ്‌സിന്റെ സ്വന്തം തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

 

Content Highlight: IPL 2024: Manoj Tiwary says Hardik Pandya will be booed even louder in Mumbai’s home stadium