|

272/7: ഐ.പി.എല്ലിന്റെ ചരിത്രത്തിലെ 'ഏറ്റവും ഉയര്‍ന്ന' റെക്കോഡ് സ്‌കോറിന് പുതിയ അവകാശികള്‍; കരുത്തായി കൊല്‍ക്കത്ത

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. വിശാഖപട്ടണത്തിലെ എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്.

സൂപ്പര്‍ താരം സുനില്‍ നരെയ്‌ന്റെയും യുവതാരം ആംഗ്ക്രിഷ് രഘുവംശിയുടെയും അര്‍ധ സെഞ്ച്വറിയും ആന്ദ്രേ റസലിന്റെയും റിങ്കു സിങ്ങിന്റെയും വെടിക്കെട്ടുമാണ് കൊല്‍ക്കത്തക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

39 പന്തില്‍ 85 റണ്‍സാണ് നരെയ്ന്‍ അടിച്ചെടുത്തത്. ഏഴ് ഫോറും ഏഴ് സിക്‌സറും അടക്കം 217.95 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. ഐ.പി.എല്ലില്‍ നരെയ്‌ന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

രഘുവംശി 27 പന്തില്‍ 200.00 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 54 റണ്‍സടിച്ചു. തന്റെ അരങ്ങേറ്റ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടാനും രഘുവംശിക്കായി.

19 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സറും അടക്കം 41 റണ്‍സുമായി റസല്‍ പതിവുപോലെ വെടിക്കെട്ട് തീര്‍ത്തപ്പോള്‍. എട്ട് പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 26 റണ്‍സാണ് റിങ്കു സ്വന്തമാക്കിയത്.

ദല്‍ഹി ബൗളര്‍മാരെ ഒരു ദാക്ഷിണ്യവുമില്ലാതെ തല്ലിയൊതുക്കിയപ്പോള്‍ ദിവസങ്ങള്‍ക്ക് മുമ്പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 277 റണ്‍സിന്റെ റെക്കോഡ് സെറ്റിങ് ടോട്ടല്‍ പഴങ്കഥയാകുമെന്ന് കരുതിയെങ്കിലും അവസാന ഓവര്‍ എറിഞ്ഞ ഇഷാന്ത് ശര്‍മയുടെ അനുഭവ സമ്പത്ത് അതിന് അനുവദിച്ചില്ല.

ഒടുവില്‍ ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത് ടോട്ടല്‍ എന്ന റെക്കോഡ് നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി.

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍ എന്ന റെക്കോഡ് സ്വന്തമാക്കാന്‍ സാധിച്ചില്ലെങ്കിലും മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കാന്‍ കൊല്‍ക്കത്തക്കായി. എവേ ഗ്രൗണ്ടില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന നേട്ടമാണ് കൊല്‍ക്കത്ത നേടിയത്. ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സെക്കന്‍ഡ് ഹോം ഗ്രൗണ്ടാണ് വിശാഖപട്ടണം.

നേരത്തെ സണ്‍റൈസേഴ്‌സ് തങ്ങളുടെ ഹോം ഗ്രൗണ്ടായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് 277 റണ്‍സിന്റെ ടോട്ടല്‍ സ്വന്തമാക്കിയത്.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി എട്ട് ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സ് എന്ന നിലയിലാണ്. 12 പന്തില്‍ 12 റണ്‍സുമായി ട്രിസ്റ്റണ്‍ സ്റ്റബ്‌സും ഒമ്പത് ഓവറില്‍ 23 റണ്‍സുമായി റിഷബ് പന്തുമാണ് ക്രീസില്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍), റിങ്കു സിങ്, ആംഗ്ക്രിഷ് രഘുവംശി, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിഷബ് പന്ത്(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്സ്, അക്‌സര്‍ പട്ടേല്‍, സുമിത് കുമാര്‍, റാസിഖ് ദാര്‍ സലാം, ആന്റിച്ച് നോര്‍ക്യ, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

Content highlight: IPL 2024: KKR vs DC: Kolkata Knight Riders scored the biggest total in away ground in the history of IPL

Video Stories