| Tuesday, 14th May 2024, 6:05 pm

ഡി വില്ലിയേഴ്‌സും പീറ്റേഴ്‌സണും എന്ത് നേടി? ഒന്നും നേടിയിട്ടില്ല, എന്നിട്ടാണ് അവര്‍ ഹര്‍ദിക്കിനെ ക്രൂശിക്കുന്നത്; പിന്തുണച്ച് ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

പുതിയ ക്യാപ്റ്റന് കീഴില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്നുറച്ചാണ് മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്‍ 2024നിറങ്ങിയത്. ഗുജറാത്ത് ടൈറ്റന്‍സിനെ കന്നി സീസണില്‍ തന്നെ ചാമ്പ്യന്‍മാരാക്കുകയും രണ്ടാം സീസണില്‍ കലാശപ്പോരാട്ടം വരെയെത്തിക്കുകയും ചെയ്ത ഹര്‍ദിക്കില്‍ ടീം മാനേജ്‌മെന്റിന് പ്രതീക്ഷകളുമേറെയായിരുന്നു.

എന്നാല്‍ സീസണില്‍ ആദ്യം പുറത്താകുന്ന ടീമായാണ് മുംബൈ ഇന്ത്യന്‍സ് തല കുനിച്ച് നിന്നത്. ഇതിന് പുറമെ ടീമിനുള്ളിലെ പൊട്ടിത്തെറികളും ഡ്രസ്സിങ് റൂമിനെ അലോസരപ്പെടുത്തിയിരുന്നു.

ടീമിന്റെ മോശം പ്രകടനത്തിനും ടീമിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും കാരണം നായകന്‍ ഹര്‍ദിക് പാണ്ഡ്യയാണെന്ന് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സണും പ്രോട്ടിയാസ് ഇതിഹാസവും റോയല്‍ ചലഞ്ചേഴ്‌സ് ഹാള്‍ ഓഫ് ഫെയ്മറുമായ എ.ബി. ഡി വില്ലിയേഴ്‌സും പറഞ്ഞിരുന്നു. ടീമിന്റെ തോല്‍വിക്ക് കാരണം ഹര്‍ദിക്കാണെന്നാണ് ഇവര്‍ വിമര്‍ശിച്ചത്.

ഇപ്പോള്‍ ഡി വില്ലിയേഴ്‌സിനെയും പീറ്റേഴ്‌സണെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററുമായ ഗൗതം ഗംഭീര്‍. ഐ.പി.എല്ലില്‍ ഈ രണ്ട് പേരും ക്യാപ്റ്റനായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും എന്നാല്‍ മറുവശത്ത് ഹര്‍ദിക് ഐ.പി.എല്‍ ട്രോഫി വിജയിച്ച ക്യാപ്റ്റനാണെന്നും ഗംഭീര്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കീഡക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമര്‍ശം.

‘ഇവര്‍ രണ്ട് പേരും ക്യാപ്റ്റന്‍മാരായപ്പോള്‍ ഇരുവരുടെയും പ്രകടനങ്ങള്‍ എപ്രകാരമായിരുന്നു? കെവിന്‍ പീറ്റേഴ്‌സണും എ.ബി. ഡി വില്ലിയേഴ്‌സും ക്യാപ്റ്റന്റെ റോളില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതിനെ കുറിച്ചൊന്നും എനിക്ക് അറിവില്ല. അവരുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മറ്റേത് ക്യാപ്റ്റന്‍മാരെക്കാളും മോശമാണെന്ന് മനസിലാകും.

എ.ബി. ഡി വില്ലിയേഴ്‌സ് ഏതെങ്കിലും ഐ.പി.എല്‍ ടീമിനെ നയിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇനി അഥവാ അദ്ദേഹം ക്യാപ്റ്റനായിട്ടുണ്ടെങ്കില്‍ തന്നെ സ്വന്തം സ്‌കോറിങ്ങിനെ കുറിച്ച് മാത്രം ചിന്തിക്കുകയല്ലാതെ മറ്റെന്തെങ്കിലും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല.

ഹര്‍ദിക് പാണ്ഡ്യ ഇപ്പോഴും ഒരു ഐപി.എല്‍ വിന്നിങ് ക്യാപറ്റനാണെന്ന് ഓര്‍ക്കണം. ഓറഞ്ചിനെ എപ്പോഴും ഓറഞ്ചുമായി തന്നെ താരതമ്യം ചെയ്യണം, ആപ്പിളുമായല്ല,’ താരതമ്യം എപ്പോഴും സമന്‍മാരുമായി വേണമെന്ന നിലയില്‍ ഗംഭീര്‍ തുറന്നടിച്ചു.

സീസണില്‍ ഇനി ഒരു മത്സരം മാത്രമാണ് മുംബൈക്കുള്ളത്. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

Content Highlight: IPL 2024: Gautam Gambhir backs Hardik Pandya

We use cookies to give you the best possible experience. Learn more