ഐ.പി.എല്‍ 2024ലെ 26ാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് സൂപ്പര്‍ ജയന്റ്‌സിന്റെ എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ നായകന്‍ കെ.എല്‍. രാഹുല്‍ ബാറ്റിങ് തെരഞ്ഞെടുത്തു.
കഴിഞ്ഞ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് ലഖ്‌നൗ കളത്തിലിറങ്ങുന്നത്. പരിക്കേറ്റ സൂപ്പര്‍ പേസര്‍ മായങ്ക് യാദവിന് പകരം അര്‍ഷദ് ഖാനെയാണ് ലഖ്‌നൗ കളത്തിലിറക്കിയത്. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ യാദവ് ഒരു ഓവര്‍ മാത്രമാണ് എറിഞ്ഞിരുന്നത്.
ലഖ്‌നൗവിനൊപ്പം തന്റെ അരങ്ങേറ്റ മത്സരത്തിനാണ് അര്‍ഷദ് ഖാന്‍ ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന ഇടം കയ്യന്‍ പേസര്‍ അഞ്ച് വിക്കറ്റും നേടിയിരുന്നു.
ടോസ് ലഭിച്ചാല്‍ തങ്ങളും ആദ്യം ബാറ്റിങ് തന്നെ തെരഞ്ഞെടുക്കുമെന്നാണ് ദല്‍ഹി നായകന്‍ റിഷബ് പന്ത് പറഞ്ഞത്. മത്സരത്തില്‍ രണ്ട് പ്രധാന മാറ്റങ്ങളാണ് ടീം നടത്തിയിട്ടുള്ളത്. മുകേഷ് കുമാറും കുല്‍ദീപ് യാദവും പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തിയിട്ടുണ്ട്.
നിലവില്‍ നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ ആറ് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ലഖ്‌നൗ. ഈ മത്സരത്തില്‍ വിജയിച്ചാല്‍ രണ്ടാം സ്ഥാനത്തെത്താന്‍ രാഹുലിനും സംഘത്തിനുമാകും.
അഞ്ച് മത്സരത്തില്‍ നിന്നും ഒരു ജയവുമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് ക്യാപ്പിറ്റല്‍സ്. ഏകാന സ്‌പോര്‍ട്‌സ് സിറ്റിയിലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ് എന്ന കടമ്പ കടക്കാന്‍ പന്തിനും സംഘത്തിനുമായാല്‍ പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്താന്‍ സാധിക്കും.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍
കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, ദേവ്ദത്ത് പടിക്കല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, ക്രണാല്‍ പാണ്ഡ്യ, അര്‍ഷദ് ഖാന്‍, രവി ബിഷ്‌ണോയ്, നവീന്‍ ഉള്‍ ഹഖ്, യാഷ് താക്കൂര്‍.
ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍
പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, ഷായ് ഹോപ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.
Content highlight: IPL 2024: LSG vs DC: Lucknow won the toss and decide to bat first