| Friday, 12th April 2024, 8:53 pm

'ബുംറക്ക് മാത്രമല്ല, എനിക്കും പറ്റും' സ്റ്റംപ് എറിഞ്ഞൊടിച്ച് കുല്‍ദീപിന്റെ തീയുണ്ട; 178 ആവറേജുള്ളവന്‍ വെറും ചാരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 26ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുകയാണ്. ലഖ്‌നൗവിന്റെ സ്വന്തം തട്ടകമായ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബാറ്റിങ് തെരഞ്ഞെടുത്തു.

മത്സരത്തില്‍ പ്രതീക്ഷിച്ച തുടക്കമല്ല സൂപ്പര്‍ ജയന്റ്‌സിന് ലഭിച്ചത്. ക്വിന്റണ്‍ ഡി കോക്ക് 13 പന്തില്‍ നിന്നും 19 റണ്‍സ് നേടി പുറത്തായി. പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കല്‍ വീണ്ടും നിരാശപ്പെടുത്തി. ഇത്തവണ ആറ് പന്തില്‍ മൂന്ന് റണ്‍സ് നേടിയാണ് താരം പുറത്തായത്. ഇരുവരെയും ഖലീല്‍ അഹമ്മദാണ് മടക്കിയത്.

നാലാം നമ്പറില്‍ ക്രീസിലെത്തിയ മാര്‍കസ് സ്റ്റോയ്‌നിസിനും അധികം ആയുസ്സുണ്ടായിരുന്നില്ല. പത്ത് പന്തില്‍ എട്ട് റണ്‍സ് നേടി നില്‍ക്കവെ കുല്‍ദീപ് യാദവിന് വിക്കറ്റ് നല്‍കിയ താരം മടങ്ങി. പകരമെത്തിയത് നിക്കോളാസ് പൂരനായിരുന്നു.

പൂരനെ നിലയുറപ്പിക്കും മുമ്പ് തന്നെ കുല്‍ദീപ് പുറത്താക്കിയിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായാണ് താരം മടങ്ങിയത്. കുല്‍ദീപിന് മുമ്പില്‍ ക്ലീന്‍ ബൗള്‍ഡായാണ് പൂരന്‍ പുറത്തായത്.

പൂരന്റെ ഈ വിക്കറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പൂരനെ പുറത്താക്കുന്നതിനൊപ്പം തന്നെ താരം വിക്കറ്റ് എറിഞ്ഞ് ഒടിക്കുകയും ചെയിതിരുന്നു. ഇതിന്റെ വീഡിയോ വൈറലാവുകയാണ്.

അതേസമയം, ലഖ്‌നൗവിന് ആറാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ ദീപക് ഹൂഡെയെയാണ് ഹോം ടീമിന് നഷ്ടമായത്. 13 പന്തില്‍ പത്ത് റണ്‍സ് നേടി നില്‍ക്കവെ ഇഷാന്ത് ശര്‍മയുടെ പന്തില്‍ ഡേവിഡ് വാര്‍ണറിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എന്ന നിലയിലാണ് ലഖ്‌നൗ. ആറ് പന്തില്‍ അഞ്ച് റണ്‍സുമായി ആയുഷ് ബദോനിയും ഒരു പന്തില്‍ ഒരു റണ്ണുമായി ക്രുണാല്‍ പാണ്ഡ്യയുമാണ് ക്രീസില്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, ദേവ്ദത്ത് പടിക്കല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, ക്രണാല്‍ പാണ്ഡ്യ, അര്‍ഷദ് ഖാന്‍, രവി ബിഷ്‌ണോയ്, നവീന്‍ ഉള്‍ ഹഖ്, യാഷ് താക്കൂര്‍

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, ഷായ് ഹോപ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

Content highlight: IPL 2024: LSG vs DC: Kuldeep Yadav dismissed Nicholas Pooran for a duck

We use cookies to give you the best possible experience. Learn more