സ്‌കൂപ്പും, റാമ്പും, സ്വിച്ച് ഹിറ്റും, റിവേഴ്സ് സ്വീപ്പുമൊക്കെ അടങ്ങുന്ന അണ്‍-ഓര്‍ത്തോഡൊക്‌സ് ഷോട്ടുകള്‍ കളിക്കുന്ന ബാറ്റര്‍മാരിലേക്ക് നമ്മള്‍ പെട്ടന്ന് ആകര്‍ഷിക്കപ്പെട്ടുപോകുന്നത്, അവരില്‍ ഒരു സാഹസികതയുടെ എലമെന്റ് ഉള്ളതുകൊണ്ടാണ്.
സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് ഉയരുന്ന ഒരു ടി-ട്വന്റി മാച്ചില്‍ മറ്റെന്ത് കാഴ്ചയും അപ്രസക്തമാകുന്നത് ഈ ബ്യൂട്ടി ഓഫ് അഡ്വവെഞ്ചര്‍ കാരണമാണ്.
എന്നാല്‍ ഇതേ ബ്യൂട്ടി ഓഫ് അഡ്വഞ്ചര്‍ കൊണ്ട് ഒരു ഇരുപത്തിയഞ്ചുകാരന്‍, സൂര്യകുമാര്‍ യാദവിനെ അപ്രസക്തനാക്കിയ രാത്രിയാണ് കടന്ന് പോയത്.
പഞ്ചാബ്, 77/6 എന്ന നിലയില്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് അയാള്‍ ക്രീസിലെത്തുന്നത്. മുന്‍ മത്സരങ്ങളില്‍ കളിച്ചത് പോലെ 15 പന്തില്‍ 30+ സ്‌കോര്‍ ചെയ്യുന്ന ഒരു ബ്രിസ്‌ക് കാമിയോയ്ക്കപ്പുറം അയാളില്‍ നിന്ന് വലിയ പ്രതീക്ഷകളുമില്ല.
എന്നാല്‍ പ്രതീക്ഷകളെ പോലും ആശ്ചര്യപ്പെടുത്തുന്ന ചിലതാണ് പിന്നീട് സംഭവിച്ചത്. ആകാശ് മധ്വാളിനെ ഡിപ് ഫൈന്‍ ലെഗിന് മുകളിലൂടെ പറത്തിക്കൊണ്ട് തുടങ്ങുന്ന അയാള്‍, സൂര്യകുമാര്‍ യാദവിന്റെ ഫേവറേറ്റ് ഹിറ്റിങ് ഏരിയകളെയെല്ലാം അനായാസം എക്‌സ്‌പ്ലോര്‍ ചെയ്യുകയായിരുന്നു.
റോമാരിയോ ഷെപ്പേര്‍ഡിനെതിരെയും, ഹര്‍ദിക് പാണ്ഡ്യക്കെതിരെയും ബിഹൈന്‍ഡ് ദ സ്‌ക്വയറിലേക്ക് എക്‌സിക്യൂട്ട് ചെയ്ത ആ ഹെലികോപ്റ്റര്‍ ഹാഫ് പുള്ളുകളുടെ രോമഹര്‍ഷങ്ങളൊടുങ്ങും മുന്‍പേ, സാക്ഷാല്‍ ജസ്പ്രീത് ബുമ്രയുടെ യോര്‍ക്കര്‍ ശ്രമത്തിനെ ഡീപ് സ്‌ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ സ്വീപ്പ് ചെയ്ത് നമ്മുടെ ഹൃദയ സ്പന്ദനങ്ങളെ ദ്രുതഗതിയിലാക്കുകയാണ് അയാള്‍.
മധ്വാളിനെ ലോങ്ങ് ഓഫിനു മുകളിലൂടെ പറത്തിക്കൊണ്ട്, ഓഫ് സൈഡും ഈസോടെ അസ്സസ് ചെയ്യുന്ന അയാള്‍, തൊട്ടടുത്ത നിമിഷം, അതേ മധ്വാളിനെ തേര്‍ഡ് മാന് മുകളിലൂടെ റിവേഴ്സ് സ്‌കൂപ് ചെയ്ത് സാഹസികതയുടെ മുനമ്പുകളേറുകയാണ്.
എപ്പഴോ ജീവന്‍ നഷ്ടപ്പെട്ടുപോയൊരു മല്‍സരത്തിനെ, എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറാക്കിമാറ്റി വിജയത്തിനടുത്ത് വീണുപോകുമ്പോഴും അയാള്‍ നമ്മുടെ ഹൃദയങ്ങളെ കീഴ്‌പ്പെടുത്തുകയാണ്.
ചന്ദ്രകാന്ത് പണ്ഡിറ്റ് എന്ന ഡോമസ്റ്റിക്ക് കോച്ചിങ് ജയന്റിന്റെ അപ്രീതിയ്ക്ക് പാത്രമായി അവസരങ്ങള്‍ നഷ്ടപെട്ട് ഡിപ്രഷനിലേക്ക് വീണുപോയ ഇന്നലകളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ്, ടാലെന്റും ഹാര്‍ഡ്‌വര്‍ക്കും ഡെഡിക്കേഷനും കൊണ്ട് സ്വന്തം ഐഡന്റിറ്റി ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ സ്റ്റാമ്പ് ചെയ്യുകയാണ് അയാള്‍.
അശുതോഷ് ശര്‍മ….
കീപ്പ് ആന്‍ ഐ ഓണ്‍ ഹിം…
നിങ്ങളുടെ പ്രിയപ്പെട്ട ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്ക്, നിദ്രാവിഹീന രാവുകള്‍ സമ്മാനിക്കുവാന്‍ തക്ക ഫയര്‍ പവര്‍ അയാളുടെ പേശികള്‍ക്ക് ആവോളമുണ്ട്.
Content Highlight: IPL 2024: Jayaram Gopinath writes about Ashutosh Sharma