| Saturday, 30th March 2024, 5:09 pm

താരങ്ങളെ പിന്തുണയ്ക്കാന്‍ അറിയാത്തവര്‍; അവര്‍ വിട്ടുകളഞ്ഞവന്‍ ഇന്ന് ഇതിഹാസം, ശിവം ദുബെ ചെന്നൈക്ക് കപ്പും നേടിക്കൊടുത്തു; ആഞ്ഞടിച്ച് ഭാജി

സ്പോര്‍ട്സ് ഡെസ്‌ക്

സ്വന്തം തട്ടകത്തിലെ തോല്‍വിക്ക് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തങ്ങളുടെ താരങ്ങളെ പിന്തുണയ്ക്കാന്‍ അറിയില്ലെന്നും ടീം വിട്ട പലരും ഇന്ന് സൂപ്പര്‍ താരങ്ങളായി മാറിയെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ബൗളിങ്ങാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ പ്രധാന ആശങ്കയെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഹര്‍ഭജന്‍ ഇക്കാര്യം പറഞ്ഞത്.

‘ബൗളര്‍മാര്‍ എവിടെ? അവര്‍ക്ക് (ആര്‍.സി.ബി) ഐ.പി.എല്‍ 2024ല്‍ മികച്ച ബൗളര്‍മാര്‍ ആരും തന്നെയില്ല. എന്നെ സംബന്ധിച്ച് ബൗളിങ് ആശങ്കയുണ്ടാക്കുന്ന മേഖലയാണ്.

അവര്‍ യൂസ്വേന്ദ്ര ചഹലിനോട് എന്താണ് ചെയ്തത്? ചഹല്‍ അവരുടെ ഏറ്റവും മികച്ച ബൗളറായിരുന്നു, പക്ഷേ അവര്‍ അവനെ നിലനിര്‍ത്തിയില്ല. അപ്പോള്‍ അവന്‍ ഐ.പി.എല്ലിലെ ഇതിഹാസമാണ്.

വാനിന്ദു ഹസരങ്കയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. പക്ഷേ അവനെയും ബെംഗളൂരു റിലീസ് ചെയ്തു. വലിയ താരങ്ങളെ വിട്ടുകളയുന്നതിലൂടെ നിങ്ങള്‍ക്ക് മത്സരങ്ങള്‍ ജയിക്കാന്‍ സാധിക്കില്ല.

മുഹമ്മദ് സിറാജ് ഒഴികെ ടീമിനായി മത്സരങ്ങള്‍ ജയിപ്പിക്കാന്‍ സാധിക്കുന്ന ഒരു താരത്തെയും എനിക്ക് കാണാനാകുന്നില്ല. ഇപ്പോള്‍ സിറാജും ഫോം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ കരണ്‍ ശര്‍മയെയും അവര്‍ പുറത്തിരുത്തി,’ ഹര്‍ഭജന്‍ പറഞ്ഞു.

കഴിഞ്ഞ കാലങ്ങളില്‍ ആര്‍.സി.ബി നേരിടുന്ന മറ്റൊരു പ്രശ്‌നത്തെ കുറിച്ചും ഭാജി സംസാരിച്ചു. ആര്‍.സി.ബി താരങ്ങള്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്നും ടീം വിട്ട താരങ്ങള്‍ മറ്റ് ടീമുകള്‍ക്കായി മികച്ച പ്രകടനം കാഴ്ചവെക്കുന്നതും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.

‘അവര്‍ താരങ്ങളെ പിന്തുണയ്ക്കുന്നില്ല. റോയല്‍ ചലഞ്ചേഴ്‌സിന് ശിവം ദുബെയുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. അവനിപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മാച്ചുകള്‍ വിജയിപ്പിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ സീസണില്‍ ചെന്നൈ കപ്പുയര്‍ത്തിയപ്പോള്‍ അതില്‍ പ്രധാന പങ്കുവഹിച്ച താരമായിരുന്നു ദുബെ.

ശിവം ആര്‍.സി.ബിക്കായി കളിച്ചപ്പോള്‍ അവന് മികടച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളെ പിന്തുണയ്ക്കുന്നു. എന്നാല്‍ ആര്‍.സി.ബിയില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ശിവം ദുബെയെ അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ കളത്തിലിറക്കിയാല്‍ അവന്‍ പരാജയപ്പെടും,’ ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

ശിവം ദുബെ മാത്രമല്ല, ട്രാവിസ് ഹെഡ്, ഹെന്റിക് ക്ലാസന്‍ എന്നിവരും ആര്‍.സി.ബി വിട്ടതിന് പിന്നാലെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

കഴിഞ്ഞ ദിവസം ചിന്നസ്വാമിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ടത്. ആര്‍.സി.ബി ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം 19 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. വെങ്കിടേഷ് അയ്യരുടെ അര്‍ധ സെഞ്ച്വറിയും സുനില്‍ നരെയ്‌ന്റെ വെടിക്കെട്ടുമാണ് കൊല്‍ക്കത്തക്ക് അനായാസ വിജയം സമ്മാനിച്ചത്.

ഏപ്രില്‍ രണ്ടിനാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ ആണ് എതിരാളികള്‍.

Content Highlight: IPL 2024: Harbhajan Singh criticize Royal Challengers Bengaluru

We use cookies to give you the best possible experience. Learn more