ഐ.പി.എല്ലില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. പുതിയ നായകന് കീഴില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അവരുടെ തട്ടകത്തിലാണ് മുംബൈ ഇന്ത്യന്‍സ് ആദ്യ മത്സരത്തിനിറങ്ങിയിരിക്കുന്നത്.
മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ഫീല്‍ഡീങ് തെരഞ്ഞെടുത്തു. ആദ്യ ഓവര്‍ ജസ്പ്രീത് ബുംറക്ക് നല്‍കുന്ന മുംബൈ ഇന്ത്യന്‍സിന്റെ പതിവ് തെറ്റിച്ച് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ തന്നെ ആദ്യ ഓവര്‍ എറിയുകയായിരുന്നു. ആ ഓവറില്‍ താരം 11 റണ്‍സ് വഴങ്ങുകയും ചെയ്തു.
ലൂക് വുഡ് രണ്ടാം ഓവര്‍ എറിഞ്ഞപ്പോള്‍ ഹര്‍ദിക് മൂന്നാം ഓവറും എറിഞ്ഞു.
നാലാം ഓവറിലാണ് ജസ്പ്രീത് ബുംറ പന്തെടുത്തത്. എറിയുന്നത് ആദ്യ ഓവറാണോ നാലാം ഓവറാണോ എന്നൊന്നും നേക്കാതെ ബുംറ തന്റെ മാജിക് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ പുറത്തെടുത്തു.
ഓവറിലെ അവസാന പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ പുറത്താക്കി ബുംറ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. ഒരു തകര്‍പ്പന്‍ യോര്‍ക്കറിലൂടെ താരം സാഹയെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
ശേഷം സൂപ്പര്‍ താരം ഡേവിഡ് മില്ലറിനെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചും സായ് സുദര്‍ശനെ തിലക് വര്‍മയുടെ കൈകളിലെത്തിച്ചും ബുംറ പുറത്താക്കി.
നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങിയാണ് ബുംറ മൂന്ന് വിക്കറ്റ് നേടിയത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ 20 തവണ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളര്‍ എന്ന ഐതിഹാസിക നേട്ടമാണ് മുംബൈ ഇന്ത്യന്‍സിന്റെ യോര്‍കര്‍ സ്‌പെഷ്യലിസ്റ്റ് സ്വന്തമാക്കിയത്.
അതേസമയം, ഗുജറാത്ത് ഉയര്‍ത്തിയ 169 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 52ന് രണ്ട് എന്ന നിലയിലാണ്. 16 പന്തില്‍ 24 റണ്‍സുമായി രോഹിത് ശര്‍മയും ആറ് പന്തില്‍ ആറ് റണ്‍സുമായി ഡെവാള്‍ഡ് ബ്രെവിസുമാണ് ക്രീസില്‍.
നാല് പന്തില്‍ പൂജ്യം റണ്‍സുമായി ഇഷാന്‍ കിഷനും 10 പന്തില്‍ 20 റണ്‍സുമായി നമന്‍ ധിറുമാണ് പുറത്തായത്. അസ്മത്തുള്ള ഒര്‍സായിയാണ് രണ്ട് വിക്കറ്റും നേടിയത്.
Content highlight: IPL 2024: GT vs MI: Jasprit Bumrah becomes the first ever bowler to pick 20 3 wickets haul in IPL