ഇന്ത്യന്‍ ക്രിക്കറ്റ് വേണ്ട വിധത്തില്‍ ഉപയോഗിക്കാത്ത മുതല്‍; ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ആദ്യ വിക്കറ്റ് കീപ്പര്‍
IPL
ഇന്ത്യന്‍ ക്രിക്കറ്റ് വേണ്ട വിധത്തില്‍ ഉപയോഗിക്കാത്ത മുതല്‍; ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ആദ്യ വിക്കറ്റ് കീപ്പര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 26th March 2024, 9:03 pm

ഐ.പി.എല്‍ 2023 ഫൈനലിന്റെ റീ മാച്ചാണ് ഇപ്പോള്‍ ചെപ്പോക്കില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

സീസണിലെ ആദ്യ മത്സരം വിജയിച്ചാണ് രണ്ട് ടീമും രണ്ടാം മത്സരത്തിനിറങ്ങിയിരിക്കുന്നത്. എതിരാളികളെക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്ത് വിജയം തുടരാനാണ് ഇരു ടീമും ശ്രമിക്കുന്നത്.

മത്സരത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഗുജറാത്ത് ടൈറ്റന്‍സ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ നേടിയിരിക്കുന്നത്. രണ്ടാം വിക്കറ്റായി അജിന്‍ക്യ രഹാനെയെ സ്റ്റംപ് ചെയ്ത് പുറത്താക്കിയതോടെയാണ് സാഹയെ തേടി ഈ നേട്ടമെത്തിയത്.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു ടീമിന്റെ ആദ്യ രണ്ട് താരങ്ങളെയും സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് സാഹ സ്വന്തമാക്കിയത്.

ചെന്നൈയുടെ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം രചിന്‍ രവീന്ദ്രയെയാണ് സാഹ ആദ്യം സ്റ്റംപിങ്ങിലൂടെ പുറത്താക്കിയത്. റാഷിദ് ഖാന്റെ ഡെലിവെറിയിലാണ് ഒരു തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെ സാഹ ചെന്നൈ ഓപ്പണറെ പുറത്താക്കിയത്.

അര്‍ധ സെഞ്ച്വറിയിലേക്ക് അതിവേഗം നീങ്ങിയ രചിനെ സ്റ്റംപ് ചെയ്ത് പുറത്താക്കി അധികം വൈകാതെ രഹാനെയും താരം സ്റ്റംപ് ചെയ്ത് പുറത്താക്കിയിരുന്നു.

മികച്ച പ്രകടനം കാഴ്ചവെച്ച ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ ഡിസ്മിസ്സലിലും സാഹ തന്റെ കയ്യൊപ്പ് പതിപ്പിച്ചിരുന്നു. സ്‌പെന്‍സര്‍ ജോണ്‍സന്റെ പന്തില്‍ സാഹക്ക് ക്യാച്ച് നല്‍കിയാണ് ഗെയ്ക്വാദ് പുറത്തായത്.

അതേസമയം, 15 ഓവര്‍ പിന്നിടുമ്പോള്‍ 153 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് സൂപ്പര്‍ കിങ്‌സ്. 14 പന്തില്‍ 36 റണ്‍സുമായി ശിവം ദുബെയും എട്ട് പന്തില്‍ ഒമ്പത് റണ്‍സുമായി ഡിരില്‍ മിച്ചലുമാണ് ക്രീസില്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, തുഷാര്‍ ദേശ്പാണ്ഡേ, മുസ്തഫിസുര്‍ റഹ്‌മാന്‍

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, അസ്മത്തുള്ള ഒമര്‍സായ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ, സ്‌പെന്‍സര്‍ ജോണ്‍സണ്‍.

 

 

Content Highlight: IPL 2024: GT vs CSK: Wriddhiman Saha becomes the first ever wicket keeper to dismiss first two batter of a teem through stumping