| Friday, 29th March 2024, 10:20 pm

ഇങ്ങനെ ഇലഞ്ഞിത്തറ മേളം കൊട്ടുന്ന കാലം വരെ റോയല്‍ ചലഞ്ചേഴ്‌സിന് കപ്പ് സ്വപ്‌നം മാത്രം; ബെംഗളൂരുവിന്റെ പരാജയമന്ത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ പത്താം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ തുടക്കം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബൗളര്‍മാരെ തല്ലിയൊതുക്കിയാണ് നൈറ്റ് റൈഡേഴ്‌സ് സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചത്.

ഫില്‍ സോള്‍ട്ടിനൊപ്പം സുനില്‍ നരെയ്‌നാണ് കളത്തിലിറങ്ങിയത്. ഒരു വശത്ത് ആദ്യ ഓവറില്‍ തന്നെ സോള്‍ട്ട് വെടിക്കെട്ട് തുടങ്ങിയപ്പോള്‍ പതിഞ്ഞാണ് നരെയ്ന്‍ ഇന്നിങ്‌സ് ആരംഭിച്ചത്. എന്നാല്‍ അല്‍പസമയത്തിന് ശേഷം സുനില്‍ നരെയ്ന്‍ റാംപെയ്ജിനാണ് ചിന്നസ്വാമി സാക്ഷ്യം വഹിച്ചത്.

മുഹമ്മദ് സിറാജിനെയും യാഷ് ദയാലിനെയും അല്‍സാരി ജോസഫിനെയും നരെയ്‌നും സോള്‍ട്ടും അടിച്ചൊതുക്കിയതോടെ ആര്‍.സി.ബി ആരാധകരുടെ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റുതുടങ്ങി.

പവര്‍പ്ലേ ഓവര്‍ അവസാനിച്ചപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 85 റണ്‍സാണ് കൊല്‍ക്കത്ത അടിച്ചെടുത്തത്. നരെയ്ന്‍ 20 പന്ത് നേരിട്ട് 47 റണ്‍സടിച്ചപ്പോള്‍ സോള്‍ട്ട് 16 പന്തില്‍ 28 റണ്‍സും നേടി.

യാഷ് ദയാലെറിഞ്ഞ ആറാം ഓവറില്‍ രണ്ട് സിക്‌സറും രണ്ട് ഫോറും അടക്കം 21 റണ്‍സാണ് പിറന്നത്.

പവര്‍പ്ലേയില്‍ മുഹമ്മദ് സിറാജ് രണ്ട് ഓവറില്‍ 29 റണ്‍സ് വഴങ്ങിയപ്പോള്‍ യാഷ് ദയാല്‍ മൂന്ന് ഓവറില്‍ 37 റണ്‍സും വഴങ്ങി. ഒരു ഓവറില്‍ 14 റണ്‍സാണ് അല്‍സാരി ജോസഫ് വിട്ടുകൊടുത്തത്.

ആര്‍.സി.ബി എക്കാലത്തും നേരിടുന്ന പ്രധാന ദൗര്‍ബല്യമാണ് ബൗളര്‍മാരുടെ മോശം പ്രകടനം. കഴിഞ്ഞ സീസണുകളിലേതെന്ന പോലെ ഈ സീസണിലും ബൗളര്‍മാര്‍ റണ്‍സ് വഴങ്ങുകയാണ്.

ഇതിന് പിന്നാലെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ബാറ്റര്‍മാര്‍ എത്രത്തോളം റണ്‍സ് നേടിയാലും അത് വിട്ടുകൊടുക്കാന്‍ ബൗളര്‍മാര്‍ മത്സരിക്കുകയാണെന്നും ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കാത്ത കാലത്തോളം ആര്‍.സി.ബിക്ക് കിരീടം എന്നും അന്യമാണെന്നും ആരാധകര്‍ പറയുന്നത്.

നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 104 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് കൊല്‍ക്കത്ത. ഒമ്പത് പന്തില്‍ 12 റണ്‍സുമായി വെങ്കിടേഷ് അയ്യരും മൂന്ന് പന്തില്‍ മൂന്ന് റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

നേരത്തെ വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ആര്‍.സി.ബി പൊരുതാവുന്ന സ്‌കോറിലെത്തിയത്. വിരാട് 59 പന്തില്‍ പുറത്താകാതെ 83 റണ്‍സ് നേടി. കാമറൂണ്‍ ഗ്രീന്‍ 21 പന്തില്‍ 33 റണ്‍സ് നേടിയപ്പോള്‍ മാക്‌സ്‌വെല്‍ 19 പന്തില്‍ 28 റണ്‍സും സ്വന്തമാക്കി.

ഏഴാം നമ്പറിലിറങ്ങി എട്ട് പന്തില്‍ 20 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്കും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍

ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), രമണ്‍ദീപ് സിങ്, റിങ്കു സിങ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്, അനുകൂല്‍ റോയ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

ഇംപാക്ട് സബ്

സുയാഷ് ശര്‍മ, വൈഭവ് അറോറ, മനീഷ് പാണ്ഡേ, ആംഗ്ക്രിഷ് രഘുവംശി, റഹ്‌മാനുള്ള ഗുര്‍ബാസ്

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍:

വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, അനുജ് റാവത്ത് (വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക്, അല്‍സാരി ജോസഫ്, മായങ്ക് ഡാഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

ഇംപാക്ട് സബ്

മഹിപാല്‍ ലോംറോര്‍, സുയാഷ് പ്രഭുദേശായി, കരണ്‍ ശര്‍മ, വിജയ്കുമാര്‍ വൈശാഖ്, സ്വപ്നില്‍ സിങ്.

Content Highlight: IPL 2024: KKR vs RCB: poor performance of RCB bowlers in powerplay

Latest Stories

We use cookies to give you the best possible experience. Learn more