| Friday, 19th April 2024, 10:58 pm

ഈ 42ാം വയസില്‍ ഇങ്ങേര് എന്ത് ഭാവിച്ചിട്ടാ... സഞ്ജു അടക്കമുള്ളവര്‍ക്ക് ഈ നേട്ടം ലക്ഷ്യം വെക്കാം, പക്ഷേ ഒന്നാമന്‍ തല തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 34ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ നേരിടുകയാണ്. സൂപ്പര്‍ ജയന്റ്സിന്റെ സ്വന്തം തട്ടകമായ എകാന സ്പോര്‍ട്സ് സിറ്റിയാണ് ചെന്നൈ – ലഖ്‌നൗ പോരാട്ടത്തിന് വേദിയാകുന്നത്.

മത്സരത്തില്‍ ടോസ് നേടിയ കെ.എല്‍. രാഹുല്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് സൂപ്പര്‍ കിങ്‌സ് നേടിയത്. രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ച്വറിയും അജിന്‍ക്യ രഹാനെ, മോയിന്‍ അലി, എം.എസ്. ധോണി എന്നിവരുടെ തകര്‍പ്പന്‍ വെടിക്കെട്ടുമാണ് ചെന്നൈക്ക് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.

ജഡേജ 40 പന്തില്‍ പുറത്താകാതെ 57 റണ്‍സ് നേടിയപ്പോള്‍ രഹാനെ 24 പന്തില്‍ 36 റണ്‍സും മോയിന്‍ അലി 20 പന്തില്‍ 30 റണ്‍സും നേടി.

ഒമ്പത് പന്ത് നേരിട്ട് പുറത്താകാതെ 28 റണ്‍സാണ് എം.എസ്. ധോണി സ്വന്തമാക്കിയത്. മൂന്ന് ഫോറും രണ്ട് സിക്സറും അടക്കം 311.11 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലായിരുന്നു ധോണി റണ്ണടിച്ചുകൂട്ടിയത്.

ഇതിന് പിന്നാലെ ഒരു ഐതിഹാസിക നേട്ടവും ധോണി സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ 5,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്.

ഐ.പി.എല്ലിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ ആറാം സ്ഥാനക്കാരാണ് എം.എസ്. 223 ഇന്നിങ്‌സില്‍ നിന്നും 39.45 ശരാശരിയിലും 136.99 എന്ന സ്‌ട്രൈക്ക് റേറ്റിലും 5,169 റണ്‍സാണ് ധോണി നേടിയത്. 24 അര്‍ധ സെഞ്ച്വറികള്‍ തന്റെ പേരില്‍ കുറിച്ച ധോണിയുടെ ഹൈ സ്‌കോര്‍ 84* ആണ്.

അതേസമയം, ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗ നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 134 എന്ന നിലയിലാണ്. മുസ്തഫിസുര്‍ റഹ്‌മാനെറിഞ്ഞ 15ാം ഓവറിലെ അവസാന പന്തില്‍ ക്വിന്റണ്‍ ഡി കോക്കിന്റെ വിക്കറ്റാണ് ഹോം ടീമിന് നഷ്ടമായത്. 43 പന്തില്‍ 54 റണ്‍സാണ് താരം നേടിയത്.

നിലവില്‍ 47 പന്തില്‍ 73 റണ്‍സുമായി കെ.എല്‍. രാഹുലും ഡി കോക്കിന് പിന്നാലെ വണ്‍ ഡൗണായെത്തിയ നിക്കോളാസ് പൂരനുമാണ് ക്രീസില്‍.

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക്, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), മാര്‍കസ് സ്റ്റോയ്നിസ്, ദീപക് ഹൂഡ, നിക്കോളാസ് പൂരന്‍, ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, മാറ്റ് ഹെന്റി, രവി ബിഷ്ണോയ്, മൊഹ്സിന്‍ ഖാന്‍, യാഷ് താക്കൂര്‍.

ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലെയിങ് ഇലവന്‍

അജിന്‍ക്യ രഹാനെ, രചിന്‍ രവീന്ദ്ര, ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ശിവം ദുബെ, മോയിന്‍ അലി, എം.എസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, തുഷാര്‍ ദേശ്പാണ്ഡേ, മുസ്തഫിസുര്‍ റഹ്‌മാന്‍, മതീശ പതിരാന.

Content Highlight: IPL 2024: LSG vs CSK: MS Dhoni becomes the first wicket keeper to score 5,000 runs in IPL

Latest Stories

We use cookies to give you the best possible experience. Learn more