ഐ.പി.എല്‍ 2024ലെ 31ാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് ഹോം ടീമിന്റെ എതിരാളികള്‍. സീസണിലെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.
പോയിന്റ് പട്ടികയിലെ ആദ്യ സ്ഥാനക്കാരുടെ പോരാട്ടത്തിനാണ് ഈഡന്‍ ഗാര്‍ഡന്‍സ് സാക്ഷ്യം വഹിക്കുന്നത്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുമ്പോള്‍ ആവേശം നിറഞ്ഞ മത്സരത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.
രാജസ്ഥാന് ആറ് മത്സരത്തില്‍ നിന്നും അഞ്ച് ജയത്തോടെ പത്ത് പോയിന്റാണ് ഉള്ളത്. അഞ്ച് മത്സരത്തില്‍ നിന്നും നാല് ജയവും ഒരു തോല്‍വിയുമായി എട്ട് പോയിന്റാണ് രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുള്ളത്.
സീസണിലെ അവസാന രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. രാജസ്ഥാന്‍ എതിരാളികളുടെ തട്ടകത്തില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പിച്ചപ്പോള്‍ സ്വന്തം തട്ടകത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പിച്ചാണ് കൊല്‍ക്കത്ത കോര്‍ബോ ലോര്‍ബോ പാടിയത്.
കൊല്‍ക്കത്തക്കെതിരെ ഈഡന്‍ ഗാര്‍ഡന്‍സിലേക്കിറങ്ങുമ്പോള്‍ വിജയം മാത്രമായിരിക്കും സഞ്ജുവിന്റെ മനസിലുണ്ടാവുക. ഈ കളിയില്‍ വിജയിച്ചാല്‍ ഹെഡ് ടു ഹെഡില്‍ കൊല്‍ക്കൊപ്പമെത്താന്‍ രാജസ്ഥാന് സാധിക്കും.
ഐ.പി.എല്ലില്‍ ഇതുവരെ 28 മത്സരത്തിലാണ് ഇരുവരും കൊമ്പുകോര്‍ത്തത്. ഇതില്‍ 14 മത്സരത്തില്‍ കൊല്‍ക്കത്തയും 13 എണ്ണത്തില്‍ രാജസ്ഥാന്‍ റോയല്‍സും വിജയിച്ചു. ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിക്കുകയും ചെയ്തു.
ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഹെഡ് ടു ഹെഡ് ഫേസ് ഓഫില്‍ 14-14 എന്ന നിലയില്‍ രാജസ്ഥാനെയെത്തിക്കാനും സഞ്ജുവിനാകും.
കഴിഞ്ഞ സീസണില്‍ ഒരു മത്സരത്തിലാണ് രാജസ്ഥാനും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍ വന്നത്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പന്ത് ബാക്കി നില്‍ക്കവെ രാജസ്ഥാന്‍ റോയല്‍സ് പടുകൂറ്റന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. 42 പന്തില്‍ 57 റണ്‍സടിച്ച വെങ്കിടേഷ് അയ്യരായിരുന്നു ടോപ് സ്‌കോറര്‍. 17 പന്തില്‍ 22 റണ്‍സ് നേടി പുറത്തായി.
രാജസ്ഥാനായി യൂസ്വേന്ദ്ര ചഹല്‍ ഫോര്‍ഫര്‍ നേടിയപ്പോള്‍ രണ്ട് വിക്കറ്റുമായി ബോള്‍ട്ടും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
150 റണ്‍സിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ ജോസ് ബട്‌ലറിനെ മാത്രം നഷ്ടപ്പെടുത്തി, 14ാം ഓവറിലെ ആദ്യ പന്തില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.
യശസ്വി ജെയ്‌സ്വാളിന്റെ വെടിക്കെട്ടിനാണ് കൊല്‍ക്കത്ത അന്ന് സാക്ഷ്യം വഹിച്ചത്. 13 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച് ഐ.പി.എല്‍ റെക്കോഡ് തിരുത്തി കുറിച്ചാണ് ജെയസ്വാള്‍ തിളങ്ങിയത്. 47 പന്തില്‍ പുറത്താകാതെ 98 റണ്‍സാണ് ജെയ്‌സ്വാള്‍ നേടിയത്. 29 പന്തില്‍ പുറത്താകാതെ 48 റണ്‍സുമായി സഞ്ജു സാംസണും മറുതലയ്ക്കല്‍ തിളങ്ങി.
Content Highlight: IPL 2024: KKR vs RR head to head stats