|

ക്യാപ്റ്റനടക്കം പരാജയപ്പെട്ട മത്സരത്തില്‍ രക്ഷകനായവന് തകര്‍പ്പന്‍ റെക്കോഡ്; ഇനി സ്ഥാനം രണ്ടാമത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 47ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം നടക്കുന്നത്.

നേരത്തെ മത്സരത്തില്‍ ടോസ് നേടിയ ക്യാപ്പിറ്റല്‍സ് നായകന്‍ റിഷബ് പന്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ പ്രതീക്ഷിച്ച തുടക്കമല്ല ടീമിന് ലഭിച്ചത്. സൂപ്പര്‍ താരങ്ങള്‍ ഒന്നൊന്നായി തിരികെ പവലിയനിലെത്തിയപ്പോള്‍ ആരാധകര്‍ അപകടം മണത്തു.

ഓപ്പണര്‍മാരായ പൃഥ്വി ഷാ ഏഴ് പന്തില്‍ 13 റണ്‍സിന് പുറത്തായപ്പോള്‍ ടീം പ്രതീക്ഷ വെച്ച വെടിക്കെട്ട് താരം ജേക് ഫ്രേസര്‍ മക്ഗൂര്‍ക് ഏഴ് പന്തില്‍ 12 റണ്‍സിനും മടങ്ങി.

പിന്നാലെയെത്തിയവരില്‍ ക്യാപ്റ്റന്‍ റിഷബ് പന്താണ് പിടിച്ചുനിന്നത്. 20 പന്ത് നേരിട്ട് 27 റണ്‍സാണ് താരം നേടിയത്. അഭിഷേക് പോരല്‍ 18 റണ്‍സും ടീം ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തു.

ദല്‍ഹിയുടെ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരെല്ലാവരും പുറത്തായപ്പോള്‍ ആഘോഷിച്ച നൈറ്റ് റൈഡേഴ്‌സ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് സൂപ്പര്‍ താരം കുല്‍ദീപ് യാദവ് ബാറ്റ് വീശിയത്.

ടി-20 ഫോര്‍മാറ്റിലെ തന്റെ ഏറ്റവും മികച്ച സ്‌കോര്‍ കണ്ടെത്തിയാണ് താരം സ്വന്തം ആരാധകരെ പോലും ഞെട്ടിച്ചത്. മത്സരത്തില്‍ ക്യാപ്പിറ്റല്‍സിന്റെ ടോപ് സ്‌കോററും കുല്‍ദീപ് തന്നെ.

26 പന്ത് നേരിട്ട് പുറത്താകാതെ 35 റണ്‍സാണ് ചൈനാമാന്‍ സ്പിന്നര്‍ നേടിയത്. അഞ്ച് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 134.62 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു കുല്‍ദീപിന്റെ ചെറുത്തുനില്‍പ്.

ഈ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും കുല്‍ദീപ് സ്വന്തമാക്കിയിരുന്നു. ഒമ്പതാം നമ്പറിലിറങ്ങി ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചാണ് താരം ആരാധകരെ ഞെട്ടിച്ചത്.

ഐ.പി.എല്ലില്‍ ഒമ്പതാം നമ്പറിലിറങ്ങി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

ഹര്‍ഭജന്‍ സിങ് – മുംബൈ ഇന്ത്യന്‍സ് – ഡെക്കാന്‍ ചാര്‍ജേഴ്‌സ് – 49* – 2010

കുല്‍ദീപ് യാദവ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 35* – 2024

ക്രിസ് മോറിസ് – രാജസ്ഥാന്‍ റോയല്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 34* – 2015

ഹര്‍ഭജന്‍ സിങ് – മുംബൈ ഇന്ത്യന്‍സ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 33 – 2010

അഭിഷേക് പോരല്‍ – ദല്‍ഹി ക്യാപ്പിറ്റല്‍സ് – പഞ്ചാബ് കിങ്‌സ് – 32* – 2024

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിലവില്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് എന്ന നിലയിലാണ്. പത്ത് പന്തില്‍ 12 റണ്‍സുമായി ശ്രേയസ് അയ്യരും മൂന്ന് പന്തില്‍ മൂന്ന് റണ്‍സുമായി വെങ്കിടേഷ് അയ്യരുമാണ് ക്രീസില്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

പൃഥ്വി ഷാ, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, ഷായ് ഹോപ്, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, അഭിഷേക് പോരല്‍, കുല്‍ദീപ് യാദവ്, റാസിഖ് സലാം, ലിസാദ് വില്യംസ്, ഖലീല്‍ അഹമ്മദ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

ഫില്‍ സോള്‍ (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.

Content highlight: IPL 2024: KKR vs DC: Kuldeep Yadav’s brilliant batting performance against KKR