നൈറ്റ് റൈഡേഴ്‌സിനെതിരെ കൊല്‍ക്കത്തയുടെ നിറങ്ങളണിഞ്ഞ് ലഖ്‌നൗ; ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരാധകര്‍ കാണുന്നത് രണ്ട് കൊല്‍ക്കത്തയെ
IPL
നൈറ്റ് റൈഡേഴ്‌സിനെതിരെ കൊല്‍ക്കത്തയുടെ നിറങ്ങളണിഞ്ഞ് ലഖ്‌നൗ; ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരാധകര്‍ കാണുന്നത് രണ്ട് കൊല്‍ക്കത്തയെ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th April 2024, 4:37 pm

ഐ.പി.എല്‍ 2024ലെ 28ാം മത്സരം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് മത്സരത്തില്‍ ഹോം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ എതിരാളികള്‍. ടോസ് നേടിയ നൈറ്റ് റൈഡേഴ്‌സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ കൊല്‍ക്കത്തയുടെ ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന നിറങ്ങളണിഞ്ഞാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ബാറ്റിങ്ങിനിറങ്ങിയത്. തങ്ങളുടെ സാധാരണ ജേഴ്‌സിയായ നീല നിറത്തിന് പകരം മെറൂണും പച്ചയും നിറങ്ങളുള്ള രണ്ടാം ജേഴ്‌സിയാണ് സൂപ്പര്‍ ജയന്റ്‌സ് ധരിച്ചത്.

കൊല്‍ക്കത്തയുടെ ഫുട്‌ബോള്‍ പൈതൃകത്തിന്റെ ഭാഗമായ മോഹന്‍ ബഗാനിന്റെ നിറങ്ങളാണിത്. കഴിഞ്ഞ വര്‍ഷമാണ് സൂപ്പര്‍ ജയന്റ്‌സ് പുതിയ ജേഴ്‌സി അവതരിപ്പിച്ചത്. 2023ല്‍ കൊല്‍ക്കത്തക്കെതിരായ മത്സരത്തിലാണ് ലഖ്‌നൗ ഈ ജേഴ്‌സി ധരിച്ച് കളത്തിലിറങ്ങിയത്.

അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സ് നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 72 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. എട്ട് പന്തില്‍ നിന്നും പത്ത് റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിന്റെയും പത്ത് പന്തില്‍ എട്ട് റണ്‍സ് നേടിയ ദീപക് ഹൂഡയുടെയും വിക്കറ്റുകളാണ് സൂപ്പര്‍ ജയന്റ്‌സിന് നഷ്ടമായത്.

18 പന്തില്‍ 18 റണ്‍സുമായി ആയുഷ് ബദോനിയും 25 പന്തില്‍ 33 റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസില്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക്, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ആയുഷ് ബദോനി, മാര്‍കസ് സ്‌റ്റോയ്‌നിസ്, നിക്കോളാസ് പൂരന്‍, ക്രുണാല്‍ പാണ്ഡ്യ, മോഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌ണോയ്, ഷമര്‍ ജോസഫ്, യാഷ് താക്കൂര്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍ , ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ആംഗ്ക്രിഷ് രഘുവംശി, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.

 

 

Content Highlight: IPL 2024: LSG vs KKR: Lucknow wears 2nd jersey in Eden Gardens