ക്യാപ്റ്റന്‍ സെഞ്ച്വറിയടിച്ച മത്സരത്തില്‍ ജഡേജക്ക് നാണക്കേടിന്റെ ഇരട്ട സെഞ്ച്വറി; ചരിത്രത്തിലെ മൂന്നാമന്‍
IPL
ക്യാപ്റ്റന്‍ സെഞ്ച്വറിയടിച്ച മത്സരത്തില്‍ ജഡേജക്ക് നാണക്കേടിന്റെ ഇരട്ട സെഞ്ച്വറി; ചരിത്രത്തിലെ മൂന്നാമന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd April 2024, 10:59 pm

ഐ.പി.എല്‍ 2024ലെ 39ാം മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തട്ടകമായ ചെപ്പോക് സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഹോം ടീമിന്റെ എതിരാളികള്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടിയിരുന്നു.

ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ച്വറിയുടെയും സൂപ്പര്‍ താരം ശിവം ദുബെയുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് ചെന്നൈ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഗെ്ക്വാദ് 60 പന്തില്‍ പുറത്താകാതെ 108 റണ്‍സ് നേടി. 12 ഫോറും മൂന്ന് സിക്സറും അടക്കം 180.00 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലായിരുന്നു ചെന്നൈ നായകന്‍ സ്‌കോര്‍ ചെയ്തത്. 27 പന്തില്‍ 66 റണ്‍സാണ് ശിവം ദുബെ നേടിയത്. ആകാശം തൊട്ട ഏഴ് പടുകൂറ്റന്‍ സിക്സറും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ദുബെയുടെ ഇന്നിങ്സ്. 244.44 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുണ്ടായിരുന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് തുടക്കം പാളി. സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്ക് ബ്രോണ്‍സ് ഡക്കായി പുറത്തായി. ദീപക് ചഹറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്.

മാര്‍കസ് സ്റ്റോയ്‌നിസാണ് വണ്‍ ഡൗണായെത്തിയത്. മികച്ച രീതിയില്‍ ബാറ്റ് വീശിയ സ്‌റ്റോയ്‌നിസിന്റെ കരുത്തില്‍ ലഖ്‌നൗ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുകയാണ്.

ഇതിനിടെ ഒരു മോശം റെക്കോഡ് സ്‌റ്റോയ്‌നിസ് ചെന്നൈ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പേരില്‍ ചാര്‍ത്തിക്കൊടുത്തിരുന്നു. ഐ.പി.എല്ലില്‍ 200 റണ്‍സ് വഴങ്ങുന്ന ബൗളര്‍ എന്ന നേട്ടമാണ് മാര്‍കസ് സ്റ്റോയ്‌നിസ് സിക്‌സര്‍ നേടിയതിലൂടെ ജഡേജയുടെ പേരില്‍ കുറിക്കപ്പെട്ടത്.

മത്സരത്തിന്റെ എട്ടാം ഓവറിന്റെ നാലാം പന്തിലാണ് സ്റ്റോയ്‌നിസ് ജഡേജയെ സിക്‌സറിന് പറത്തിയത്. ഐ.പി.എല്ലില്‍ ജഡേജ വഴങ്ങുന്ന 200ാം സിക്‌സറാണിത്. ഐ.പി.എല്ലില്‍ ഈ മോശം റെക്കോഡ് സ്വന്തമാക്കിയ മൂന്നാത് ബൗളറാണ് ജഡേജ.

ഐ.പി.എല്ലില്‍ ഏറ്റവുമധികം സിക്‌സര്‍ വഴങ്ങുന്ന ബൗളര്‍

(താരം – വഴങ്ങിയ സിക്‌സര്‍ എന്നീ ക്രമത്തില്‍)

പിയൂഷ് ചൗള – 213

യൂസ്വേന്ദ്ര ചഹല്‍ – 207

രവീന്ദ്ര ജഡേജ – 200*

ആര്‍. അശ്വിന്‍ – 192

അമിത് മിശ്ര – 182

അതേസമയം, ചെന്നൈ ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗ നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ 115/3 എന്ന നിലയിലാണ്. 41 പന്തില്‍ 76 റണ്‍സുമായി മാര്‍കസ് സ്റ്റോയ്‌നിസും മൂന്ന് പന്തില്‍ മൂന്ന് റണ്‍സുമായി നിക്കോളാസ് പൂരനുമാണ് ക്രീസില്‍.

 

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

അജിന്‍ക്യ രഹാനെ, ഋതുരാജ് ഗെയ്ക്വാദ്, ഡാരില്‍ മിച്ചല്‍, മോയിന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ. എം.എസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, തുഷാര്‍ ദേശ്പാണ്ഡേ, മുസ്തഫിസുര്‍ റഹ്‌മാന്‍, മതീശ പതിരാന.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക്, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍)മാര്‍കസ് സ്റ്റോയ്‌നിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, മാറ്റ് ഹെന്റി, രവി ബിഷ്‌ണോയ്, മോഹ്‌സിന്‍ ഖാന്‍, യാഷ് താക്കൂര്‍.

 

 

Content Highlight: IPL 2024: LSG vs CSK: Ravindra Jadeja becomes 3rd bowler to concede 200 sixes in IPL