| Thursday, 4th April 2024, 10:29 pm

ഒറ്റ ദിവസം പോലും കാത്തുനില്‍ക്കാനുള്ള ക്ഷമ അവനുണ്ടായിരുന്നില്ല; 24 മണിക്കൂറില്‍ നരെയ്‌ന്റെ റെക്കോഡ് തൂക്കി ഗില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 17ാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് പഞ്ചാബ് കിങ്‌സിനെ നേരിടുകയാണ്. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഗുജറാത്ത് മികച്ച സ്‌കോറിലേക്കുയര്‍ന്നത്. 48 പന്തില്‍ പുറത്താകാതെ 89 റണ്‍സാണ് താരം നേടിയത്. ആറ് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്‌സ്. 185.42 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

19 പന്തില്‍ 33 റണ്‍സ് നേടിയ സായ് സുദര്‍ശനും 22 പന്തില്‍ 26 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണും ടോട്ടലില്‍ തുണയായി.

എട്ട് പന്ത് നേരിട്ട് മൂന്ന് ഫോറും ഒരു സിക്‌സറും അടക്കം പുറത്താകാതെ 23 റണ്‍സ് നേടിയ രാഹുല്‍ തെവാട്ടിയയുടെ കാമിയോയും ടൈറ്റന്‍സിനെ മികച്ച സ്‌കോറിലെത്തിച്ചു.

സീസണിലെ ആദ്യ സെഞ്ച്വറി ശുഭ്മന്‍ ഗില്ലിലൂടെ പിറക്കുമെന്ന് തോന്നിച്ചിരുന്നു. 19ാം ഓവറിലെ അവസാന പന്തില്‍ ട്രിപ്പിളോടി അവസാന ഓവറില്‍ സ്‌ട്രൈക്കിലെത്തിയപ്പോഴും ആരാധകര്‍ സെഞ്ച്വറി പ്രതീക്ഷ വെച്ചുപുലര്‍ത്തി. എന്നാല്‍ 89* റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്.

സെഞ്ച്വറി നേടാന്‍ സാധിച്ചില്ലെങ്കിലും ഒരു മികച്ച നേട്ടം സ്വന്തമാക്കാന്‍ ഗില്ലിന്റെ ഈ ഇന്നിങ്‌സിന് സാധിച്ചിരുന്നു. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമാണ് ഗില്‍ സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ സുനില്‍ നരെയ്ന്‍ നേടിയ 85 റണ്‍സിന്റെ ടോട്ടലാണ് താരം മറികടന്നത്.

ഐ.പി.എല്‍ 2024ലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ (ഇതുവരെ)

(താരം – ടീം – എതിരാളികള്‍ – റണ്‍സ് എന്നീ ക്രമത്തില്‍)

ശുഭ്മന്‍ ഗില്‍ – ഗുജറാത്ത് ടൈറ്റന്‍സ് – പഞ്ചാബ് കിങ്‌സ് – 89*

സുനില്‍ നരെയ്ന്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 85

റിയാന്‍ പരാഗ് – രാജസ്ഥാന്‍ റോയല്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 84*

വിരാട് കോഹ്‌ലി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 83*

സഞ്ജു സാംസണ്‍ – രാജസ്ഥാന്‍ റോയല്‍സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 82*

അതേസമയം, ഗുജറാത്ത് ഉയര്‍ത്തിയ 200 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് നാലാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. എട്ട് പന്തില്‍ അഞ്ച് റണ്‍സ് നേടിയ സാം കറണിന്റെ വിക്കറ്റാണ് നഷ്ടമായത്.

നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 83ന് നാല് എന്ന നിലയിലാണ് പഞ്ചാബ്. ഒമ്പത് പന്തില്‍ ഏഴ് റണ്‍സുമായി സിക്കന്ദര്‍ റാസയും നാല് പന്തില്‍ ഏഴ് റണ്‍സുമായി ശശാങ്ക് സിങ്ങുമാണ് ക്രീസില്‍.

Content Highlight: IPL 2024: GT vs PBKS:  Shubman Gill became the highest scorer in IPL 2024

We use cookies to give you the best possible experience. Learn more