| Monday, 29th April 2024, 10:16 pm

ഓസ്‌ട്രേലിയയുടെ ജേഴ്‌സി കിട്ടുമോ, ഇനി അതേ വഴിയുള്ളൂ... ഒരാള് പോലും പത്ത് കടക്കാത്ത മത്സരത്തില്‍ 'കോടീശ്വരന്‍' 14.33, മൂന്ന് ഓവറില്‍ 43

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 47ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുകയാണ്. എതിരാളികളുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ക്യാപ്പിറ്റല്‍സ് നായകന്‍ റിഷബ് പന്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ പ്രതീക്ഷിച്ച തുടക്കമല്ല ടീമിന് ലഭിച്ചത്. പൃഥ്വി ഷാ ഏഴ് പന്തില്‍ 13 റണ്‍സിന് പുറത്തായപ്പോള്‍ ടീം പ്രതീക്ഷ വെച്ച വെടിക്കെട്ട് താരം ജേക് ഫ്രേസര്‍ മക്ഗൂര്‍ക് ഏഴ് പന്തില്‍ 12 റണ്‍സിനും മടങ്ങി.

പിന്നാലെയെത്തിയവരില്‍ ക്യാപ്റ്റന്‍ റിഷബ് പന്താണ് പിടിച്ചുനിന്നത്. 20 പന്ത് നേരിട്ട് 27 റണ്‍സാണ് താരം നേടിയത്.

നൈറ്റ് റൈഡേഴ്‌സ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് സൂപ്പര്‍ താരം കുല്‍ദീപ് യാദവ് ബാറ്റ് വീശിയത്. ടി-20 ഫോര്‍മാറ്റിലെ തന്റെ ഏറ്റവും മികച്ച സ്‌കോര്‍ കണ്ടെത്തിയാണ് താരം സ്വന്തം ആരാധകരെ പോലും ഞെട്ടിച്ചത്. മത്സരത്തില്‍ ക്യാപ്പിറ്റല്‍സിന്റെ ടോപ് സ്‌കോററും കുല്‍ദീപ് തന്നെ.

26 പന്തില്‍ പുറത്താകാതെ 35 റണ്‍സാണ് താരം നേടിയത്. അഞ്ച് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 134.62 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്.

കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ വെറും 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ റിഷബ് പന്ത്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, കുമാര്‍ കുശാഗ്ര എന്നിവരെയാണ് താരം മടക്കിയത്.

ഹര്‍ഷിത് റാണയും വൈഭവ് അറോറയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ സുനില്‍ നരെയ്‌നും മിച്ചല്‍ സ്റ്റാര്‍ക്കും ഓരോ വിക്കറ്റ് വീതവും നേടി.

കൊല്‍ക്കത്ത നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഏറ്റവും മോശം രീതിയില്‍ പന്തെറിഞ്ഞത്. മൂന്ന് ഓവറില്‍ 43 റണ്‍സാണ് താരം വഴങ്ങിയത്. 14.33 എന്ന മോശം എക്കോണമി നിരക്കാണ് താരത്തിനുണ്ടായിരുന്നത്. ജേക് ഫ്രേസറിന്റെ വിക്കറ്റ് വീഴ്ത്തിയതാണ് മത്സരത്തില്‍ താരത്തിന്റെ കോണ്‍ട്രിബ്യൂഷന്‍.

ടീമിലെ മറ്റ് താരങ്ങളെല്ലാം തന്നെ പത്തില്‍ താഴെ എക്കോണമിയില്‍ പന്തെറിഞ്ഞപ്പോഴാണ് സ്റ്റാര്‍ക് വീണ്ടും നിരാശപ്പെടുത്തിയത്. 10.00 എക്കോണമിയുള്ള റസലാണ് കെ.കെ.ആര്‍ നിരയിലെ രണ്ടാമത് ഉയര്‍ന്ന എക്കോണമി.

സ്റ്റാര്‍ക്കിന്റെ മോശം പ്രകടനത്തില്‍ ആരാധകരും നിരാശയിലാണ്. നാഷണല്‍ ടീമിന് വേണ്ടി കളിക്കുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന സ്റ്റാര്‍ക്കിന് കൊല്‍ക്കത്തക്ക് വേണ്ടി കളിക്കുമ്പോള്‍ എന്ത് പറ്റിയെന്നും കൊടുത്ത കാശ് വെള്ളത്തിലായോ എന്ന് ചോദിക്കുന്നവരുമുണ്ട്. അടുത്ത മത്സരത്തില്‍ സ്റ്റാര്‍ക്കിനെ ഓസ്‌ട്രേലിയന്‍ ജേഴ്‌സി ധരിപ്പിച്ച് കളത്തിലിറക്കാന്‍ സാധിക്കുമോ എന്ന് ചോദിക്കുന്നവരും കുറവല്ല.

അതേസമയം, ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 154 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടന്നിറങ്ങിയ കെ.കെ.ആര്‍. അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 61 എന്ന നിലയിലാണ്. 22 പന്തില്‍ 42 റണ്‍സുമായി ഫില്‍ സോള്‍ട്ടും ഒമ്പത് പന്തില്‍ 15 റണ്‍സുമായി സുനില്‍ നരെയ്‌നുമാണ് ക്രീസില്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

പൃഥ്വി ഷാ, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, ഷായ് ഹോപ്, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, അഭിഷേക് പോരല്‍, കുല്‍ദീപ് യാദവ്, റാസിഖ് സലാം, ലിസാദ് വില്യംസ്, ഖലീല്‍ അഹമ്മദ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

ഫില്‍ സോള്‍ (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.

Content Highlight: IPL 2024: KKR vs DC: Mitchell Starc’s poor bowling performance

We use cookies to give you the best possible experience. Learn more