| Wednesday, 10th April 2024, 5:29 pm

'എടാ ഇവിടെയും ലേലം വിളിയാണോ?' പുതിയ ക്യാപ്റ്റന് കീഴില്‍ കളിച്ച് സഞ്ജു; ടൈറ്റന്‍സിനെതിരായ മത്സരത്തിന് മുമ്പേ രസക്കാഴ്ചകള്‍ ; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ല്‍ തങ്ങളുടെ അഞ്ചാം മത്സരത്തിനാണ് രാജസ്ഥാനിറങ്ങുന്നത്. സീസണില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ പോയിന്റ് പട്ടികയുടെ തലപ്പത്ത് തുടരുകയാണ് ജയ്പൂരിലെ രാജാക്കന്‍മാര്‍.

കളിച്ച നാല് മത്സരത്തിലും വിജയിച്ചാണ് രാജസ്ഥാന്‍ മുന്നേറുന്നത്. സ്വന്തം തട്ടകത്തില്‍ ലഖ്‌നൗവിനെയും ദല്‍ഹിയെയും ബെംഗളൂരുവിനെയും തോല്‍പിച്ച രാജസ്ഥാന്‍ വാംഖഡെയിലെത്തി മുംബൈ ഇന്ത്യന്‍സിനെയും തോല്‍പിച്ചിരുന്നു.

ടൈറ്റന്‍സിനെതിരായ മത്സരത്തിന് മുമ്പ് രാജസ്ഥാന്‍ ക്യാമ്പില്‍ നടന്ന രസകരമായ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. പ്രാക്ടീസ് സെഷനിടെ താരങ്ങള്‍ ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

റിയാന്‍ പരാഗിനെയും ധ്രുവ് ജുറെലിനെയുമാണ് ഇരു ടീമിന്റെയും ക്യാപ്റ്റന്‍മാരായി തെരഞ്ഞെടുത്തത്. പരാഗ് തന്റെ ടീമിലെ ആദ്യ താരമായി നാന്ദ്രേ ബര്‍ഗറിനെയാണ് തെരഞ്ഞെടുത്തത്. തന്റെ ടീമിലെ ആദ്യ താരമായി രണ്ടാമതൊന്ന് ആലോചിക്കാതെ ജുറെല്‍ സഞ്ജു സാംസണെ വിളിച്ചെടുക്കുകയായിരുന്നു.

ഇതിന് പിന്നാലെ സഞ്ജുവിന്റെ മറുപടിയും രസകരമായിരുന്നു. ഇവിടെയും ലേലം വിളിയാണോ എന്നും പകുതി വീതം താരങ്ങളെ ഓരോ ടീമിലുമായി ഇട്ട് കളിച്ചാല്‍ പോരേ എന്നുമാണ് സഞ്ജു ചോദിച്ചത്.

രണ്ടു ടീമിലെയും ബാക്കി താരങ്ങളെക്കുറിച്ച് വീഡിയോയില്‍ പരാമര്‍ശിക്കുന്നില്ല. മത്സരത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പിന്നീട് വീഡിയോയിലുള്ളത്.

പന്തുമായി ഇടതു വിങിലൂടെ അതിവേഗം കുതിച്ചെത്തിയ സഞ്ജു സെന്ററിലേക്ക് ഒരു മനാഹരമായ പാസ് നല്‍കുന്നത് വീഡിയോയില്‍ കാണാം. പിറകിലേക്കു പാസ് തരാനായി സഞ്ജുവിന്റെ ടീമിലുള്ള ഒരു താരം രാജസ്ഥാന്‍ നായകനോട് ആവശ്യപ്പെട്ടെങ്കിലും അവിടെ തന്നെ നിന്നാല്‍ മതിയെന്നാണ് സഞ്ജു മറുപടി നല്‍കിയത്.

സഞ്ജുവിന്റെ മറുപടി കേട്ട് മറ്റുള്ളവര്‍ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്.

മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം റോവ്മന്‍ പവല്‍ ഗോള്‍ നേടിയിരുന്നു. ഇടംകാലന്‍ ഷോട്ടിലൂടെയാണ് താരം ഗോള്‍ നേടിയത്. ഇതിന് പിന്നാലെ പവലിന്റെ സഹതാരമായ യൂസ്വേന്ദ്ര ചഹല്‍ സെലിബ്രേറ്റ് ചെയ്യുന്നതും വീഡിയോയിലുണ്ട്.

മത്സരത്തില്‍ ആരുടെ ടീം വിജയിച്ചുവെന്നോ എത്ര ഗോള്‍ നേടിയെന്നോ വ്യക്തമല്ല.

അതേസമയം, ഗുജറാത്ത് ടൈറ്റന്‍സിനെയാണ് രാജസ്ഥാന്‍ നേരിടാനൊരുങ്ങുന്നത്. രാജസ്ഥാന്റെ ഹോം സ്‌റ്റേഡിയമായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

നിലവില്‍ അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് ജയവും മൂന്ന് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ടൈറ്റന്‍സ്.

ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ച ഗുജറാത്ത് രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് പരാജയപ്പെട്ടു. ഹോം ഗ്രൗണ്ടായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്സിനോട് ഏഴ് വിക്കറ്റിന് വിജയിച്ച മുന്‍ ചാമ്പ്യന്‍മാര്‍ സ്വന്തം തട്ടകത്തില്‍ പഞ്ചാബിനോടും എതിരാളികളുടെ ഹോം ഗ്രൗണ്ടില്‍ ലഖ്നൗവിനോടും പരാജയപ്പെട്ടു.

രാജസ്ഥാനെതിരെ ജയിച്ച് ഒരു മികച്ച തിരിച്ചുവരവിനാണ് ടൈറ്റന്‍സ് ഒരുങ്ങുന്നത്.

Content Highlight: IPL 2024: Funny video from Rajasthan Royals camp goes viral

We use cookies to give you the best possible experience. Learn more