ഐ.പി.എല്‍ 2024ലെ 28ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടുകയാണ്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ നൈറ്റ് റൈഡേഴ്‌സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
മികച്ച തുടക്കമായിരുന്നില്ല സൂപ്പര്‍ ജയന്റ്‌സിന് ലഭിച്ചത്. ക്വിന്റണ്‍ ഡി കോക്കിനെ പത്ത് റണ്‍സിന് നഷ്ടമായ സൂപ്പര്‍ ജയന്റ്‌സിന് വണ്‍ ഡൗണായെത്തിയ ദീപക് ഹൂഡയെ എട്ട് റണ്‍സിനും നഷ്ടമായി.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗവിന്റെ രക്ഷകനായ ആയുഷ് ബദോനിയെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ സ്‌കോര്‍ ഉയര്‍ത്തി. മോശമല്ലാത്ത രീതിയില്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തവെ രാഹുലിനെ പുറത്താക്കി ആന്ദ്രേ റസല്‍ സൂപ്പര്‍ ജയന്റ്‌സിന് അടുത്ത പ്രഹരം നല്‍കി.
27 പന്തില്‍ 39 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും അടക്കം 144.4 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ഉയര്‍ത്തിയത്.
ഹോം ടീമിനെതിരെ രണ്ടാം സിക്‌സറും പറത്തിയതോടെ ഒരു മികച്ച റെക്കോഡാണ് രാഹുലിനെ തേടിയെത്തിയത്. ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ 300 സിക്‌സര്‍ എന്ന നേട്ടമാണ് രാഹുല്‍ നേടിയത്.
ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാം താരമാണ് രാഹുല്‍. കരിയറിലെ 205ാം ഇന്നിങ്‌സിലാണ് രാഹുല്‍ ഈ ഐതിഹാസിക നേട്ടം സ്വന്തമാക്കിയത്.
Indians with 300 T20 sixes: Rohit Sharma, Virat Kohli, MS Dhoni, Suresh Raina, KL RAHUL 🔥🙇♀️ pic.twitter.com/EW20Wxv8uo
അതേസമയം, 17ാം ഓവര്‍ അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയിലാണ് ലഖ്‌നൗ. 21 പന്തില്‍ 21 റണ്‍സുമായി നിക്കോളാസ് പൂരനും അഞ്ച് പന്തില്‍ നാല് റണ്‍സുമായി ക്രുണാല്‍ പാണ്ഡ്യയുമാണ് ക്രീസില്‍.