ഐ.പി.എല്‍ 2024ലെ 24ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യും. രാജസ്ഥാന്‍ റോയല്‍സിന്റെ സ്വന്തം തട്ടകമായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് പിങ്ക് ആര്‍മിക്ക് നേരിടാനുള്ളത്.
മഴ കാരണം ടോസ് വൈകിയിരുന്നു. ടോസ് ഭാഗ്യം തുണച്ച ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ബൗളിങ് തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്നായിരുന്നു ടോസിന് പിന്നാലെ ഗില്‍ പറഞ്ഞത്.
ടോസ് വിജയിച്ചാല്‍ തങ്ങളും ബൗളിങ് തന്നെ തെരഞ്ഞെടുക്കുമെന്നാണ് സഞ്ജുവും പറഞ്ഞത്.
രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെയും സ്റ്റാര്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചഹലിനെയും സംബന്ധിച്ച് ഈ മത്സരം ഏറെ സ്‌പെഷ്യലാണ്. ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ 50ാം മത്സരമാണ് ഹോം ക്രൗഡിന് മുമ്പില്‍ നടക്കുന്നത്.
ചഹലിനെ സംബന്ധിച്ചാകട്ടെ കരിയറിലെ 150ാം ഐ.പി.എല്‍ മത്സരമാണിത്.
അതേസമയം, ഒരു മാറ്റവുമായാണ് രാജസ്ഥാന്‍ കളത്തിലിറങ്ങിയിരിക്കുന്നത്. ടീമിന്റെ പേസാക്രമണത്തിലെ പ്രധാനിയായ നാന്ദ്രേ ബര്‍ഗര്‍ ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കളിക്കുന്നില്ല. കുല്‍ദീപ് സെന്നാണ് പകരക്കാരന്‍.
വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് മാത്യൂ വേഡിന് നല്‍കിയാണ് ടൈറ്റന്‍സ് കളത്തിലിറങ്ങിയിരിക്കുന്നത്.
അതേസമയം, രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ ആദ്യ ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ആറ് എന്ന നിലയിലാണ്. ആറ് പന്തില്‍ ആറ് റണ്‍സുമായി യശസ്വി ജെയ്‌സ്വാളും മറുതലയ്ക്കല്‍ ജോഷ് ബട്‌ലറുമാണ് ക്രീസില്‍.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, ജോഷ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍). റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, കുല്‍ദീപ് സെന്‍, യൂസ്വേന്ദ്ര ചഹല്‍.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍
സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, അഭിനവ് മനോഹര്‍, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ, ഉമേഷ് യാദവ്, നൂര്‍ അഹമ്മദ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍.
Content Highlight: IPL 2024: GT vs RR: Sanju Samson’s 50th game as captain and Yuzvendra Chahal plays 150th IPL match