ഐ.പി.എല്‍ 2024ലെ 40ാം മത്സരത്തിന് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം വേദിയാവുകയാണ്. ഗുജറാത്ത് ടൈറ്റന്‍സാണ് മത്സരത്തില്‍ ഹോം ടീമായ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ എതിരാളികള്‍.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ റിഷബ് പന്തിന്റെയും അക്‌സര്‍ പട്ടേലിന്റെയും അര്‍ധ സെഞ്ച്വറികളാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
43 പന്തില്‍ നിന്നും പുറത്താകാതെ 88 റണ്‍സാണ് റിഷബ് പന്ത് നേടിയത്. എട്ട് സിക്‌സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
43 പന്ത് നേരിട്ട് ടീം ടോട്ടലിലേക്ക് 66 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് അക്‌സര്‍ പട്ടേല്‍ മടങ്ങിയത്. ഐ.പി.എല്ലില്‍ താരത്തിന്റെ രണ്ടാം അര്‍ധ സെഞ്ച്വറി നേട്ടമാണിത്.
മോഹിത് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ കത്തിക്കയറിയാണ് പന്ത് സ്‌കോര്‍ 200 കടത്തിയത്. നാല് സിക്‌സറും ഒരു ഫോറും അടക്കം 30 റണ്‍സാണ് അവസാന ഓവറില്‍ പന്ത് അടിച്ചെടുത്തത്.
ഇതോടെ ഒരു മോശം റെക്കോഡും പന്ത് മോഹിത് ശര്‍മയുടെ മേല്‍ ചാര്‍ത്തിക്കൊടുത്തു. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ബൗളിങ് സ്‌പെല്‍ എന്ന മോശം നേട്ടമാണ് മോഹിത് ശര്‍മ തന്റെ പേരില്‍ കുറിച്ചത്.
നാല് ഓവറില്‍ വിക്കറ്റൊന്നും നേടാതെ 73 റണ്‍സാണ് ശര്‍മ വഴങ്ങിയത്. ഇന്നിങ്‌സിലെ അവസാന ഓവറാണ് മോഹിത്തിന് തിരിച്ചടിയായത്.
മലയാളി താരം ബേസില്‍ തമ്പിയുടെ പേരിലുണ്ടായിരുന്ന മോശം റെക്കോഡാണ് നിലവില്‍ മോഹിത് ശര്‍മയുടെ പേരില്‍ കുറിക്കപ്പെട്ടത്.
ഐ.പി.എല്ലിലെ ഏറ്റവും മോശം സ്‌പെല്‍
(താരം – ടീം – എതിരാളികള്‍ – ബൗളിങ് ഫിഗര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
മോഹിത് ശര്‍മ – ഗുജറാത്ത് ടൈറ്റന്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 73/0 – 2024
ബേസില്‍ തമ്പി – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 70/0 – 2018
യാഷ് ദയാല്‍ – ഗുജറാത്ത് ടൈറ്റന്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 69/0 – 2023
അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് നിലവില്‍ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ 41ന് ഒന്ന് എന്ന നിലയിലാണ്. 10 പന്തില്‍ 26 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും മൂന്ന് പന്തില്‍ എട്ട് റണ്‍സുമായി സായ് സുദര്‍ശനുമാണ് ക്രീസില്‍.
ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍
പൃഥ്വി ഷാ, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, ഷായ് ഹോപ്, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, അഭിഷേക് പോരല്‍, കുല്‍ദീപ് യാദവ്, ആന്റിക് നോര്‍ക്യ, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍
വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, അസ്മത്തുള്ള ഒമര്‍സായ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ, സന്ദീപ് വാര്യര്‍.
Content Highlight: IPL 2024: GT vs DC: Mohit Sharma tops the list of most expensive bowling spell in IPL