| Monday, 8th April 2024, 5:15 pm

ചരിത്രത്തിലാദ്യം, ഹര്‍ദിക്കില്ലാത്ത ഗുജറാത്തിനെ വീഴ്ത്തി ലഖ്‌നൗ; ഇനി അടുത്ത ഊഴം സഞ്ജുവിന്റേത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 21ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സീസണിലെ മൂന്നാം വിജയമാഘോഷിച്ചിരുന്നു. ലഖ്‌നൗ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന മത്സരത്തില്‍ 33 റണ്‍സിനായിരുന്നു ഹോം ടീമിന്റെ വിജയം. ഈ വിജയത്തിന് പിന്നാലെ നാലാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ് ലഖ്‌നൗ.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറിയടിച്ച മാര്‍കസ് സ്‌റ്റോയ്‌നിസിന്റെ കരുത്തിലാണ് ലഖ്‌നൗ ചെറുത്തുനില്‍ക്കാവുന്ന സ്‌കോറിലേക്കുയര്‍ന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് 18.5 ഓവറില്‍ 130 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ യാഷ് താക്കൂറും മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ക്രുണാല്‍ പാണ്ഡ്യയുമാണ് ടൈറ്റന്‍സിന്റെ പതനം വേഗത്തിലാക്കിയത്. ഓരോ വിക്കറ്റ് വീതം നേടിയ രവി ബിഷ്‌ണോയിയും നവീന്‍ ഉള്‍ ഹഖും ചേര്‍ന്ന് ടൈറ്റന്‍സിന്റെ തോല്‍വി ഉറപ്പാക്കി.

ലഖ്‌നൗവിന്റെ ഈ വിജയത്തിന് പ്രത്യേകതകളുമേറെയാണ്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ലഖ്‌നൗ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിക്കുന്നത്.

2022ലാണ് ഇരു ടീമുകളും ഐ.പി.എല്ലിന്റെ ഭാഗമായത്. ആദ്യ സീസണില്‍ കളിച്ച രണ്ട് മത്സരത്തിലും ടൈറ്റന്‍സാണ് വിജയിച്ചത്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ലഖ്‌നൗവിനെ പരാജയപ്പെടുത്തിയ ടൈറ്റന്‍സ് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ 62 റണ്‍സിനാണ് തകര്‍ത്തുവിട്ടത്.

ശേഷം 2023ലാണ് ഹോം ഗ്രൗണ്ടില്‍ ലഖ്‌നൗ ടൈറ്റന്‍സിനെ നേരിട്ടത്. ടൈറ്റന്‍സ് ഉയര്‍ത്തിയ 136 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിന് 128 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

സീസണില്‍ ഗുജറാത്തില്‍ വെച്ച് ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ വന്നപ്പോള്‍ 56 റണ്‍സിനും ലഖ്‌നൗ പരാജയപ്പെട്ടു.

ഇപ്പോള്‍ ഇതാദ്യമായാണ് ഗുജറാത്ത് ലഖ്‌നൗവിനോട് അടിയറവ് പറഞ്ഞിരിക്കുന്നത്.

ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ സൂപ്പര്‍ ജയന്റ്‌സിനോട് അജയ്യരായ ടൈറ്റന്‍സ് ഇപ്പോള്‍ ഗില്ലിന് കീഴില്‍ കളിച്ച ആദ്യ മത്സരത്തില്‍ രാഹുലിനോടും സംഘത്തിനോടും പരാജയപ്പെട്ടിരിക്കുകയാണ്.

രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം. ഏപ്രില്‍ 10ന് രാജസ്ഥാന്റെ കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയമാണ് വേദി.

ഗുജറാത്തിനെതിരെ രാജസ്ഥാന്റെ ട്രാക്ക് റെക്കോഡും മോശമാണ്. ഇതുവരെ കളിച്ച അഞ്ച് മത്സരത്തില്‍ ഒരു കളിയില്‍ മാത്രമാണ് രാജസ്ഥാന് വിജയിക്കാന്‍ സാധിച്ചത്.

2022ല്‍ ഗ്രൂപ്പ് ഘട്ടത്തിലും പ്ലേ ഓഫിലും ഫൈനലിലും രാജസ്ഥാനെ പരാജയപ്പെടുത്തിയ ഗുജറാത്ത് 2023 ഗ്രൂപ്പ് ഘട്ടത്തില്‍ ഒരിക്കല്‍ക്കൂടി രാജസ്ഥാനെ പരാജയപ്പെടുത്തി.

2023ല്‍ ഇരുവരും നേര്‍ക്കുനേര്‍ വന്ന ആദ്യ മത്സരത്തിലാണ് രാജസ്ഥാന്‍ വിജയിച്ചത്. ഷിംറോണ്‍  ഹെറ്റ്‌മെയറിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം.

Content highlight: IPL 2024: Lucknow Super Giants defeated Gujarat titans for the 1st time

We use cookies to give you the best possible experience. Learn more