രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണ; പൊന്നുപോലെ കാത്തുവെച്ചതാണ്, നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാന്‍ പോലുമാകാതെ തോല്‍വി
IPL
രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണ; പൊന്നുപോലെ കാത്തുവെച്ചതാണ്, നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാന്‍ പോലുമാകാതെ തോല്‍വി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th April 2024, 7:38 pm

 

ഐ.പി.എല്‍ 2024ലെ 28ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം.

ലഖ്‌നൗ ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം 26 പന്ത് ബാക്കി നില്‍ക്കെ കൊല്‍ക്കത്ത കോര്‍ബോ ലോര്‍ബോ പാടി അനായാസം മറികടന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സിന് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. ക്വിന്റണ്‍ ഡി കോക്ക് പത്ത് റണ്‍സിന് പുറത്തായപ്പോള്‍ എട്ട് റണ്‍സ് നേടി ദീപക് ഹൂഡയും മടങ്ങി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ആയുഷ് ബദോനിയെ ഒപ്പം കൂട്ടി കെ.എല്‍. രാഹുല്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. പതിയെ സൂപ്പര്‍ ജയന്റ്‌സ് മികച്ച നിലയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും രാഹുലിനെ മടക്കി റസല്‍ കൂട്ടുകെട്ട് പൊളിച്ചു. 27 പന്തില്‍ 39 റണ്‍സാണ് താരം നേടിയത്.

പിന്നാലെയെത്തിയ നിക്കോളാസ് പൂരന്‍ 32 പന്തില്‍ 45 റണ്‍സ് നേടി ലഖ്‌നൗവിന്റെ ടോപ് സ്‌കോററായി. കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ നെടുംതൂണായ ബദോനി 27 പന്തില്‍ 29 റണ്‍സ് നേടി.

കൊല്‍ക്കത്തക്കായി മിച്ചല്‍ സ്റ്റാര്‍ക് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ, ആന്ദ്രേ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തക്ക് സുനില്‍ നരെയ്‌നെയും ആംക്ഗ്രിഷ് രഘുവംശിയെയും ഒറ്റയക്കത്തിന് നഷ്ടമായെങ്കിലും ഫില്‍ സോള്‍ട്ട് ഒരു വശത്ത് തകര്‍ത്തടിച്ചു.

സോള്‍ട്ട് 47 പന്തില്‍ പുറത്താകാതെ 89 റണ്‍സ് നേടി. 14 ഫോറും മൂന്ന് സിക്‌സറുമാണ് താരം സ്വന്തമാക്കിയത്. 38 പന്തില്‍ 38 റണ്‍സുമായി ശ്രേയസ് അയ്യരും കരുത്തായി.

ഐ.പി.എല്ലിന്റെ ഭാഗമായതുമുതല്‍ സൂപ്പര്‍ ജയന്റ്‌സ് കുത്തകയാക്കിയ ഒരു റെക്കോഡാണ് ഇപ്പോള്‍ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും തകര്‍ന്നുവീണിരിക്കുകയാണ്. ഐ.പി.എല്ലില്‍ 160+ റണ്‍സ് ഡിഫന്‍ഡ് ചെയ്യുന്നതിനിടെ ഒരിക്കല്‍ പോലും തോറ്റിട്ടില്ല എന്ന നേട്ടമാണ് ഒരിക്കല്‍ക്കൂടി പഴങ്കഥയായത്.

രണ്ട് ദിവസം മുമ്പ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലാണ് സൂപ്പര്‍ ജയന്റ്‌സിന് ഈ നേട്ടം നഷ്ടമായത്. ലഖ്‌നൗ ഉയര്‍ത്തിയ 168 റണ്‍സിന്റെ വിജയലക്ഷ്യം 11 പന്ത് ബാക്കി നില്‍ക്കെ ക്യാപ്പിറ്റല്‍സ് മറികടന്നു. ഇപ്പോള്‍ കൊല്‍ക്കത്തയും ആ റെക്കോഡ് തകര്‍ത്തിരിക്കുകയാണ്.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത. ആറ് മത്സരത്തില്‍ നിന്നും എട്ട് പോയിന്റാണ് ടീമിനുള്ളത്. ഏപ്രില്‍ 16ന് സ്വന്തം തട്ടകത്തില്‍ ടേബിള്‍ ടോപ്പേഴ്‌സായ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.

 

Content Highlight: IPL 2024: LSG vs KKR: Kolkata defeats