ഐ.പി.എല്‍ 2024ലെ 31ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുകയാണ്. തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് നേടി.
സൂപ്പര്‍ താരം സുനില്‍ നരെയ്‌ന്റെ സെഞ്ച്വറി കരുത്തിലാണ് ഹോം ടീം മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 56 പന്തില്‍ 109 റണ്‍സാണ് താരം നേടിയത്. 13 ബൗണ്ടറിയും ആറ് സിക്സറും അടക്കം 194.64 എന്ന വെടിക്കെട്ട് സ്ട്രൈക്ക് റേറ്റിലാണ് താരം സെഞ്ച്വറി നേടിയത്.
രാജസ്ഥാനെതിരായ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല റെക്കോഡുകളും നരെയ്ന്‍ സ്വന്തമാക്കിയിരുന്നു. അതില്‍ പ്രധാനമാണ് ഐ.പി.എല്ലിലെ ഐക്കോണിക് ഡബിള്‍ നേട്ടം.
ഐ.പി.എല്ലില്‍ സെഞ്ച്വറിയും ഫൈഫറും നേടുന്ന ഏക താരം എന്ന ചരിത്ര നേട്ടമാണ് നരെയ്ന്‍ സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഇതുവരെ ചുരുങ്ങിയത് ഒരു സെഞ്ച്വറിയെങ്കിലും നേടിയ 50 താരങ്ങളും ചുരുങ്ങിയത് ഒരു ഫൈഫറെങ്കിലും പൂര്‍ത്തിയാക്കിയ 30 താരങ്ങളുമുണ്ട്. എന്നാല്‍ ഈ രണ്ട് നേട്ടങ്ങളും ഒന്നിച്ചുള്ളത് നരെയ്‌ന് മാത്രമാണ്.
കൊല്‍ക്കത്തക്കായി ഈഡന്‍ ഗാര്‍ഡന്‍സില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടവും നരെയ്ന്‍ സ്വന്തമാക്കി. ഇതുവരെ കൊല്‍ക്കത്തക്കായി സെഞ്ച്വറി നേടിയ മൂന്ന് താരങ്ങളില്‍ മറ്റ് രണ്ട് പേരും എതിരാളികളുടെ ഹോം ഗ്രൗണ്ടിലായിരുന്നു നൂറടിച്ചത്.
കൊല്‍ക്കത്തക്കായി ആദ്യ സെഞ്ച്വറി നേടിയ ബ്രണ്ടന്‍ മക്കെല്ലം ചിന്നസ്വാമി സ്റ്റേഡിയത്തിലും രണ്ടാം തവണ നൂറടിച്ച വെങ്കിടേഷ് അയ്യര്‍ വാംഖഡെ സ്റ്റേഡിയത്തിലുമാണ് ടണ്‍ നേട്ടം പൂര്‍ത്തിയാക്കിയത്.