| Monday, 20th May 2024, 12:42 pm

ഇങ്ങനെയൊരു തിരിച്ചടികളുടെ സീസൺ ചരിത്രത്തിലാദ്യം; കേരളം മാത്രമല്ല ഐ.പി.എല്ലും മഴയിൽ മുങ്ങി

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകളാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്.

കഴിഞ്ഞ ദിവസമായിരുന്നു ഐ.പി.എല്ലിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങള്‍ നടന്നത്. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതിന് മുമ്പ് മഴ വില്ലനായി വന്നതിനു പിന്നാലെ മത്സരങ്ങള്‍ ഉപേക്ഷിച്ചിരുന്നു. മെയ് 16ന് നടന്ന ഗുജറാത്ത് ടൈറ്റന്‍സ്-ഹൈദരാബാദ് മത്സരവും മെയ് 13ന് നടന്ന കൊല്‍ക്കത്ത-ഗുജറാത്ത് മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു.

ഇതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ മഴ മൂലം മത്സരങ്ങള്‍ ഉപേക്ഷിക്കുന്ന സീസണ്‍ ആയി 2024 മാറിയിരിക്കുകയാണ്. ഇതിന് മുമ്പ് 2009, 2011 സീസണുകളില്‍ രണ്ട് തവണയാണ് മഴ മൂലം ഫലങ്ങളില്ലാതെ മത്സരം ഉപേക്ഷിക്കേണ്ടി വന്നത്.

മെയ് 21ന് നടക്കുന്ന ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത ഹൈദരാബാദിനെയാണ് നേരിടുന്നത്. മെയ് 22നാണ് എലിമിനേറ്റര്‍ മത്സരം നടക്കുക. രാജസ്ഥാനും ബെംഗളൂരും തമ്മിലാണ് മത്സരം. മഴയുടെ വെല്ലുവിളി പ്ലേ ഓഫിലും വലിയ ആശങ്ക ഉണര്‍ത്തുന്ന ഒന്നാണ്.

ക്വാളിഫയര്‍ വണ്ണും എലിമിനേറ്ററും അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ക്വാളിഫയര്‍ ടുവും ഫൈനല്‍ മത്സരവും ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിലും ആണ് നടക്കുക.

Content Highlight: IPL 2024 has seen most no results and washouts in an IPL season

We use cookies to give you the best possible experience. Learn more