| Tuesday, 28th May 2024, 8:49 pm

7.20 കോടി രൂപക്ക് 4 മത്സരത്തില്‍ നിന്നും 3 റണ്‍സ്; ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്‌ളോപ്

സ്പോര്‍ട്സ് ഡെസ്‌ക്

ആളും ആരവവും ആവേശവുമായി ഐ.പി.എല്ലിന്റെ 17ാം എഡിഷനും തിരശ്ശീല വീണിരിക്കുകയാണ്. സ്റ്റേഡിയങ്ങള്‍ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയെങ്കിലും ക്രിക്കറ്റ് സര്‍ക്കിളുകളില്‍ ഐ.പി.എല്‍ ഇപ്പോഴും സജീവ ചര്‍ച്ചാവിഷയം തന്നെയാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മിച്ചല്‍ സ്റ്റാര്‍ക്കിനായി 24.75 കോടി രൂപയും സണ്‍റൈസേഴ്സ് ഹൈദരാബാദ് തങ്ങളുടെ നായകന്‍ പാറ്റ് കമ്മിന്‍സിനായി 20 കോടി രൂപയും ടീം മുടക്കിയത് ഒട്ടും പാഴായിപ്പോയില്ല എന്ന് അവര്‍ പ്രകടനം കൊണ്ട് അടിവരയിട്ടപ്പോള്‍ കോടികള്‍ മുടക്കി വാങ്ങിയിട്ടും കാര്യമില്ലാതായ നിരവധി താരങ്ങളും എന്നത്തെയുംപ്പോലെ ഈ സീസണിലുമുണ്ടായിട്ടുണ്ട്.

കോടികള്‍ മുടക്കി ടീമിലെത്തിക്കുകയും എന്നാല്‍ മോശം ഫോമിനെ തുടര്‍ന്നോ പരിക്കിനെ തുടര്‍ന്നോ കളിക്കാന്‍ സാധിക്കാതെ പോയ താരങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

ഇത്തരത്തില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ദല്‍ഹി ക്യാപ്പിറ്റല്‍സിനാണ്. ആഭ്യന്തര തലത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സ്വന്തമാക്കിയ യുവതാരം കുമാര്‍ കുശാഗ്രക്കാണ് ടീമിനായി ഒട്ടും തന്നെ തിളങ്ങാന്‍ സാധിക്കാതെ പോയത്.

7 കോടി 20 ലക്ഷം രൂപക്ക് സ്വന്തമാക്കിയിട്ടും അടിസ്ഥാന വിലയ്ക്ക് പോന്ന പ്രകടനം പോലും താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.

ക്യാപ്പിറ്റല്‍സിനായി നാല് മത്സരത്തിലാണ് ആഭ്യന്തര തലത്തില്‍ ജാര്‍ഖണ്ഡിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയായ കുമാര്‍ കുശാഗ്ര കളത്തിലിറങ്ങിയത്. എന്നാല്‍ ഈ നാല് മത്സരത്തില്‍ നിന്നും ആകെ നേടിയതാകട്ടെ വെറും മൂന്ന് റണ്‍സും. ഉയര്‍ന്ന സ്‌കോര്‍ രണ്ട്!

ഐ.പി.എല്ലില്‍ ഒരു യുവതാരത്തിന് ലഭിക്കാവുന്ന ഏറ്റവും മോശം തുടക്കമാണ് കുശാഗ്രക്ക് ലഭിച്ചതെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.

ഈ സീസണില്‍ കളിച്ച നാല് മത്സരത്തില്‍ നിന്നുമായി ഏഴ് പന്തുകളാണ് താരം നേരിട്ടത്. ശരാശരി 1.0. സ്‌ട്രൈക്ക് റേറ്റ് 42.86.

ആഭ്യന്തര തലത്തില്‍ കളിച്ച 19 മത്സരത്തില്‍ നിന്നും 40.16 ശരാശരിയിലും 59.82 സ്‌ട്രൈക്ക് റേറ്റിലും 1,245 റണ്‍സാണ് താരം നേടിയത്.

23 ലിസ്റ്റ് എ മത്സരത്തിലെ 19 ഇന്നിങ്‌സില്‍ നിന്നും 700 റണ്‍സ് നേടിയ കുശാഗ്ര 14 ടി-20 ഇന്നിങ്‌സില്‍ നിന്നും 143 റണ്‍സും നേടിയിട്ടുണ്ട്.

കുശാഗ്രയെ പോലെ ലേലത്തില്‍ കോടികള്‍ ലഭിച്ചിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയ മറ്റൊരു താരവും ദല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമുണ്ടായിരുന്നു. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ പേസര്‍ ജെയ് റിച്ചാര്‍ഡ്‌സണായിരുന്നു അത്.

അഞ്ച് കോടി രൂപക്കാണ് ക്യാപ്പിറ്റല്‍സ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ വെറും ഒറ്റ മത്സരമാണ് റിച്ചാര്‍ഡ്‌സണ് കളിക്കാന്‍ സാധിച്ചത്.

ഇഷാന്ത് ശര്‍മ, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, ആന്റിക് നോര്‍ക്യ എന്നിവരടങ്ങുന്ന ക്യാപ്പിറ്റല്‍സിന്റെ സമ്പന്നമായ പേസ് നിരയില്‍ റിച്ചാര്‍ഡ്സണിന്റെ പേര് മുങ്ങിപ്പോവുകയായിരുന്നു. ഇവര്‍ ടീമിനൊപ്പമുള്ളതിനാല്‍ പ്ലെയിങ് ഇലവന്റെ ഭാഗമാകാനും താരത്തിന് സാധിച്ചില്ല.

മുംബൈക്കെതിരെയാണ് റിച്ചാര്‍ഡ്സണ്‍ ഈ സീസണിലെ ഏക മത്സരം കളിച്ചത്. വാംഖഡെയില്‍ നടന്ന മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ താരത്തിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. 40 റണ്‍സ് വഴങ്ങുകയും ചെയ്തു.

Content Highlight: IPL 2024: Kumar Kushagra’s worst performance

We use cookies to give you the best possible experience. Learn more