ഐ.പി.എല്‍ 2024ലെ 51ാം മത്സരം മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് മത്സരത്തില്‍ ഹോം ടീമിന്റെ എതിരാളികള്‍.
നേരത്തെ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തക്ക് തുടക്കം പിഴച്ചിരുന്നു. പവര്‍പ്ലേയില്‍ 57 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ കെ.കെ.ആര്‍ പതറിയിരുന്നു. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നേടിയ നുവാന്‍ തുഷാരയാണ് കൊല്‍ക്കത്തയെ വരിഞ്ഞുമുറിക്കിയത്.
പവര്‍പ്ലേ അവസാനിച്ച ശേഷമുള്ള ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ പിയൂഷ് ചൗള വിക്കറ്റ് നേടി. സൂപ്പര്‍ താരം റിങ്കു സിങ്ങിനെ റിട്ടേണ്‍ ക്യാച്ചായി മടക്കിയാണ് ചൗള പുറത്താക്കിയത്.
ഈ വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ചൗള തന്റെ പേരില്‍ കുറിച്ചിരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നാണ് ചൗള തിളങ്ങിയത്.
ചെന്നൈ ലെജന്‍ഡ് ഡ്വെയ്ന്‍ ബ്രാവോയെ മറികടന്നാണ് ചൗള രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.
ഐ.പി.എല്ലിലെ 189ാം മത്സരത്തിലാണ് ചൗള ഈ നേട്ടം സ്വന്തമാക്കിയത്. 27.27 എന്ന ശരാശരിയിലും 7.95 എന്ന എക്കോണമിയിലും പന്തെറിയുന്ന ചൗളയുടെ സ്‌ട്രൈക്ക് റേറ്റ് 20.56 ആണ്. രണ്ട് ഫോര്‍ഫറാണ് ഐ.പി.എല്‍ കരിയറില്‍ താരം സ്വന്തമാക്കിയത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് താരം പന്തെറിഞ്ഞിട്ടുള്ളത്.
അതേസമയം, വെങ്കിടേഷ് അയ്യരുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ കൊല്‍ക്കത്ത 19.5 ഓവറില്‍ 169 റണ്‍സ് നേടി. 52 പന്തില്‍ 70 റണ്‍സാണ് വെങ്കിടേഷ് അയ്യര്‍ നേടിയത്. മൂന്ന് സിക്‌സറും ആറ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.