| Tuesday, 14th May 2024, 7:34 pm

ദല്‍ഹിയും റിഷബ് പന്തും ജയിച്ചാല്‍ സഞ്ജുവിന് ബമ്പര്‍ ലോട്ടറി; രാഹുലിന് ചെക്ക് വെക്കാന്‍ കോട്‌ലയുടെ മണ്ണിലേക്ക് ക്യാപ്പിറ്റല്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 64ാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഹോം ടീമായ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ എതിരാളികള്‍. സീസണില്‍ ഇത് ദല്‍ഹിയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരമാണ്.

മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ നായകന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

ഐ.പി.എല്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ഇരു ടീമുകള്‍ക്കും വിജയം നിര്‍ണായകമാണ്. ഈ മത്സരഫലത്തിനൊപ്പം മറ്റ് ടീമുകളുടെ ജയപരാജയങ്ങളും കണക്കിലെടുത്താകും ഏത് ടീം പ്ലേ ഓഫില്‍ പ്രവേശിക്കുക എന്നതില്‍ ധാരണയാവുക.

ലഖ്‌നൗവിന് മറ്റൊരു മത്സരം കൂടി ബാക്കിയുണ്ട്.

ലഖ്‌നൗവിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സീസണ്‍ ഇതോടെ അവസാനിക്കും. മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകള്‍ക്ക് ശേഷം പുറത്താകുന്ന നാലാമത് ടീമായാണ് ക്യാപ്പിറ്റല്‍സ് മാറുക.

അതേസമയം, ലഖ്‌നൗവിനെ പരാജയപ്പെടുത്തുകയാണെങ്കില്‍ ദല്‍ഹിയുടെ നേരിയ പ്രതീക്ഷകള്‍ കെടാതെ കാക്കപ്പെടും.

ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വിജയത്തിനായാണ് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ആരാധകരും ആഗ്രഹിക്കുന്നത്. മത്സരത്തില്‍ ദല്‍ഹി ലഖ്‌നൗവിനെ പരാജയപ്പെടുത്തുകയാണെങ്കില്‍ രാജസ്ഥാന് നേരിട്ട് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കും. അങ്ങനെ സംഭവിച്ചാല്‍ പ്ലേ ഓഫിന് യോഗ്യത നേടുന്ന രണ്ടാമത് ടീമായി റോയല്‍സ് മാറും.

നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മാത്രമാണ് പ്ലേ ഓഫില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം ബാക്കിയുണ്ടെന്നിരിക്കെ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് ഉറപ്പിക്കാനും ക്വാളിഫയര്‍ ഒന്നിന് യോഗ്യത നേടാനും കൊല്‍ക്കത്തക്ക് സാധിച്ചു.

13 മത്സരത്തില്‍ നിന്നും 12 പോയിന്റുമായി ദല്‍ഹി ക്യാപ്പിറ്റല്‍സ് നിലവില്‍ ആറാം സ്ഥാനത്താണ്. 12 മാച്ചില്‍ നിന്നും 12 പോയിന്റുമായി ഏഴാമതാണ് ലഖ്‌നൗ. ക്യാപ്പിറ്റല്‍സിനെതിരെ വിജയിക്കാന്‍ സാധിച്ചാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്താന്‍ സൂപ്പര്‍ ജയന്റ്‌സിനാകും.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

അഭിഷേക് പോരല്‍, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, ഷായ് ഹോപ്, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, ഗുലാബ്ദീന്‍ നയീബ്, റാസിഖ് സലാം, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍) ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), മാര്‍കസ് സ്‌റ്റോയ്‌നിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ക്രുണാല്‍ പാണ്ഡ്യ, അര്‍ഷദ് ഖാന്‍, യുദ്ധ്‌വീര്‍ സിങ്, രവി ബിഷ്‌ണോയ്, നവീന്‍ ഉള്‍ ഹഖ്, മൊഹ്‌സിന്‍ ഖാന്‍.

Content Highlight: IPL 2024: LSG vs DC: Lucknow won the toss and elected to bowl first; If DC wins, RR will qualify for play offs

We use cookies to give you the best possible experience. Learn more