കഴിഞ്ഞ ദിവസം നടന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തിലെ ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്കെതിരെ വിമര്‍ശനവുമായി ഇര്‍ഫാര്‍ പത്താന്‍. മത്സരത്തില്‍ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ബൗളര്‍മാരെ ഉപയോഗിച്ച രീതിക്കെതിരെയാണ് ഇര്‍ഫാന്‍ രംഗത്തെത്തിയത്.
അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ക്രീസിലുണ്ടായിരിക്കവെ ഹര്‍ദിക് ബുംറക്ക് ഒരു ഓവര്‍ കൂടി നല്‍കണമായിരുന്നു എന്നാണ് പത്താന്‍ പറഞ്ഞത്. ഇങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ മുംബൈക്ക് വിജയിക്കാനുള്ള അവസരമുണ്ടായിരുന്നു എന്നും പത്താന്‍ കൂട്ടിച്ചേര്‍ത്തു.
പവര്‍പ്ലേയില്‍ വെറും ഒറ്റ ഓവര്‍ മാത്രമാണ് ബുംറക്ക് ഹര്‍ദിക് പാണ്ഡ്യ നല്‍കിയത്. ആദ്യ ആറ് ഓവറില്‍ മുംബൈ 81 റണ്‍സ് വഴങ്ങിയപ്പോള്‍ ഒരു ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് ബുംറ വിട്ടുകൊടുത്തത്.
ശേഷം 13ാം ഓവറിലാണ് ഹര്‍ദിക് ബുംറയെ പന്തേല്‍പിച്ചത്.
‘അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ബാറ്റ് ചെയ്യുമ്പോള്‍ ഹര്‍ദിക് പാണ്ഡ്യ ജസ്പ്രീത് ബുംറക്ക് ഒരു ഓവര്‍ കൂടി നല്‍കിയിരുന്നെങ്കില്‍ മുംബൈ ഇന്ത്യന്‍സിന് സണ്‍റൈസേഴ്‌സിനെ 250നുള്ളില്‍ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമായിരുന്നു. ബുംറ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും മികച്ച ബൗളറാണ്. എന്നാല്‍ 13ാം ഓവര്‍ വരെ ഹര്‍ദിക് പാണ്ഡ്യ ബുംറക്ക് രണ്ടാം ഓവര്‍ കൊടുത്തില്ല.
277 എന്ന പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ മുംബൈ 31 റണ്‍സിനാണ് പരാജയപ്പെട്ടത്. അവര്‍ 20 ഓവറില്‍ 246 റണ്‍സ് നേടി,’ പത്താന്‍ പറഞ്ഞു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഹെന്റിച്ച് ക്ലാസന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെയും ഏയ്ഡന്‍ മര്‍ക്രമിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തിലാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിലെത്തിയത്.
ഹെഡ് 24 പന്തില്‍ 62 റണ്‍സ് നേടിയപ്പോള്‍ 23 പന്തില്‍ 63 റണ്‍സാണ് അഭിഷേക് ശര്‍മ നേടിയത്. ക്ലാസന്‍ ഏഴ് സിക്‌സറും നാല് ബൗണ്ടറിയും അടക്കം 34 പന്തില്‍ പുറത്താകാതെ 80 റണ്‍സടിച്ചപ്പോള്‍ 28 പന്തില്‍ പുറത്താകാതെ 42 റണ്‍സാണ് മര്‍ക്രം നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടാനാണ് സാധിച്ചത്. മുംബൈ നിരയില്‍ 34 പന്തില്‍ 64 റണ്‍സ് നേടിയ തിലക് വര്‍മ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് ഫോറുകളും ആറ് സിക്സുകളുമാണ് തിലക് നേടിയത്.
22 പന്തില്‍ 42 റണ്‍സ് നേടി ടിം ഡേവിഡും 13 പന്തില്‍ 34 റണ്‍സ് നേടി ഇഷാന്‍ കിഷനും മിന്നും പ്രകടനം നടത്തിയെങ്കിലും മുംബൈക്ക് 31 റണ്‍സ് അകലെ വിജയം നഷ്ടമാവുകയായിരുന്നു.
മാര്‍ച്ച് 31ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. അഹമ്മദാബാദിലാണ് മത്സരം നടക്കുക. മറുഭാഗത്ത് ഏപ്രില്‍ ഒന്നിന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയമാണ് വേദി.
Content highlight: IPL 2024: Irfan Pathan slams Hardik Pandya’s poor captaincy