| Tuesday, 26th March 2024, 10:10 pm

ധോണി കാത്തുവെച്ച ബ്രഹ്‌മാസ്ത്രം; കരിയറിലെ ആദ്യ പന്തില്‍ സിക്‌സറിന് തൂക്കിയത് സാക്ഷാല്‍ റാഷിദ് ഖാനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ തന്റെ ആദ്യ മത്സരത്തിനിറങ്ങിയിരിക്കുകയാണ് സമീര്‍ റിസ്വി. ആഭ്യന്തര തലത്തില്‍ ഉത്തര്‍പ്രദേശിന് വേണ്ടി കളിക്കുന്ന യുവതാരത്തെ 8 കോടി 40 ലക്ഷം രൂപക്കാണ് ചെന്നൈ സ്വന്തമാക്കിയത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ അവസരം ലഭിക്കാതിരുന്ന താരം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ വേള്‍ഡ് ക്ലാസ് സ്പിന്നര്‍ റാഷിദ് ഖാനെതിരെ സിക്‌സര്‍ നേടിയാണ് റിസ്വി തന്റെ ഐ.പി.എല്‍ കരിയറിന് തുടക്കം കുറിച്ചത്.

അടുത്ത പന്തില്‍ ഡബിളോടി സ്‌ട്രൈക്ക് നിലനിര്‍ത്തിയ റിസ്വിക്ക് തൊട്ടടുത്ത പന്തില്‍ റണ്‍സ് നേടാന്‍ സാധിച്ചില്ല. എന്നാല്‍ നേരിട്ട നാലാം പന്തില്‍ റാഷിദ് ഖാനെ വീണ്ടും സിക്‌സറിന് പറത്തിയാണ് റിസ്വി എതിരാളികളെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചത്.

അവസാന ഓവറിലെ മൂന്നാം പന്തില്‍ മോഹിത് ശര്‍മയുടെ പന്തില്‍ ഡേവിഡ് മില്ലറിന് ക്യാച്ച് നല്‍കി താരം പുറത്താവുകയായിരുന്നു.

ആറ് പന്തില്‍ 233.33 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 14 റണ്‍സാണ് റിസ്വി തന്റെ അരങ്ങേറ്റ മത്സരത്തില്‍ നേടിയത്.

റാഷിദ് ഖാനെതിരെ നേടിയ സിക്‌സര്‍ താരത്തെ മറ്റൊരു എലീറ്റ് ലിസ്റ്റിലും കൊണ്ടുചെന്നെത്തിച്ചിരുന്നു. ഐ.പി.എല്ലില്‍ നേരിടുന്ന ആദ്യ പന്തില്‍ സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയിലാണ് താരം ഇടം നേടിയത്.

ഐ.പി.എല്ലിലെ ആദ്യ പന്തില്‍ സിക്‌സര്‍ നേടിയ താരങ്ങള്‍

റോബ് ക്വിനി
കാര്‍ലോസ് ബ്രാത്ത്വെയ്റ്റ്
കെവോണ്‍ കൂപ്പര്‍
ആന്ദ്രേ റസ്സല്‍ സിദ്ധേഷ് ലാഡ്
ജാവോണ്‍ സിയര്‍ലെസ്
അനികേത് ചൗധരി
മഹീഷ് തീക്ഷണ
സമീര്‍ റിസ്വി

അതേസമയം, ആദ്യ ഇന്നിങ്‌സില്‍ 206 റണ്‍സിന്റെ ടോട്ടലാണ് സി.എസ്.കെ നേടിയത്. ശിവം ദുബെയുടെ അര്‍ധ സെഞ്ച്വറിയും രചിന്‍ രവീന്ദ്ര, ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളുമാണ് ചെന്നൈക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.

23 പന്തില്‍ അഞ്ച് സിക്‌സറും രണ്ട് ഫോറും അടക്കം 51 റണ്‍സാണ് ദുബെ അടിച്ചുകൂട്ടിയത്. 221.74 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

രചിന്‍ 20 പന്തില്‍ 46 റണ്‍സ് നേടിയപ്പോള്‍ 36 പന്തില്‍ 46 റണ്‍സാണ് ഗെയ്ക്വാദ് നേടിയത്.

ഗുജറാത്തിനായി റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ സ്‌പെന്‍സര്‍ ജോണ്‍സണ്‍, മോഹിത് ശര്‍മ, രവിശ്രീനിവാസന്‍ സസായ് കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയാണ്. നായകന്‍ ശുഭ്മന്‍ ഗില്ലിനെയാണ് ടൈറ്റന്‍സിന് നഷ്ടമായത്. അഞ്ച് പന്തില്‍ എട്ട് റണ്‍സാണ് താരം നേടിയത്.

നിലവില്‍ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ 28 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ടൈറ്റന്‍സ്. 12 പന്തില്‍ 19 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും ഒരു പന്തില്‍ പൂജ്യം റണ്‍സുമായി സായ് സുദര്‍ശനുമാണ് ക്രീസില്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, തുഷാര്‍ ദേശ്പാണ്ഡേ, മുസ്തഫിസുര്‍ റഹ്‌മാന്‍

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, അസ്മത്തുള്ള ഒമര്‍സായ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ, സ്‌പെന്‍സര്‍ ജോണ്‍സണ്‍.

Content highlight: IPL 2024: GT vs CSK: Sameer Rizvi hits sixer in first ball in his IPL career

We use cookies to give you the best possible experience. Learn more