| Wednesday, 24th April 2024, 9:23 pm

ആദ്യ ഇന്നിങ്‌സ് അവസാനിക്കുന്നതിന് മുമ്പ് തന്നെ വിവാദം; മത്സരത്തിന്റെ ഫലം തന്നെ അട്ടിമറിക്കപ്പെട്ടേക്കാം...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 40ാം മത്സരം ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ തുടരുകയാണ്. പേ ബാക്ക് വീക്കിലെ മൂന്നാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് ഹോം ടീമായ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ ടൈറ്റന്‍സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

മത്സരത്തില്‍ മോശമല്ലാത്ത തുടക്കമായിരുന്നു ക്യാപ്പിറ്റല്‍സിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കും പൃഥ്വി ഷായും ചേര്‍ന്ന് 35 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും സന്ദീപ് വാര്യര്‍ എറിഞ്ഞ നാലാം ഓവറില്‍ ഇരുവരും മടങ്ങി.

മക്ഗൂര്‍ക്കിനെയാണ് വാര്യര്‍ ആദ്യം മടക്കിയത്. നാലാം ഓവറിലെ രണ്ടാം പന്തില്‍ നൂര്‍ അഹമ്മദിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. 14 പന്തില്‍ 23 റണ്‍സായിരുന്നു മക്ഗൂര്‍ക്കിന്റെ സമ്പാദ്യം.

ഓവറിലെ അഞ്ചാം പന്തില്‍ പൃഥ്വി ഷായെയും ക്യാപ്പിറ്റല്‍സിന് നഷ്ടമായി. ഇത്തവണയും സന്ദീപ് വാര്യര്‍ – നൂര്‍ അഹമ്മദ് കോംബോയാണ് ക്യാപ്പിറ്റല്‍സിന്റെ രണ്ടാം ഓപ്പണറെയും മടക്കിയത്. മൂന്നാം അമ്പയറാണ് ഔട്ട് വിധിച്ചത്. ഏഴ് പന്തില്‍ 11 റണ്‍സ് നേടി നില്‍ക്കവെയാണ് താരം പുറത്തായത്.

എന്നാല്‍ ഇപ്പോള്‍ ക്യാച്ചിനെ ചൊല്ലി വിവാദങ്ങളും ഉടലെടുക്കുകയാണ്. നൂര്‍ അഹമ്മദ് ശരിയായ രീതിയിലാണോ ക്യാച്ച് കംപ്ലീറ്റ് ചെയ്തത് എന്നാണ് ആരാധകരും ക്രിക്കറ്റ് അനലിസ്റ്റുകളും ഒരുപോലെ ചോദിക്കുന്നത്.

നൂര്‍ അഹമ്മദ് മികച്ച രീതിയില്‍ ആ ക്യാച്ച് കംപ്ലീറ്റ് ചെയ്തിട്ടില്ല എന്നാണ് തനിക്ക് തോന്നുന്നതെന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറഞ്ഞത്.

‘എനിക്ക് തോന്നുന്നത് പന്ത് നിലത്ത് തട്ടിയിട്ടുണ്ട് എന്നാണ്,’ ആകാശ് ചോപ്ര പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരവും വിക്കറ്റ് കീപ്പറുമായ പാര്‍ഥിവ് പട്ടേലും പന്ത് നിലത്ത് തട്ടിയതായി അഭിപ്രായപ്പെട്ടു.

മൂന്നാം അമ്പയറുടെ തീരുമാനത്തിനെതിരെ ആരാധകരും രംഗത്തെത്തുന്നുണ്ട്.

അതേസമയം, ദല്‍ഹി ക്യാപ്പിറ്റല്‍സ് 224 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ ഇന്നിങസ് അവസാനിപ്പിച്ചിരിക്കുകയാണ്. അര്‍ധ സെഞ്ച്വറി നേടിയ അക്‌സര്‍ പട്ടേലും റിഷബ് പന്തുമാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

37 പന്തില്‍ നിന്നും നാല് സിക്‌സറും അഞ്ച് ഫോറുമായി അക്‌സര്‍ പട്ടേല്‍ 66 റണ്‍സ് നേടിയപ്പോള്‍ 43 പന്തില്‍ പുറത്താകാതെ 88 റണ്‍സാണ് റിഷബ് പന്ത് അടിച്ചുകൂട്ടിയത്. ഏട്ട് സിക്‌സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്.

ഏഴ് പന്തില്‍ 26 റണ്‍സടിച്ച ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ വെടിക്കെട്ടും ക്യാപ്പിറ്റല്‍സിന് തുണയായി.

ടൈറ്റന്‍സിനായി സന്ദീപ് വാര്യര്‍ മൂന്ന് വിക്കറ്റ് നേടി. നൂര്‍ അഹമ്മദാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

പൃഥ്വി ഷാ, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, ഷായ് ഹോപ്, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, അഭിഷേക് പോരല്‍, കുല്‍ദീപ് യാദവ്, ആന്റിക് നോര്‍ക്യ, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, അസ്മത്തുള്ള ഒമര്‍സായ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, നൂര്‍ അഹമ്മദ്, മോഹിത് ശര്‍മ, സന്ദീപ് വാര്യര്‍.

Content Highlight: IPL 2024: GT vs DC: Fans and Cricket analyst questions Prithvi Shaw’s dismissal

We use cookies to give you the best possible experience. Learn more