ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറ്റം കുറിച്ച സൗത്ത് ആഫ്രിക്കന്‍ കൗമാര താരം ക്വേന മഫാക്കക്ക് അഭിന്ദനവുമായി മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സ്ണ്‍. പല വിദേശ താരങ്ങളും ഐ.പി.എല്ലില്‍ സ്ഥാനം നേടാന്‍ ശ്രമിച്ച് പരാജയപ്പെടുമ്പോള്‍ തന്റെ 17ാം വയസില്‍ മഫാക്ക അത് നേടിയെടുത്തുവെന്നും ഇതില്‍ താരം അഭിനന്ദനമര്‍ഹിക്കുന്നുവെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.
‘കഴിഞ്ഞ ദിവസം സ്വന്തമാക്കിയ നേട്ടത്തെയോര്‍ത്ത് ഏറെ അഭിമാനത്തോടെയാകും മഫാക്ക ഇന്ന് ഉറക്കമുണര്‍ന്നിരിക്കുക. ഐ.പി.എല്ലില്‍ ഒരു ടീമിന്റെ ഭാഗമാകാന്‍ ശ്രമിക്കുന്ന ഒരുപാട് പരിചയ സമ്പന്നരായ വിദേശ താരങ്ങളുണ്ട്. ആ സ്ഥാനത്ത് വെറും 17 വയസില്‍ ഒരു വിദേശ താരമെന്ന നിലയില്‍ അവന്‍ ഒരു ഐ.പി.എല്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നു.
നിന്റെ ബൗളിങ് ഫിഗറുകളെ മറന്നേക്കുക. പകരം നീ സ്വന്തമാക്കിയ നേട്ടങ്ങളെക്കുറിച്ചേര്‍ത്ത് അഭിമാനിക്കൂ. മുന്നോട്ട് പോകൂ പ്രിയപ്പെട്ടവനേ,’ എന്നാണ് പീറ്റേഴ്‌സണ്‍ കുറിച്ചത്.
സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നും മഫാക്കയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നില്ല മഫാക്ക പുറത്തെടുത്തത്. ബൗളര്‍മാര്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കാത്ത പിച്ചില്‍ നാല് ഓവറില്‍ 66 റണ്‍സാണ് താരം വഴങ്ങിയത്. വിക്കറ്റൊന്നും നേടാനും സാധിച്ചില്ല.
ഐ.പി.എല്‍ അരങ്ങേറ്റത്തിലെ മോശം ബൗളിങ് ഫിഗര്‍ എന്ന മോശം റെക്കോഡും ഇതോടെ മഫാക്ക സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ മുംബൈക്കായി ബൗളിങ് ഓപ്പണ്‍ ചെയ്തത് മഫാക്കയായിരുന്നു. ആദ്യ ഓവറില്‍ വെറും ഏഴ് റണ്‍സാണ് താരം വഴങ്ങിയത്. എന്നാല്‍ അടുത്ത 18 പന്തില്‍ 59 റണ്‍സാണ് താരത്തിന് വഴങ്ങേണ്ടി വന്നത്.
കഴിഞ്ഞ മത്സരത്തില്‍ ഏറ്റവുമധികം ഡോട്ട് ബോളുകളെറിഞ്ഞ താരം മഫാക്കയാണെന്നതാണ് രസകരമായ മറ്റൊരു വസ്തുത.
U19 ലോകകപ്പില്‍ തിളങ്ങിയതിന് പിന്നാലെയാണ് മഫാക്ക മുംബൈ ഇന്ത്യന്‍സിന്റെ സ്‌ക്വാഡിലെത്തിയത്. പരിക്കേറ്റ ശ്രീലങ്കന്‍ സൂപ്പര്‍ താരം ദില്‍ഷന്‍ മധുശങ്കക്ക് പകരക്കാരനായാണ് മുംബൈ പ്രോട്ടിയാസ് ഇടംകയ്യന്‍ പേസറെ ടീമിലെത്തിച്ചത്.
ലോകകപ്പില്‍ 21 വിക്കറ്റ് നേടി ടൂര്‍ണമെന്റിന്റെ താരമായതോടെയാണ് മഫാക്ക ക്രിക്കറ്റ് സര്‍ക്കിളുകളിലെ ചര്‍ച്ചയായത്. ഒരു ലോകകപ്പ് എഡിഷനില്‍ മൂന്ന് ഫൈഫര്‍ നേടുന്ന ആദ്യ താരം എന്ന തകര്‍പ്പന്‍ നേട്ടവും മഫാക്ക സ്വന്തമാക്കിയിരുന്നു.
Content highlight: IPL 2024: Kevin Pietersen praises Kwena Maphaka