സഞ്ജുവിനെ കൊണ്ടും സാധിച്ചില്ല, പന്തിനെ കൊണ്ടും സാധിച്ചില്ല; ആദ്യ വിക്കറ്റ് കീപ്പര്‍, സീസണില്‍ പുതിയ നേട്ടവുമായി രാഹുല്‍
IPL
സഞ്ജുവിനെ കൊണ്ടും സാധിച്ചില്ല, പന്തിനെ കൊണ്ടും സാധിച്ചില്ല; ആദ്യ വിക്കറ്റ് കീപ്പര്‍, സീസണില്‍ പുതിയ നേട്ടവുമായി രാഹുല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th April 2024, 10:46 pm

ഐ.പി.എല്‍ 2024ലെ 48ാം മത്സരമാണ് ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ അരങ്ങേറുന്നത്. മുംബൈ ഇന്ത്യന്‍സാണ് മത്സരത്തില്‍ ഹോം ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

മുന്‍ നായകനും, നിലവിലെ നായകനും ടി-20 സ്‌പെഷ്യലിസ്റ്റുമടക്കം പരാജയപ്പെട്ട മത്സരത്തില്‍ യുവതാരങ്ങളാണ് ടീമിനെ താങ്ങി നിര്‍ത്തിയത്.

41 പന്തില്‍ 46 റണ്‍സടിച്ച നേഹല്‍ വധേരയാണ് ടോപ് സ്‌കോറര്‍. 18 പന്തില്‍ 35 റണ്‍സ് നേടിയ ടിം ഡേവിഡ്, 36 പന്തില്‍ 32 റണ്‍സടിച്ച ഇഷാന്‍ കിഷന്‍ എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിനും തുടക്കം പാളിയിരുന്നു. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ അര്‍ഷില്‍ കുല്‍ക്കര്‍ണിയെ ആദ്യ ഓവറില്‍ തന്നെ ലഖ്‌നൗവിന് നഷ്ടപ്പെട്ടിരുന്നു.

നുവാന്‍ തുഷാരയുടെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു കുല്‍ക്കര്‍ണി പുറത്തായത്. നേരിട്ട ആദ്യ പന്തില്‍ തന്നെയായിരുന്നു താരം മടങ്ങിയത്.

എന്നാല്‍ വണ്‍ ഡൗണായെത്തിയ മാര്‍കസ് സ്റ്റോയ്‌നിസിനൊപ്പം ചേര്‍ന്ന് ക്യാപ്റ്റന്‍ സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ അര്‍ധ സഞ്ച്വറി കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്.

ടീം സ്‌കോര്‍ 59ല്‍ നില്‍ക്കവെ കെ.എല്‍. രാഹുലിനെ മുംബൈ നായകന്‍ മടക്കി. എട്ടാം ഓവറിലെ രണ്ടാം പന്തിലായിരുന്നു താരത്തിന്റെ മടക്കം. ബൗണ്ടറി ലൈനിന് സമീപത്ത് നിന്നും മുഹമ്മദ് നബിയുടെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താകുമ്പോള്‍ 22 പന്തില്‍ 28 റണ്‍സായിരുന്നു രാഹുല്‍ നേടിയത്.

ഇതിനിടെ സീസണില്‍ 400 റണ്‍സ് മാര്‍ക്കും രാഹുല്‍ പിന്നിട്ടിരുന്നു. സീസണില്‍ 400+ റണ്‍സ് നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് രാഹുല്‍.

 

പത്ത് മത്സരത്തില്‍ നിന്നും 45.11 ശരാശരിയിലും 143.46 സ്‌ട്രൈക്ക് റേറ്റിലും 406 റണ്‍സാണ് രാഹുല്‍ നേടിയത്. മൂന്ന് അര്‍ധ സെഞ്ച്വറിയാണ് സീസണില്‍ താരത്തിന്റെ സമ്പാദ്യം.

അതേസമയം, നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 79 എന്ന നിലയിലാണ് ലഖ്‌നൗ. 28 പന്തില്‍ 39 റണ്‍സുമായി മാര്‍കസ് സ്റ്റോയ്‌നിസും ഒമ്പത് പന്തില്‍ പത്ത് റണ്‍സുമായി ദീപക് ഹൂഡയുമാണ് ക്രീസില്‍.

 

Content Highlight: IPL 2024: LSG vs MI: KL Rahul completes 400 runs in this season