നേരത്തെ ട്രോളുകള്‍ കൊണ്ട് മൂടി, ഇന്ന് അവനായി ആര്‍പ്പുവിളിക്കുന്നു; ശിവം 'അണ്‍സ്‌റ്റോപ്പബിള്‍' ദുബെ
IPL
നേരത്തെ ട്രോളുകള്‍ കൊണ്ട് മൂടി, ഇന്ന് അവനായി ആര്‍പ്പുവിളിക്കുന്നു; ശിവം 'അണ്‍സ്‌റ്റോപ്പബിള്‍' ദുബെ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 26th March 2024, 10:46 pm

ചെപ്പോക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന സീസണിലെ ഏഴാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 206 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. സ്വന്തം തട്ടകത്തില്‍ നടക്കുന്ന തങ്ങളുടെ രണ്ടാം മത്സരത്തിലാണ് ചെന്നൈ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്.

ഓപ്പണര്‍മാരായ രചിന്‍ രവീന്ദ്രയും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് അടിത്തറയിട്ട സ്‌കോര്‍ പിന്നാലെയെത്തിയ ശിവം ദുബെ കെട്ടിപ്പൊക്കുകയായിരുന്നു.

രചിന്‍ രവീന്ദ്ര 20 പന്തില്‍ 46 റണ്‍സ് നേടിയപ്പോള്‍ 36 പന്തില്‍ 46 റണ്‍സാണ് ഗെയ്ക്വാദ് നേടിയത്.

ഓപ്പണര്‍മാരായ രണ്ട് താരങ്ങളും അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികിലെത്തി വീണപ്പോള്‍ ശിവം ദുബെയാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. തകര്‍പ്പന്‍ വെടിക്കെട്ടിലൂടെയാണ് ദുബെ അര്‍ധ സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കിയത്.

23 പന്തില്‍ അഞ്ച് സിക്‌സറിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ 51 റണ്‍സാണ് താരം നേടിയത്. 221.74 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

നേരത്തെ ആരാധകര്‍ ട്രോളിയ അതേ കളിശൈലി തന്നെ പുറത്തെടുത്താണ് ദുബെ വെടിക്കെട്ട് നടത്തിയിരിക്കുന്നത്. ‘ക്രീസില്‍ നിന്നിടത്ത് നിന്നും അനങ്ങാത്ത ബാറ്റര്‍’ എന്നായിരുന്നു ആരാധകര്‍ ദുബെയെ വിളിച്ചിരുന്നത്. വേണ്ടത്ര ഫൂട് വര്‍ക്കുകളില്ലാതെ ക്രീസില്‍ തുടരുന്ന താരം അറ്റാക്കിങ് ഷോട്ടുകളിലൂടെയാണ് സ്‌കോര്‍ കണ്ടെത്തിയിരുന്നത്.

ഇപ്പോള്‍ അതേ ശൈലിയില്‍ തന്നെ ബാറ്റ് വീശി ആരാധകരെ കൊണ്ട് കയ്യടിപ്പിക്കുകയാണ് ദുബെ.

അതേസമയം, ചെന്നൈ ഉയര്‍ത്തിയ 207 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സ് നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 80 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. 17 പന്തില്‍ 21 റണ്‍സുമായി സായ് സുദര്‍ശനും 9 പന്തില്‍ 12 റണ്‍സുമായി ഡേവിഡ് മില്ലറുമാണ് ക്രീസില്‍.

 

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, തുഷാര്‍ ദേശ്പാണ്ഡേ, മുസ്തഫിസുര്‍ റഹ്‌മാന്‍

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, അസ്മത്തുള്ള ഒമര്‍സായ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ, സ്‌പെന്‍സര്‍ ജോണ്‍സണ്‍.

 

 

Content Highlight: IPL 2024: GT vs CSK: Shivam Dube’s brilliant batting performance