| Wednesday, 3rd April 2024, 10:04 pm

കൊല്‍ക്കത്തക്കെതിരായ അവസാന ഓവറിന് സണ്‍റൈസേഴ്‌സ് ഇഷാന്ത് ശര്‍മയോട് കടപ്പെട്ടിരിക്കണം; റോയല്‍ ചലഞ്ചേഴ്‌സ് വീണ്ടും കരഞ്ഞു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 16ാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് കൊല്‍ക്കത്ത അടിച്ചെടുത്തത്.

സൂപ്പര്‍ താരം സുനില്‍ നരെയ്‌ന്റെയും യുവതാരം ആംഗ്ക്രിഷ് രഘുവംശിയുടെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് കൊല്‍ക്കത്ത വിശാഖപട്ടണത്തില്‍ റണ്‍ മഴ പെയ്യിച്ചത്.

നരെയ്ന്‍ 39 പന്തില്‍ 85 റണ്‍സ് നേടി പുറത്തായി. ഏഴ് ഫോറും ഏഴ് സിക്‌സറും അടക്കം 217.95 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. ഐ.പി.എല്ലില്‍ നരെയ്‌ന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

രഘുവംശി 27 പന്തില്‍ 200.00 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 54 റണ്‍സടിച്ചു. തന്റെ അരങ്ങേറ്റ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടാനും രഘുവംശിക്കായി.

ഇവര്‍ക്ക് പുറമെ ആന്ദ്രേ റസല്‍ പതിവുപോലെ തന്റെ കൈക്കരുത്ത് എതിര്‍ ടീം ബൗളര്‍മാരുടെ മേല്‍ തീര്‍ക്കുകയായിരുന്നു. 19 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സറും അടക്കം 41 റണ്‍സാണ് റസല്‍ നേടിയത്.

എട്ട് പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 26 റണ്‍സ് നേടിയ റിങ്കു സിങ്ങിന്റെ തകര്‍പ്പന്‍ കാമിയോയും ടീമിന് തുണയായി.

അവസാന അഞ്ച് ഓവറില്‍ 77 റണ്‍സാണ് കൊല്‍ക്കത്ത ബാറ്റര്‍മാര്‍ സ്വന്തമാക്കിയത്. ആന്റിക് നോര്‍ക്യയെറിഞ്ഞ 19ാം ഓവറില്‍ റിങ്കവും റസലും ചേര്‍ന്ന് 25 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് സിക്‌സറും ഒരു ഫോറുമാണ് നോര്‍ക്യയെറിഞ്ഞ 19ാം ഓവറില്‍ പിറന്നത്.

ഒരുവേള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പടുത്തുയര്‍ത്തിയ ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന സ്‌കോറായ 277 മറികടക്കുമെന്നും തോന്നിച്ചിരുന്നു.

19 ഓവര്‍ പിന്നിടുമ്പോള്‍ 264 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. അവസാന ഓവറില്‍ 14 റണ്‍സ് കൂടി അടിച്ചെടുത്താല്‍ കൊല്‍ക്കത്തക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ ഇഷാന്ത് ശര്‍മ അതിന് അനുവദിച്ചില്ല.

രണ്ട് ഓവറില്‍ നിന്നും 35 റണ്‍സ് വഴങ്ങിയ ഇഷാന്ത് ശര്‍മയെ റസല്‍ തല്ലിയൊതുക്കുമെന്ന് കരുതിയവരെ ഞെട്ടിച്ച് ഓവറിലെ ആദ്യ പന്തില്‍ ഇഷാന്ത് വിന്‍ഡീസ് കരുത്തനെ പുറത്താക്കി. ഇഷാന്ത് ശര്‍മയുടെ ടോ ക്രഷറില്‍ റസല്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

രണ്ടാം പന്തില്‍ രണ്ട് റണ്‍സ് വഴങ്ങിയ ശര്‍മ മൂന്നാം പന്തില്‍ വെടിക്കെട്ട് വീരന്‍ രമണ്‍ദീപ് സിങ്ങിനെയും പുറത്താക്കി.

അടുത്ത രണ്ട് പന്തില്‍ നിന്നും അഞ്ച് റണ്‍സ് പിറന്നതോടെ അവസാന പന്തില്‍ സിക്‌സര്‍ നേടിയാല്‍ 277ലെത്താം എന്ന നില വന്നു. സ്‌ട്രൈക്കില്‍ വെങ്കിടേഷ് അയ്യരും. എന്നാല്‍ അവസാന പന്തില്‍ സിംഗിള്‍ മാത്രം പിറപ്പോള്‍ കൊല്‍ക്കത്ത 272ല്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

സണ്‍റൈസേഴ്‌സിനെ മറികടക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു പതിറ്റാണ്ട് കാലം തലയുയര്‍ത്തി നിന്ന റോയല്‍ ചലഞ്ചേഴ്‌സിന്റെ 263 റണ്‍സ് മറികടക്കാന്‍ നൈറ്റ് റൈഡേഴ്‌സിനായി.

ദല്‍ഹിക്കായി ആന്റിക് നോര്‍ക്യ മൂന്ന് വിക്കറ്റ് നേടി. ഇഷാന്ത് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഖലീല്‍ അഹമ്മദും മിച്ചല്‍ മാര്‍ഷും ഓരോ വിക്കറ്റും നേടി.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്സ്, അക്‌സര്‍ പട്ടേല്‍, സുമിത് കുമാര്‍, റാസിഖ് ദാര്‍ സലാം, ആന്റിച്ച് നോര്‍ക്യ, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍), റിങ്കു സിങ്, ആംഗ്ക്രിഷ് രഘുവംശി, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

Content Highlight: IPL 2024: KKR vs DC: Kolkata Knight Riders scored 272

We use cookies to give you the best possible experience. Learn more