ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പരാജയപ്പെട്ടിരുന്നു. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിനായിരുന്നു ആര്‍.സി.ബിയുടെ തോല്‍വി. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 288 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍.സി.ബി 262ന് പോരാട്ടം അവസാനിപ്പിച്ചു.
സീസണില്‍ ഇത് ആറാം തവണയാണ് ആര്‍.സി.ബി പരാജയപ്പെടുന്നത്. കളിച്ച ഏഴ് മത്സരത്തില്‍ നിന്നും വെറും ഒരു വിജയം മാത്രമാണ് റോയല്‍ ചലഞ്ചേഴ്‌സിന് സ്വന്തമാക്കാന്‍ സാധിച്ചത്. രണ്ട് പോയിന്റോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ആര്‍.സി.ബി.
കഴിഞ്ഞ മത്സരത്തിലെ പരാജയത്തിന് പിന്നാലെ ആര്‍.സിബിക്കെതിരെയും നായകന്‍ ഫാഫ് ഡു പ്ലെസിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഇര്‍ഫാന്‍ പത്താന്‍. മത്സരത്തില്‍ ടീമിന്റെ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ഡു പ്ലെസിക്കാണ് എന്നാണ് പത്താന്‍ പറഞ്ഞത്.
താരലേലത്തില്‍ മികച്ച താരങ്ങളെ സ്വന്തമാക്കാന്‍ സാധിക്കാതെ പോയത് ക്യാപ്റ്റന്റെ പരാജയമാണെന്നും ഇതാണ് ആര്‍.സി.ബിയുടെ തോല്‍വികള്‍ക്കുള്ള കാരണവും എന്നാണ് പത്താന്‍ പറഞ്ഞത്.
‘ഫാഫ് ഈ ഫ്രാഞ്ചൈസിക്കൊപ്പം ഏറെ നാളായി കൂടെയുണ്ട്. ക്യാപ്റ്റന്‍ എന്ന നിലയില്‍ താര ലേലത്തിലും താരങ്ങളുടെ റിറ്റെന്‍ഷനിലും അവന്‍ ഭാഗമായിരുന്നു. അവനാണ് എല്ലാ കുറ്റപ്പെടുത്തലുകളും അര്‍ഹിക്കുന്നത്. കാരണം മത്സരത്തിന്റെ ഒരു ഡിപ്പാര്‍ട്‌മെന്റിലും ടീമിന് ബാലന്‍സ് ഇല്ല.
താരലേലത്തില്‍ അവര്‍ മികച്ച താരങ്ങളെ ഒന്നും ടീമിലെത്തിച്ചില്ല. ഒരു ടീമിനെ നയിക്കുമ്പോള്‍ മികച്ച താരങ്ങളെ സ്വന്തമാക്കേണ്ടത് നിങ്ങളുടെ ജോലിയും കടമയുമാണ്,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചക്കിടെ പത്താന്‍ പറഞ്ഞു.
സണ്‍റൈസേഴ്‌സിനെതിരെ ടോസ് നേടിയ ഫാഫ് ഡു പ്ലെസി എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ട്രാവിസ് ഹെഡ്, ഹെന്റിക് ക്ലാസന്‍, അബ്ദുള്‍ സമദ് എന്നിവരുടെ വെടിക്കെട്ടിന്റെ ബലത്തില്‍ സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സാണ് നേടിയത്. ഐ.പി.എല്ലിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍ എന്ന സ്വന്തം റെക്കോഡ് തകര്‍ത്താണ് എസ്.ആര്‍.എച്ച് പുതുചരിത്രം കുറിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു ദിനേഷ് കാര്‍ത്തിക്കിന്റെയും ക്യാപ്റ്റന്‍ ഫാഫിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ പൊരുതി നോക്കിയെങ്കിലും വിജയം ഏറെ അകലെയായിരുന്നു.
ആര്‍.സി.ബി ബൗളിങ് നിരയുടെ ദൗര്‍ബല്യം വീണ്ടും വീണ്ടും വിളിച്ചോതുന്ന പ്രകടനമാണ് ഹോം ടീം ചിന്നസ്വാമിയില്‍ കാഴ്ചവെച്ചത്. ഓറഞ്ച് ആര്‍മിയുടെ സൂപ്പര്‍ താരങ്ങള്‍ ഒന്നൊഴിയാതെ ആര്‍.സി.ബി ബൗളര്‍മാരെ അടിച്ചുകൂട്ടി. ആര്‍.സി.ബി നിരയില്‍ പന്തെറിഞ്ഞ എല്ലാവരുടെയും എക്കോണമി പത്തിന് മുകളിലായിരുന്നു.
ഈ സീസണില്‍ ഇതിനോടകം തന്നെ 20 വിവിധ താരങ്ങളെ കളത്തിലിറക്കിയിട്ടും ഒരു കോംബിനേഷനുകളും ആര്‍.സി.ബിയില്‍ പച്ച പിടിച്ചില്ല.
ഈ തോല്‍വിക്ക് പിന്നാലെ ആര്‍.സി.ബിക്ക് മുമ്പിലേക്കുള്ള വഴികള്‍ അടയുന്ന മട്ടാണ്. താരങ്ങളുടെ മോശം പ്രകടനം ആവര്‍ത്തിച്ചാല്‍ തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം റിസള്‍ട്ടാകും ആര്‍.സി.ബിയെ സംബന്ധിച്ച് ഈ സീസണിലുണ്ടാവുക.
ഏപ്രില്‍ 21നാണ് ആര്‍.സി.ബിയുടെ അടുത്ത മത്സരം. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.
Content highlight: IPL 2024: Irafan Pathan slams Faf du Plessis