| Wednesday, 29th May 2024, 9:49 pm

കൊല്‍ക്കത്തയുടെ കിരീടധാരണമില്ല, പകരം ആര്‍.സി.ബിയുടെ വിജയം; ഐ.പി.എല്‍ 2024ലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങള്‍ തെരഞ്ഞെടുത്ത് ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മെയ് 26ന് ചെപ്പോക്കില്‍ സണ്‍റൈസേഴ്സ് ഹൈരാബാദിനെ നിലംപരിശാക്കിക്കൊണ്ടാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐ.പി.എല്‍ 17ാം സീസണിന്റെ ചാമ്പ്യന്‍മാരായത്. ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്ത ഡോമിനന്‍സ് ഫൈനലിലും പുറത്തെടുത്തപ്പോള്‍ ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലാന്‍ഡ് സ്ലൈഡ് വിക്ടറി കൂടിയാണ് പിറവിയെടുത്തത്.

ഇപ്പോള്‍ ഈ സീസണിലെ തന്റെ പ്രിയപ്പെട്ട നിമിഷങ്ങളെ കുറിച്ച് പറയുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്‍ നായകനും നിലവിലെ ടീമിന്റെ മെന്ററുമായ ഗൗതം ഗംഭീര്‍. സ്‌പോര്‍ട്‌സ്‌കീഡക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീര്‍ ഇക്കാര്യം സംസാരിക്കുന്നത്.

സണ്‍റൈസേഴ്‌സിന്റെ ഓപ്പണിങ് കൂട്ടുകെട്ടും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് യുവതാരം മായങ്ക് യാദവിന്റെ ബൗളിങ്ങും തെരഞ്ഞെടുത്ത ഗംഭീര്‍, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ അവിശ്വസനീയമായ തിരിച്ചുവരവിനെയാണ് മൂന്നാമതായി തെരഞ്ഞെടുക്കുന്നത്.

‘ട്രാവിസ് ഹെഡിന്റെയും അഭിഷേക് ശര്‍മയുടെയും ഓപ്പണിങ് കൂട്ടുകെട്ട്, മായങ്ക് യാദവിന്റെ സ്‌പെല്‍ ഒപ്പം തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ വിജയിച്ച റോയല്‍ ചലഞ്ചേഴ്‌സിന്റെ തിരിച്ചുവരവും,’ ഗംഭീര്‍ പറഞ്ഞു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമുള്ള മൂന്ന് പ്രിയപ്പെട്ട നിമിഷങ്ങളെ കുറിച്ച് ചോദിച്ചപ്പോഴും ഗംഭീര്‍ ടീമിന്റെ കിരീട നേട്ടത്തെ കുറിച്ച് സംസാരിച്ചില്ല. പകരം ഫില്‍ സോള്‍ട്ട് – സുനില്‍ നരെയ്ന്‍ ഓപ്പണിങ് കൂട്ടുകെട്ട്, ഒരു ഫിനിഷറെന്ന നിലയില്‍ രമണ്‍ദീപ് സിങ്ങിന്റെ ആരും പാടിപ്പുകഴ്ത്താത്ത സംഭാവനകള്‍, വൈഭവ് അറോറയുടെയും ഹര്‍ഷിത് റാണയുടെയും ഉദയം എന്നിവയാണ് തെരഞ്ഞെടുത്തത്.

എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഐ.പി.എല്ലിലെ ഏറ്റവും സക്‌സസ്ഫുള്ളായി ടീമായി മാറ്റുക എന്നതാണ് അടുത്ത ലക്ഷ്യമെന്നും അതിനായി മൂന്ന് കിരീടങ്ങള്‍ കൂടി സ്വന്തമാക്കണമെന്നും ഗംഭീര്‍ അഭിമുഖത്തില്‍ സംസാരിച്ചു.

‘ഞങ്ങള്‍ മൂന്നാം തവണയും കിരീടം നേടിയിരിക്കുകയാണ്. ഇത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെക്കാളും മുംബൈ ഇന്ത്യന്‍സിനെക്കാളും ഞങ്ങള്‍ക്ക് രണ്ട് കിരീടങ്ങള്‍ കുറവാണ്.

ഐ.പി.എല്ലിലെ ഏറ്റവും മികച്ച ടീമായി മാറാന്‍ ഞങ്ങള്‍ക്കിനിയും മൂന്ന് കിരീടങ്ങള്‍ ആവശ്യമുണ്ട്. ആ നേട്ടത്തിലേക്കുള്ള യാത്ര ഇതിനോടകം തുടങ്ങിക്കഴിഞ്ഞു,’ ഗംഭീര്‍ പറഞ്ഞു.

Content Highlight: IPL 2024: Gautam Gambhir picks his 3 best moments of IPL 2024

We use cookies to give you the best possible experience. Learn more