ഐ.പി.എല്‍ 2024ലെ 26ാം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുകയാണ്. ലഖ്നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന സ്പോര്‍ട്സ് സിറ്റിയിലാണ് മത്സരം അരങ്ങേറുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ലഖ്നൗ ബാറ്റിങ് തെരഞ്ഞെടുക്കുകയും നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടുകയും ചെയ്തു.
യുവതാരം ആയുഷ് ബദോനിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ലഖ്നൗ പൊരുതാവുന്ന സ്‌കോറിലേക്കുയര്‍ന്നത്. 35 പന്തില്‍ പുറത്താകാതെ 55 റണ്‍സാണ് താരം നേടിയത്. അഞ്ച് ഫോറും ഒരു സിക്സറും ഉള്‍പ്പെടെ 157.14 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ് താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. സീസണില്‍ ബദോനിയുടെ ആദ്യ സെഞ്ച്വറിയാണിത്.
പേരും പെരുമയുമുള്ള സൂപ്പര്‍ താരങ്ങള്‍ റണ്ണെടുക്കുന്നതിന് മുമ്പും ഒറ്റയക്കത്തിനും പുറത്തായി ടീം പതറുമ്പോഴാണ് ബദോനി ക്രീസിലെത്തുന്നത്.
ഏഴാം നമ്പറില്‍ ക്രീസിലെത്തിയ താരം അക്ഷരാര്‍ത്ഥത്തില്‍ ടീമിന്റെ നെടുംതൂണാവുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ അര്‍ഷദ് ഖാനെ ഒപ്പംകൂട്ടി 73 റണ്‍സിന്റെ കൂട്ടുകെട്ടാണ് ബദോനി സ്വന്തമാക്കിയത്.
അര്‍ഷദ് ഖാന്‍ 16 പന്തില്‍ പുറത്താകാതെ 20 റണ്‍സ് നേടി. 125.00 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം സ്‌കോര്‍ ചെയ്തത്.
ഈ അര്‍ധ സെഞ്ച്വറിക്കും ടീമിനെ താങ്ങിനിര്‍ത്തിയ കൂട്ടുകെട്ടിനും പിന്നാലെ രണ്ട് തകര്‍പ്പന്‍ റെക്കോഡുകളും നേടിയിരുന്നു.
ഐ.പി.എല്ലില്‍ ഏഴാം നമ്പറിലിറങ്ങി ഏറ്റവുമധികം അര്‍ധ സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നാണ് ബദോനി റെക്കോഡിട്ടത്. ഇതിഹാസ താരം ധോണിക്കൊപ്പമാണ് താരം രണ്ടാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.
ഐ.പി.എല്ലില്‍ ഏഴാം നമ്പറിലിറങ്ങി ഏറ്റവുമധികം അര്‍ധ സെഞ്ച്വറി നേടിയ താരങ്ങള്‍
(താരം – അര്‍ധ സെഞ്ച്വറികളുടെ എണ്ണം എന്നീ ക്രമത്തില്‍)
ആന്ദ്രേ റസല്‍ – 5
ആയുഷ് ബദോനി – 2*
എം.എസ്. ധോണി – 2
പാറ്റ് കമ്മിന്‍സ് – 2
ഇതിന് പുറമെ എട്ടാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോഡും അര്‍ഷദ് ഖാനൊപ്പം ചേര്‍ന്ന് ബദോനി സ്വന്തമാക്കി.
ഐ.പി.എല്ലിലെ ഏറ്റവും ഉയര്‍ന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടുകള്‍
(താരങ്ങള്‍ – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)
ആയുഷ് ബദോനി & അര്‍ഷദ് ഖാന്‍ – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 72*
ജെയിംസ് ഫോക്‌നര്‍ & ബ്രാഡ് ഹോഗ് – രാജസ്ഥാന്‍ റോയല്‍സ് – 69
ഹെന്റിക് ക്ലാസന്‍ & ഭുവനേശ്വര്‍ കുമാര്‍ – 68
ഹര്‍ഭജന്‍ സിങ് & മിച്ചല്‍ മക്‌ക്ലെങ്ഹാന്‍ – മുംബൈ ഇന്ത്യന്‍സ് – 53*
അതേസമയം, ലഖ്നൗ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് നിലവില്‍ 14 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് എന്ന നിലയിലാണ്. 32 പന്തില്‍ 52 റണ്‍സുമായി ഫ്രേസര്‍ മക്ഗൂര്‍ക്കും 21 പന്തില്‍ 36 റണ്‍സുമായി റിഷബ് പന്തുമാണ് ക്രീസില്‍.
ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍
പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, ഷായ് ഹോപ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്സ്, അക്സര്‍ പട്ടേല്‍, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പ്ലെയിങ് ഇലവന്‍
കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, ദേവ്ദത്ത് പടിക്കല്‍, മാര്‍കസ് സ്റ്റോയ്നിസ്, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, ക്രണാല്‍ പാണ്ഡ്യ, അര്‍ഷദ് ഖാന്‍, രവി ബിഷ്ണോയ്, നവീന്‍ ഉള്‍ ഹഖ്, യാഷ് താക്കൂര്‍
Content highlight: IPL 2024: LSG vs DC: Ayush Badoni created new record in IPL