| Saturday, 23rd March 2024, 9:31 pm

റസല്‍❌ മസില്‍✔️; സോള്‍ട്ട്❌ റ്റൂ സ്വീറ്റ്✔️; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീമഴ പെയ്യിച്ച് നൈറ്റ് റൈഡേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ 208 റണ്‍സിന്റെ ടോട്ടല്‍ പടുത്തുയര്‍ത്തി പര്‍പ്പിള്‍ ആര്‍മി. തങ്ങളുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത ഫില്‍ സോള്‍ട്ടിന്റെയും ആന്ദ്രേ റസലിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് തകര്‍പ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ടോപ് ഓര്‍ഡറില്‍ ഫില്‍ സോള്‍ട്ട് ഒഴികെ എല്ലാവരും മങ്ങിയപ്പോള്‍ മിഡില്‍ ഓര്‍ഡറില്‍ റസല്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതലയേറ്റെടുക്കുകയായിരുന്നു.

സീസണിലെ രണ്ടാം അര്‍ധ സെഞ്ച്വറിയെന്ന നേട്ടത്തോടെയാണ് ഫില്‍ സോള്‍ട്ട് ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. 40 പന്തില്‍ 54 റണ്‍സാണ് താരം നേടിയത്. മൂന്ന് വീതം സിക്‌സറും ഫോറും അടങ്ങുന്നതായിരുന്നു സോള്‍ട്ടിന്റെ ഇന്നിങ്‌സ്.

സിക്‌സറുകളുടെ പെരുമഴ പെയ്യിച്ച് നേരിട്ട 20ാം പന്തിലാണ് റസല്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അവിടം കൊണ്ടും നിര്‍ത്താന്‍ ഉദ്ദേശമില്ലാതിരുന്ന റസല്‍ തുടര്‍ന്നും ആഞ്ഞടിച്ചുകൊണ്ടിരുന്നു.

ഒടുവില്‍ 25 പന്തില്‍ പുറത്താകാതെ 64 റണ്‍സാണ് റസല്‍ നേടിയത്. ഏഴ് സിക്‌സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു റസലിന്റെ ഇന്നിങ്‌സ്. 256.00 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് വിന്‍ഡീസ് കരുത്തില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ തീമഴ പെയ്യിച്ചത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് കെ.കെ.ആര്‍ അടിച്ചെടുത്തത്. സീസണില്‍ ഇതാദ്യമായി 200+ റണ്‍സ് നേടുന്ന ടീമായും നൈറ്റ് റൈഡേഴ്‌സ് മാറി.

റസലിനും സോള്‍ട്ടിനും പുറമെ രമണ്‍ദീപ് സിങ്ങും റിങ്കു സിങ്ങും മികച്ച പ്രകടനം പുറത്തെടുത്തു. രമണ്‍ദീപ് 17 പന്തില്‍ 35 റണ്‍സ് നേടി പുറത്തായപ്പോള്‍ 15 പന്തില്‍ 23 റണ്‍സാണ് റിങ്കു നേടിയത്.

സണ്‍റൈസേഴ്‌നായി ടി. നടരാജന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മായങ്ക് മാര്‍ക്കണ്ഡേ രണ്ടും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും നേടി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍

ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, നിതീഷ് റാണ, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, ഏയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, മാര്‍കോ യാന്‍സെന്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡേ, ടി. നടരാജന്‍

Content Highlight: IPL 2024: KKR vs SRH: Kolkata Knight Riders score 208

We use cookies to give you the best possible experience. Learn more