| Friday, 29th March 2024, 10:53 pm

അങ്ങനെ ഐ.പി.എല്ലിലെ ആ ട്രെന്‍ഡും അവസാനിച്ചു, അല്ല അവസാനിപ്പിച്ചു; സ്വന്തം മണ്ണില്‍ നെഞ്ചുനീറി വിരാടും സംഘവും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ പത്താം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയം. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു കൊല്‍ക്കൊത്തയുടെ വിജയം.

ആര്‍.സി.ബി ഉയര്‍ത്തിയ 184 റണ്‍സിന്റെ വിജയലക്ഷ്യം 19 പന്തും ഏഴ് വിക്കറ്റും കയ്യിലിരിക്കെ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ആര്‍.സി.ബി പൊരുതാവുന്ന സ്‌കോറിലെത്തിയത്. വിരാട് 59 പന്തില്‍ പുറത്താകാതെ 83 റണ്‍സ് നേടി. കാമറൂണ്‍ ഗ്രീന്‍ 21 പന്തില്‍ 33 റണ്‍സ് നേടിയപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ 19 പന്തില്‍ 28 റണ്‍സും സ്വന്തമാക്കി.

ഏഴാം നമ്പറിലിറങ്ങി എട്ട് പന്തില്‍ 20 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തിക്കിന്റെ കാമിയോ ഇന്നിങ്‌സും ആര്‍.സിബിക്ക് നിര്‍ണായകമായി.

കൊല്‍ക്കത്തക്കായി ആന്ദ്രേ റസല്‍ ഹര്‍ഷിത് റാണയും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സുനില്‍ നരെയ്ന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ ആഞ്ഞടിച്ചു. ഓപ്പണിങ്ങല്‍ ഫില്‍ സോള്‍ട്ടും സുനില്‍ നരെയ്‌നുമാണ് തകര്‍ത്തടിച്ചത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 85 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്.

പവര്‍പ്ലേയില്‍ മുഹമ്മദ് സിറാജ് രണ്ട് ഓവറില്‍ 29 റണ്‍സ് വഴങ്ങിയപ്പോള്‍ യാഷ് ദയാല്‍ മൂന്ന് ഓവറില്‍ 37 റണ്‍സും വഴങ്ങി. ഒരു ഓവറില്‍ 14 റണ്‍സാണ് അല്‍സാരി ജോസഫ് വിട്ടുകൊടുത്തത്.

പവര്‍പ്ലേക്ക് പിന്നാലെ സുനില്‍ നരെയ്‌നെയും ഫില്‍ സോള്‍ട്ടിനെയും നൈറ്റ് റൈഡേഴ്‌സിന് നഷ്ടമായി. നരെയ്ന്‍ 22 പന്തില്‍ 47 റണ്‍സ് നേടിയപ്പോള്‍ സോള്‍ട്ട് 20 പന്തില്‍ 30 റണ്‍സാണ് നേടിയത്.

എന്നാല്‍ പിന്നാലെയെത്തിയ സൂപ്പര്‍ താരം വെങ്കിടേഷ് അയ്യര്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

നേരിട്ട 29ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് വെങ്കിടേഷ് അയ്യര്‍ ഐ.പി.എല്‍ ചരിത്രത്തിലെ ഏട്ടാം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. തൊട്ടടുത്ത പന്തില്‍ താരം പുറത്താവുകും ചെയ്തു.

ഐ.പി.എല്‍ 2024ല്‍ ഇതാദ്യമായാണ് ഒരു ടീം ഹോം ഗ്രൗണ്ടില്‍ പരാജയപ്പെടുന്നത്. ഇതിന് മുമ്പ് നടന്ന ഒമ്പത് മത്സരത്തില്‍ ഒമ്പതിലും ഹോം ടീം വിജയം സ്വന്തമാക്കിയിരുന്നു.

സീസണില്‍ കൊല്‍ക്കത്തയുടെ രണ്ടാം വിജയമാണിത്. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത

ഏപ്രില്‍ മൂന്നിനാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. വിശാഖപട്ടണത്തില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.

Content highlight: IPL 2024: KKR vs ECB: Kolkata Knight Riders defeated Royal Challengers Bengaluru

Latest Stories

We use cookies to give you the best possible experience. Learn more