| Wednesday, 24th April 2024, 11:08 pm

ഇത് ബി.സി.സി.ഐ ആഗ്രഹിച്ച ഇന്നിങ്‌സ്; ഗെയ്‌ലിനെയും മറികടന്ന് ഡബിള്‍ ട്രബിളുമായി പന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 40ാം മത്സരത്തിന് ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സ്വന്തം തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം വേദിയാവുകയാണ്. ഗുജറാത്ത് ടൈറ്റന്‍സാണ് മത്സരത്തില്‍ ഹോം ടീമിന്റെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടലാണ് എതിരാളികള്‍ക്ക് മുമ്പില്‍ പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ റിഷബ് പന്തിന്റെയും അക്സര്‍ പട്ടേലിന്റെയും അര്‍ധ സെഞ്ച്വറികളാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

43 പന്തില്‍ നിന്നും പുറത്താകാതെ 88 റണ്‍സാണ് റിഷബ് പന്ത് അടിച്ചെടുത്തത്. എട്ട് സിക്സറും അഞ്ച് ഫോറും അടക്കം 204.65 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

43 പന്ത് നേരിട്ട് ടീം ടോട്ടലിലേക്ക് 66 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് അക്സര്‍ പട്ടേല്‍ മടങ്ങിയത്. ഐ.പി.എല്ലില്‍ പട്ടേലിന്റെ രണ്ടാം അര്‍ധ സെഞ്ച്വറിയാണിത്.

മോഹിത് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ വെടിക്കെട്ട് നടത്തിയാണ് ദല്‍ഹി നായകന്‍ സ്‌കോര്‍ 200 കടത്തിയത്. നാല് സിക്സറും ഒരു ഫോറും അടക്കം 30 റണ്‍സാണ് അവസാന ഓവറില്‍ പന്ത് അടിച്ചെടുത്തത്.

ഇതോടെ പല റെക്കോഡുകളും റിഷബ് പന്ത് സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ അവസാന ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയാണ് പന്ത് തിളങ്ങിയത്.

20ാം ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – എതിരാളികള്‍ – റണ്‍സ് എന്നീ ക്രമത്തില്‍

രവീന്ദ്ര ജഡേജ vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 36

റൊമാരിയോ ഷെപ്പേര്‍ഡ് vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – 32

റിഷബ് പന്ത് vs ഗുജറാത്ത് ടൈറ്റന്‍സ് – 30

റിങ്കു സിങ് vs ഗുജറാത്ത് ടൈറ്റന്‍സ് – 30

ഹര്‍ദിക് പാണ്ഡ്യ vs റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് – 28

ശ്രേയസ് അയ്യര്‍ vs കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സ് – 28

രോഹിത് ശര്‍മ vs പഞ്ചാബ് കിങ്‌സ് – 26

ഇതിന് പുറമെ ഡെത്ത് ഓവറിലെ ഏറേറവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും ഇതോടെ പന്തിനായി.

ഡെത്ത് ഓവറിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് (ചുരുങ്ങിയത് 100 റണ്‍സ്)

(താരം – സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍)

എ.ബി. ഡി വില്ലിയേഴ്‌സ് – 232.5

റിഷബ് പന്ത് – 208.7

ക്രിസ് ഗെയ്ല്‍ – 206.1

ടിം ഡേവിഡ് – 205.7

ആന്ദ്രേ റസല്‍ – 203.0

വിരാട് കോഹ്‌ലി- 200.9

ഫാഫ് ഡു പ്ലെസി – 200.00

ഐ.പി.എല്ലിന് പിന്നാലെ ടി-20 വേള്‍ഡ് കപ്പ് നടക്കാനിരിക്കെ റിഷബ് പന്ത് ഇത്തരമൊരു പ്രകടനം പുറത്തെടുത്തതില്‍ സെലക്ടര്‍മാരും ഹാപ്പിയാകുമെന്നുറപ്പാണ്.

Content highlight: IPL 2024: GT vs DC: Rishabh Pant’s brilliant innings against Gujarat Titans

We use cookies to give you the best possible experience. Learn more