| Sunday, 7th April 2024, 10:55 pm

സെക്കന്‍ഡിന്റെ നൂറിലൊരു അംശം, അവന് അത് ധാരാളമായിരുന്നു; കണ്ടവര്‍ ഒന്നുപോലെ അമ്പരന്ന ക്യാച്ച്; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 21ാം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുകയാണ്. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന സ്പോര്‍ട്സ് സിറ്റിയിലാണ് മത്സരം അരങ്ങേറുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ലഖ്നൗ നായകന്‍ കെ.എല്‍. രാഹുല്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

ക്വിന്റണ്‍ ഡി കോക്കും ദേവ്ദത്ത് പടിക്കലും നിരാശപ്പെടുത്തയപ്പോള്‍ ഹോം ടീമിന് ആദ്യ ഓവറുകളില്‍ പ്രതീക്ഷിച്ച സ്‌കോറിലേക്ക് ഉയരാന്‍ സാധിച്ചില്ല.

എങ്കിലും നാലാം നമ്പറിലിറങ്ങിയ മാര്‍കസ് സ്റ്റോയ്നിസിന്റെ അര്‍ധ സെഞ്ച്വറിയും ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍, വൈസ് ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍ എന്നിവരുടെ ഇന്നിങ്സിന്റെ കരുത്തില്‍ സൂപ്പര്‍ ജയന്റ്സ് മോശമല്ലാത്ത സ്‌കോര്‍ സ്വന്തമാക്കി.

സ്റ്റോയ്നിസ് 43 പന്തില്‍ 58 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ 31 പന്തില്‍ 33 റണ്‍സും പൂരന്‍ 22 പന്തില്‍ 32 റണ്‍സും നേടി.

ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് സൂപ്പര്‍ ജയന്‍ര്‌സ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സിനായി ഓപ്പണര്‍മാരായ സായ് സുദര്‍ശനും ശുഭ്മന്‍ ഗില്ലും മോശമല്ലാത്ത തുടക്കം നല്‍കിയ ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി പടുത്തുയര്‍ത്തിയാണ് ഇരുവരും സ്‌കോറിങ്ങിന് അടിത്തറയിട്ടത്.

എന്നാല്‍ ടീം സ്‌കോര്‍ 54ല്‍ നില്‍ക്കവെ ഗില്ലിനെ മടക്കി യാഷ് താക്കൂര്‍ ടീമിന് ആദ്യ ബ്രേക് ത്രൂ നല്‍കി. 21 പന്തില്‍ 19 റണ്‍സ് നേടി നില്‍ക്കവെ ക്ലീന്‍ ബൗള്‍ഡായാണ് ടൈറ്റന്‍സ് നായകന്‍ മടങ്ങിയത്.

വണ്‍ ഡൗണായി സൂപ്പര്‍ താരം കെയ്ന്‍ വില്യംസണാണ് കളത്തിലിറങ്ങിയത്. ഇംപാക്ട് പ്ലെയറായി എത്തിയ വില്യംസണ് സ്‌കോറിങ്ങില്‍ ഒരു ഇംപാക്ടും ഉണ്ടാക്കാന്‍ സാധിച്ചില്ല.

അഞ്ച് പന്തില്‍ ഒരു റണ്‍സാണ് വില്യംസണ്‍ നേടിയത്. ഏഴാം ഓവറിലെ രണ്ടാം പന്തില്‍ രവി ബിഷ്‌ണോയിക്ക് ക്യാച്ച് നല്‍കിയാണ് വില്യംസണ്‍ തിരിച്ചുനടന്നത്.

വില്യംസണെ പുറത്താക്കാന്‍ ബിഷ്‌ണോയ് എടുത്ത ക്യാച്ചാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മികച്ച റിഫ്‌ളക്‌സും ആക്രോബാക്ടിക് സ്‌കില്ലുമായാണ് താരം ആ ക്യാച്ച് കൈപ്പിടിയിലൊതുക്കിയത്.

വില്യംസണ്‍ ഷോട്ട് ഉതിര്‍ത്ത് മില്ലി സെക്കന്‍ഡുകള്‍ക്കകം ബിഷ്‌ണോയ് ക്യാച്ചെടുക്കാന്‍ ഉയര്‍ന്ന് ചാടുകയും അതിഗംഭീരമായി ആ ക്യാച്ച് കംപ്ലീറ്റ് ചെയ്യുകയുമായിരുന്നു.

അതേസമയം, 164 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് ഏഴാം വിക്കറ്റും നഷ്ടമായി. സൂപ്പര്‍ താരം റാഷിദ് ഖാന്റെ വിക്കറ്റാണ് അവസാനംമായി നഷ്ടമായത്. യാഷ് താക്കൂറിന്റെ പന്തില്‍ ദീപക് ഹൂഡക്ക് ക്യാച്ച് നല്‍കി ബ്രോണ്‍സ് ഡക്കായാണ് താരം പുറത്തായത്.

നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ 93 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയിലാണ് ടൈറ്റന്‍സ്. ഏഴ് പന്തില്‍ മൂന്ന് റണ്‍സുമായി രാഹുല്‍ തെവാട്ടിയയും ഒരു പന്തില്‍ റണ്ണെടുക്കാതെ ഉമേഷ് യാദവുമാണ് ക്രീസില്‍.

Content Highlight: IPL 2024: Gt vs LSG: Ravi Bishnoi’s brilliant catch to dismiss Kane Williamson

We use cookies to give you the best possible experience. Learn more