| Monday, 11th March 2024, 1:28 pm

സഞ്ജുവിനെ ഉപേക്ഷിച്ച സിംഹം മടയിലേക്ക് തിരിച്ചെത്തി; എതിര്‍ ടീമുകളുടെ വിധി തിരുത്തിയെഴുതാന്‍ അണിയറയിലേക്ക് ബ്രഹ്‌മാസ്ത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ 2024 എഡിഷന് മുമ്പ് മുംബൈ ഇന്ത്യന്‍സിനൊപ്പം ജോയിന്‍ ചെയ്ത് ടീമിന്റെ ബൗളിങ് പരിശീലകനായ ലസിത് മലിംഗ. ഷെയ്ന്‍ ബോണ്ടിനെ റീപ്ലേസ് ചെയ്താണ് മലിംഗ ടീമിന്റെ ബൗളിങ് കോച്ചായി മടങ്ങിയെത്തിയിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് കോച്ചായി പ്രവര്‍ത്തിച്ചുവരവെയാണ് മലിംഗ വീണ്ടും തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്താന്‍ തീരുമാനിച്ചത്.

കോച്ചിങ്ങില്‍ വേണ്ടുവോളം അനുഭവ സമ്പത്ത് മരതക ദ്വീപിന്റെ ഈ മാണിക്യത്തിനുണ്ട്. രാജസ്ഥാന്‍ ബൗളിങ് കോച്ച് എന്നതിന് പുറമെ 2022ല്‍ ഓസീസിനെതിരെയുള്ള പരമ്പരയില്‍ മലിംഗ ശ്രീലങ്കയുടെ ബൗളിങ് സ്ട്രാറ്റജി കോച്ചായി പ്രവര്‍ത്തിച്ചിരുന്നു.

ഐ.പി.എല്‍ ആദ്യ സീസണായ 2008 മുതല്‍ 2020 വരെ മുംബൈയുടെ പ്രധാന താരമായിരുന്നു മലിംഗ. വിരമിക്കുമ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍ എന്ന ഖ്യാതിയോടെയാണ് യോര്‍ക്കര്‍ കിങ് പടിയിറങ്ങിയത്. 122 മത്സരത്തില്‍ 170 വിക്കറ്റാണ് അദ്ദേഹം നേടിയത്.

മുംബൈയില്‍ നിന്നും വിരമിച്ചതിന് ശേഷം അദ്ദേഹം രാജസ്ഥാന്‍ റോയല്‍സിന്റെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച വരുത്തുന്ന തിരക്കിലായിരുന്നു. ഇപ്പോള്‍ രണ്ട് വര്‍ഷത്തിന് ശേഷം സിംഹം അതിന്റെ മടയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

മുംബൈയോടൊപ്പം നാല് ഐ.പി.എല്‍ കിരീടവും മലിംഗ നേടിയിട്ടുണ്ട്. 2013, 2015, 2017, 2019 സീസണിലായിരുന്നു താരം കിരീടത്തില്‍ മുത്തമിട്ടത്. 2020 സീസണില്‍ മുംബൈ കിരീടം നേടിയപ്പോള്‍ മലിംഗ പരിക്കേറ്റ് പുറത്തായിരുന്നു.

2011ല്‍ മുംബൈയോടൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനം പുതിയ സീസണില്‍ മാറുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്. മുംബൈ നിരയിലെ ആകാശ് മധ്വാള്‍ അടക്കമുള്ള താരങ്ങള്‍ മലിംഗക്ക് കീഴില്‍ തിളങ്ങുമെന്നുറപ്പാണ്.

മാര്‍ച്ച് 24നാണ് ഐ.പി.എല്‍ 2024ല്‍ മുംബൈ ഇന്ത്യന്‍സ് ആദ്യ മത്സരം കളിക്കുക. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ശുഭ്മന്‍ ഗില്ലിന്റെ ഗുറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ്

രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ടിം ഡേവിഡ്, അന്‍ഷുല്‍ കംബോജ്, ഡെവാള്‍ഡ് ബ്രെവിസ്, ജെറാള്‍ഡ് കോട്‌സി, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), മുഹമമ്ദ് നബി, നമന്‍ ധിര്‍, നേഹല്‍ വധേര, റൊമാരിയോ ഷെപ്പേര്‍ഡ്, ഷാംസ് മുലാനി, ശിവാലിക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ആകാശ് മധ്വാള്‍, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, ദില്‍ഷന്‍ മധുശങ്ക, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, ജസ്പ്രീത് ബുംറ, കുമാര്‍ കാര്‍ത്തികേയ, നുവാന്‍ തുഷാര, പീയൂഷ് ചൗള, ശ്രേയസ് ഗോപാല്‍.

Content highlight: IPL 2024: Lasith Malinga joins Mumbai Indians camp

We use cookies to give you the best possible experience. Learn more