|

ഒരു ഓവറില്‍ മൂന്ന് സിക്‌സറും മൂന്ന് ഫോറും, കൂടെ 15 പന്തില്‍ ഫിഫ്റ്റിയും; തോറ്റിട്ടും ഐ.പി.എല്‍ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയിരുന്നു. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 67 റണ്‍സിനായിരുന്നു ക്യാപ്പിറ്റല്‍സിന്റെ പരാജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ട്രാവിസ് ഹെഡ്, ഷഹബാസ് അഹമ്മദ് എന്നിവരുടെ അര്‍ധ സെഞ്ച്വറികള്‍ക്കൊപ്പം അഭിഷേക് ശര്‍മയുടെ വെടിക്കെട്ടുമാണ് ടീമിനെ പടുകൂറ്റന്‍ ടോട്ടലിലെത്തിച്ചത്. സീസണില്‍ ഇത് മൂന്നാം തവണയാണ് സണ്‍റൈസേഴ്‌സ് 250+ സ്‌കോര്‍ സ്വന്തമാക്കുന്നത്.

ഹെഡ് 32 പന്തില്‍ 89 റണ്‍സ് നേടിയപ്പോള്‍ 12 പന്തില്‍ 46 റണ്‍സാണ് അഭിഷേക് ശര്‍മ സ്വന്തമാക്കിയത്. 29 പന്തില്‍ പുറത്താകാതെ 59 റണ്‍സാണ് ഷഹബാസ് സ്വന്തമാക്കിയത്. താരത്തിന്റെ ആദ്യ ഐ.പി.എല്‍ ഫിഫ്റ്റിയാണിത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് ആദ്യ ഓവറില്‍ തന്നെ പൃഥ്വി ഷായെ നഷ്ടമായിരുന്നു. വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ നാല് പന്തും ബൗണ്ടറി നേടിയ ഷാ അഞ്ചാം പന്തില്‍ അബ്ദുള്‍ സമദിന്റെ കയ്യിലൊതുങ്ങുകയായിരുന്നു

വണ്‍ ഡൗണായി ഓസീസ് യുവതാരം ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കാണ് കളത്തിലെത്തിയത്. ഡേവിഡ് വാര്‍ണറിനൊപ്പം ചേര്‍ന്ന് ഒരു മികച്ച കൂട്ടുകെട്ടുണ്ടാക്കാനുള്ള ശ്രമത്തെ ഭുവനേശ്വര്‍ കുമാര്‍ തുടക്കത്തിലേ ഇല്ലാതാക്കി. രണ്ടാം ഓവറിലെ അവസാന പന്തില്‍ വാര്‍ണറിനെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ കൈകളിലെത്തിച്ച് ഭുവി മടക്കി. മൂന്ന് പന്തില്‍ ഒരു റണ്ണാണ് വാര്‍ണര്‍ നേടിയത്.

എന്നാല്‍ പകരത്തിന് പകരമെന്നോണം വാഷിങ്ടണ്‍ എറിഞ്ഞ മൂന്നാം ഓവറില്‍ സണ്‍റൈസേഴ്സിനെ നിലം തൊടീക്കാതെ മക്ഗൂര്‍ക്ക് അടിച്ചുകൂട്ടുകയായിരുന്നു. പവര്‍പ്ലേയില്‍ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ചേര്‍ന്ന് പുറത്തെടുത്ത അതേ ഡോമിനേഷനാണ് മക്ഗൂര്‍ക്ക് വാഷിങ്ടണിനെതിരെ പുറത്തെടുത്തത്.

ഓവറില്‍ മൂന്ന് സിക്സറും മൂന്ന് ബൗണ്ടറിയുമടക്കം 30 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ മൂന്നാം ഓവറില്‍ പിറക്കുന്ന ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. കൊച്ചി ടസ്‌കേഴ്‌സിനെതിരെ 36 റണ്‍സടിച്ച ക്രിസ് ഗെയ്‌ലാണ് ഒന്നാമന്‍.

ഇതിനിടെ മക്ഗൂര്‍ക് അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. നേരിട്ട 15ാം പന്തിലാണ് താരം അര്‍ധ സെഞ്ച്വറി നേടിയത്. മായങ്ക് മാര്‍ക്കണ്ഡേയെറിഞ്ഞ ഏഴാം ഓവറിലെ മൂന്നാം പന്തില്‍ സിക്സറടിച്ചാണ് താരം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.

ഓവറിലെ നാല്, അഞ്ച് പന്തുകള്‍ കൂടി സിക്സറടിച്ച താരം അവസാന പന്തില്‍ പുറത്താവുകയായിരുന്നു.

18 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്സറും അടക്കം 361.11 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റില്‍ 65 റണ്‍സാണ് താരം നേടിയത്.

മക്ഗൂര്‍ക്കിനൊപ്പം തകര്‍ത്തടിക്കാന്‍ മറ്റാര്‍ക്കും സാധിക്കാതെ വന്നതോടെ 199ല്‍ ടീം പുറത്താവുകയായിരുന്നു.

മത്സരത്തില്‍ ദല്‍ഹി പരാജയപ്പെട്ടതോടെ ഒരു റെക്കോഡാണ് മക്ഗൂര്‍ക് സ്വന്തമാക്കിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ടീം പരാജയപ്പെട്ട മത്സരത്തില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡാണ് മക്ഗൂര്‍ക് നേടിയത്.

ഐ.പി.എല്ലില്‍ ടീം പരാജയപ്പെട്ട മത്സരത്തില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം – എതിരാളികള്‍ – അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാകാനെടുത്ത പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ജേക് ഫ്രേസര്‍ മക്ഗൂര്‍ക് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 15 പന്ത് – 2024

സുരേഷ് റെയ്‌ന – ചെന്നൈ സൂപ്പര്‍ കിങ്‌സ് – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 16 പന്ത് – 2014

ക്രിസ് മോറിസ് – ദല്‍ഹി ഡെയര്‍ഡെവിള്‍സ് – – ഗുജറാത്ത് ലയണ്‍സ് – 17 പന്ത് – 2016

നിക്കോളാസ് പൂരന്‍ – പഞ്ചാബ് കിങ്‌സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 17 പന്ത് – 2020

ജോസ് ബട്‌ലര്‍ – രാജസ്ഥാന്‍ റോയല്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 18 പന്ത് – 2018

അതേസമയം, ഈ തോല്‍വിക്ക് പിന്നാലെ ക്യാപ്പിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം താഴേക്കിറങ്ങി ഏഴാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. എട്ട് മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ ആറ് പോയിന്റാണ് ടീമിനുള്ളത്.

ഏപ്രില്‍ 24നാണ് ക്യാപ്പിറ്റല്‍സിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

Content Highlight: IPL 2024: Jake Frazer McGurk tops the list of Fastest IPL fifty in losing cause

Latest Stories