ഐ.പി.എല്‍ 2024ലെ 21ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുകയാണ്. സൂപ്പര്‍ ജയന്റ്‌സിന്റെ ഹോം ഗ്രൗണ്ടായ ലഖ്‌നൗ എകാന സ്‌പോര്‍ട്‌സ് സിറ്റിയിലാണ് മത്സരം അരങ്ങേറുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ നായകന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍ പ്രതീക്ഷിച്ച തുടക്കമല്ല ടീമിന് ലഭിച്ചത്.
ക്വിന്റണ്‍ ഡി കോക്കിനെയും ദേവ്ദത്ത് പടിക്കിലനെയും തുടക്കത്തിലേ നഷ്ടപ്പെട്ട ഹോം ടീമിന് ആദ്യ ഓവറുകളില്‍ പ്രതീക്ഷിച്ച സ്‌കോറിലേക്ക് ഉയരാന്‍ സാധിച്ചില്ല.
എങ്കിലും നാലാം നമ്പറിലിറങ്ങിയ മാര്‍കസ് സ്റ്റോയ്‌നിസിന്റെ അര്‍ധ സെഞ്ച്വറിയും ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍, വൈസ് ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍ എന്നിവരുടെ ഇന്നിങ്‌സിന്റെ കരുത്തില്‍ സൂപ്പര്‍ ജയന്റ്‌സ് മോശമല്ലാത്ത സ്‌കോര്‍ സ്വന്തമാക്കി.
സ്‌റ്റോയ്‌നിസ് 43 പന്തില്‍ 58 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ 31 പന്തില്‍ 33 റണ്‍സും പൂരന്‍ 22 പന്തില്‍ 32 റണ്‍സും നേടി.
11 പന്തില്‍ 20 റണ്‍സ് നേടി ആയുഷ് ബദോനിയുടെ കാമിയോയും ലഖ്‌നൗവിന് തുണയായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് എന്ന നിലയിലാണ് ഹോം ടീം ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
മത്സരത്തില്‍ വേണ്ടത്ര സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടമാണ് കെ.എല്‍. രാഹുലിനെ തേടിയെത്തിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരം എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
2022ല്‍ ടീം രൂപീകരിച്ചത് മുതല്‍ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമാണ് രാഹുല്‍. ടീമിനായി 28 മത്സരത്തില്‍ നിന്നും 42.33 ശരാശരിയിലും 127.79 എന്ന സ്‌ട്രൈക്ക് റേറ്റിലും 1,016 റണ്‍സാണ് താരം നേടിയത്.
ലഖ്‌നൗ സൂപ്പര്‍ ജന്റ്‌സിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – മത്സരം – റണ്‍സ് എന്നീ ക്രമത്തില്‍)
കെ.എല്‍. രാഹുല്‍ – 28 – 1,016
ക്വിന്റണ്‍ ഡി കോക്ക് – 23 – 796
മാര്‍കസ് സ്‌റ്റോയ്‌നിസ് – 30 – 668
ദീപക് ഹൂഡ – 28 – 561
നിക്കോളാസ് പൂരന്‍ – 19 – 536
അതേസമയം, ലഖ്‌നൗ ഉയര്‍ത്തിയ 164 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് നാലാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബി.ആര്‍. ശരത്തിന്റെ വിക്കറ്റാണ് ടൈറ്റന്‍സിന് നഷ്ടമായത്. ക്രുണാല്‍ പാണ്ഡ്യയുടെ പന്തില്‍ ആയുഷ് ബദോനിക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഈ ഓവറില്‍ സായ് സുദര്‍ശനെയും പാണ്ഡ്യ മടക്കിയിരുന്നു.
നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 61ന് നാല് എന്ന നിലയിലാണ് ടൈറ്റന്‍സ്. രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി വിജയ് ശങ്കറും ഒരു പന്തില്‍ റണ്ണെടുക്കാതെ രാഹുല്‍ തെവാട്ടിയയുമാണ് ക്രീസില്‍.
Content highlight: IPL 2024: LSG vs GT: KL Rahul becomes the first batter to score 1000 runs for Lucknow Super Giants