ഐ.പി.എല്ലിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിനാണ് രാജസ്ഥാന്‍ റോയല്‍സ് ഒരുങ്ങുന്നത്. സ്വന്തം തട്ടകമായ അസമിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.
ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ തോല്‍വികളേറ്റുവാങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് ആദ്യ ക്വാളിഫയര്‍ മത്സരത്തിന് യോഗ്യത നേടാനാകും ലക്ഷ്യമിടുന്നത്. ഞായറാഴ്ച നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – പഞ്ചാബ് കിങ്‌സ് മത്സരത്തില്‍ സണ്‍റൈസേഴ്‌സ് വിജയിക്കുകയാണെങ്കില്‍ ആദ്യ ക്വാളിഫയര്‍ കളിക്കാന്‍ രാജസ്ഥാന് മുമ്പില്‍ വിജയമല്ലാതെ മറ്റൊരു മാര്‍ഗവുമില്ല.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ വിജയിച്ച് ആദ്യ ക്വാളിഫയര്‍ കളിക്കാനും തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്നും മറികടക്കാനുമാണ് രാജസ്ഥാന്‍ റോയല്‍സ് ഒരുങ്ങുന്നത്.
തുടര്‍ച്ചയായ പരാജയങ്ങളില്‍ രാജസ്ഥാന്‍ നായകന് മേലും സമ്മര്‍ദമേറെയാണ്. ആരാധകര്‍ പോലും വിമര്‍ശകരായി മാറുന്ന സ്ഥിതിയാണ് നിലവില്‍ സഞ്ജുവിനുള്ളത്.
എന്നാല്‍, ഈ മത്സരത്തില്‍ രാജസ്ഥാന്‍ നായകനെ ഒരു ചരിത്ര നേട്ടവും കാത്തിരിക്കുന്നുണ്ട്. ടി-20 ഫോര്‍മാറ്റില്‍ 300 സിക്‌സറുകള്‍ എന്ന നേട്ടമാണ് സഞ്ജുവിന് മുമ്പിലുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളര്‍മാരെ മൂന്ന് തവണ ഗ്യാലറിയിലെത്തിച്ചാല്‍ 300 ടി-20 സിക്‌സറുകള്‍ നേടിയ താരങ്ങളുടെ എലീറ്റ് ലിസ്റ്റിലേക്കാണ് രാജസ്ഥാന്‍ നായകന്‍ കാലെടുത്ത് വെക്കുക.
2011ല്‍ ടി-20 ഫോര്‍മാറ്റിലെ ആദ്യ മത്സരം കളിച്ച സഞ്ജു 259 ഇന്നിങ്‌സില്‍ നിന്നുമാണ് ഇതുവരെ 297 സിക്‌സറുകള്‍ നേടിയത്. 548 ബൗണ്ടറികളും താരം സ്വന്തമാക്കിയിട്ടുണ്ട്.
29.36 ശരാശരിയിലും 134.79 സ്‌ട്രൈക്ക് റേറ്റിലും 6,694 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയത്. രാജസ്ഥാന്‍ റോയല്‍സിന് പുറമെ ഐ.പി.എല്ലില്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടിയും സഞ്ജു ബാറ്റെടുത്തിട്ടുണ്ട്. ഇന്ത്യക്കായി അന്താരാഷ്ട്ര ടി-20കളില്‍ ബാറ്റേന്തിയ സഞ്ജു ആഭ്യന്തര തലത്തില്‍ കേരളത്തിനായും മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – 427 – 510
വിരാട് കോഹ്‌ലി – 273 – 408
എം.എസ്. ധോണി – 342 – 338
സുരേഷ് റെയ്‌ന – 319 – 325
സൂര്യകുമാര്‍ യാദവ് – 258 – 312
കെ.എല്‍. രാഹുല്‍ – 213 – 311
സഞ്ജു സാംസണ്‍ – 259 – 297
അതേസമയം, പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനത്തെത്താന്‍ രാജസ്ഥാന് സാധിക്കാതെ വന്നാല്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ വിജയിച്ചുവന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാകും എലിമിനേറ്ററില്‍ സഞ്ജുവിനും സംഘത്തിനും നേരിടാനുണ്ടാവുക.
നിലവില്‍ പഴയ രീതിയില്‍ കളിക്കാന്‍ സാധിക്കാതെ വരുന്ന ടീമിനെ സംബന്ധിച്ച് ആര്‍.സി.ബിക്കെതിരായ മത്സരം ബാലികേറാമലയായിരിക്കും. ഇക്കാരണത്താല്‍ എന്ത് വിലകൊടുത്തും ആദ്യ രണ്ടില്‍ സ്ഥാനമുറപ്പിക്കാനാകും സഞ്ജുവും സംഘവും ഇറങ്ങുക.
Content highlight: IPL 2024: KKR vs RR: Sanju Samson need 3 sixes to complete 300 T20 sixes