| Wednesday, 3rd April 2024, 9:24 pm

സഞ്ജുവൊക്കെ റിവ്യൂ എടുക്കുന്നത് കാണുമ്പോഴാ ഇവനെയൊക്കെ... ദല്‍ഹിയുടെ തോല്‍വിക്ക് പോലും കാരണമായേക്കാവുന്ന മണ്ടത്തരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 16ാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നൈറ്റ് റൈഡേഴ്‌സ് നായകന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനം ടീമിന്റെ ടോപ് ഓര്‍ഡര്‍ പുറത്തെടുത്തതോടെ 16 ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ടീം സ്‌കോര്‍ 200 കടന്നിരുന്നു.

സൂപ്പര്‍ താരം സുനില്‍ നരെയ്‌ന്റെയും യുവതാരം ആംഗ്ക്രിഷ് രഘുവംശിയുടെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് കൊല്‍ക്കത്ത വിശാഖപട്ടണത്തില്‍ റണ്‍ മഴ പെയ്യിച്ചത്.

നരെയ്ന്‍ 39 പന്തില്‍ 85 റണ്‍സ് നേടി പുറത്തായി. ഏഴ് ഫോറും ഏഴ് സിക്‌സറും അടക്കം 217.95 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്. ഐ.പി.എല്ലില്‍ നരെയ്‌ന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

രഘുവംശി 27 പന്തില്‍ 200.00 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 54 റണ്‍സടിച്ചു. തന്റെ അരങ്ങേറ്റ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടാനും രഘുവംശിക്കായി.

എന്നാല്‍ മത്സരത്തില്‍ സുനില്‍ നരെയ്‌നെ നേരത്തെ തന്നെ പുറത്താക്കാനുള്ള അവസരമുണ്ടായിരുന്നു. വ്യക്തിഗത സ്‌കോര്‍ 24ല്‍ നില്‍ക്കവെ കീപ്പര്‍ ക്യാച്ചായാണ് താരം ‘പുറത്തായത്’. എന്നാല്‍ അമ്പയര്‍ ഔട്ട് അനുവദിച്ചില്ല.

റിവ്യൂ എടുക്കുന്നതില്‍ പന്തിനും താരങ്ങള്‍ക്കും ഇടയില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പത്തിനൊടുവില്‍ പന്ത് റിവ്യൂ എടുക്കാന്‍ തീരുമാനിച്ചെങ്കിലും ഏറെ വൈകിയിരുന്നു. ഡി.ആര്‍.എസ്സിനുള്ള 15 സെക്കന്‍ഡ് കഴിഞ്ഞതിന് ശേഷം മാത്രമാണ് പന്ത് റിവ്യൂ ആവശ്യപ്പെട്ടത്. സമയം അതിക്രമിച്ചതിനാല്‍ അമ്പയര്‍ റിവ്യൂ നിരാകരിച്ചു.

എന്നാല്‍ ശേഷമുള്ള റീപ്ലേകളില്‍ പന്ത് ബാറ്റില്‍ കൊണ്ടതായി വ്യക്തമായിരുന്നു.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ വിമര്‍ശനങ്ങളുയരുകയാണ്. താരത്തിന്റെ ക്യാപ്റ്റന്‍സി വളരെ മോശമാണെന്നും റിവ്യൂ എടുക്കുന്നതില്‍ വിക്കറ്റ് കീപ്പര്‍ കോണ്‍ട്രിബ്യൂട്ട് ചെയ്യേണ്ടതിന്റെ പകുതി പോലും പന്തിന് സാധിക്കുന്നില്ലെന്നും ആരാധകര്‍ പറയുന്നു.

റിവ്യൂ എടുക്കുന്നതില്‍ പന്ത് സഞ്ജു സാംസണെ കണ്ട് പഠിക്കണമെന്ന് പറയുന്നവരും കുറവല്ല. രാജസ്ഥാന്‍ റോയല്‍സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ അമ്പയറിന്റെ വൈഡ് സിഗ്നല്‍ ചലഞ്ച് ചെയ്തുകൊണ്ട് സഞ്ജുവെടുത്ത റിവ്യൂ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആരാധകര്‍ രംഗത്തെത്തുന്നത്.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ കുല്‍ദീപ് യാദവ് നിര്‍ബന്ധിച്ച് റിവ്യൂ എടുപ്പിച്ചതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, 18 ഓവറില്‍ 239ന് നാല് എന്ന നിലയിലാണ് കൊല്‍ക്കത്ത. 18 പന്തില്‍ നിന്നും 41 റണ്‍സുമായി ആന്ദ്രേ റസലും രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി റിങ്കു സിങ്ങുമാണ് ക്രീസില്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്സ്, അക്‌സര്‍ പട്ടേല്‍, സുമിത് കുമാര്‍, റാസിഖ് ദാര്‍ സലാം, ആന്റിച്ച് നോര്‍ക്യ, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍), റിങ്കു സിങ്, ആംഗ്ക്രിഷ് രഘുവംശി, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി

Content highlight: IPL 2024: KKR vs DC: Fans criticize Rishabh Pant

We use cookies to give you the best possible experience. Learn more